ADVERTISEMENT

ടെലിവിഷനിലെ ഒരു വർക്കുമായി ബന്ധപ്പെട്ടാണ് ഞാൻ അദ്ദേഹത്തെ ആദ്യമായി പരിചയപ്പെടുന്നത്. ഞങ്ങളൊരുമിച്ച് കൂടുതൽ വർക്ക് ചെയ്തിട്ടുള്ളതും അതിൽ തന്നെയാണ്‌. പുറമെ പരുക്കനാണെന്ന് തോന്നിപ്പിക്കുമെങ്കിലും ഒന്ന് അടുത്താൽ നമ്മളെ മറ്റൊരു ലോകത്ത് അദ്ദേഹം എത്തിക്കുമായിരുന്നു. അത്രയും എനർജറ്റിക്കും സിംപിളുമായ ഒരാൾ. അദ്ദേഹം പറയുന്ന തമാശകൾ ഒരിക്കലും പറയാൻ വേണ്ടി പറഞ്ഞ തമാശകൾ ആയിരുന്നില്ല. തമാശകൾ എല്ലാം സിറ്റുവേഷനനുസരിച്ച് ആണ് അദ്ദേഹം പറയാറുള്ളതും.

 

അദ്ദേഹത്തിന്റെ മരണ വാർത്ത കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടിപ്പോയി. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്തിട്ടുള്ള എല്ലാവർക്കും ഇത് ഒരു ഷോക്ക് ആയിട്ടുണ്ട്  എന്നാണ് എനിക്ക് തോന്നുന്നത്. കാരണം എല്ലാവർക്കും നല്ല ഓർമകൾ മാത്രം സമ്മാനിച്ച കടന്നുപോയ ഒരാളാണ് അദ്ദേഹം. മാത്രമല്ല അദ്ദേഹത്തിൽ നിന്നും ഒരു ചീത്ത അനുഭവം ഒരിക്കലും ഒരാൾക്കും ഉണ്ടാവാനുമിടയില്ല.

 

സിനിമയിലായാലും ടെലിവിഷനിലായാലും അഭിനേതാക്കൾ പലപ്പോഴും അവരുടെ ജോലി തീർത്ത പോവുകയാണ് പതിവ്. അവരിൽ ചുരുക്കം ചിലർ മാത്രമാണ് അണിയറ പ്രവർത്തകർക്കിടയിൽ സജീവമാകാറുള്ളത്. അദ്ദേഹം സെറ്റിൽ എത്തിയാൽ അതിപ്പോൾ സിനിമയിലായാലും സീരിയലിലായാലും അവിടെയുള്ള എല്ലാ ടെക്നീഷ്യന്മാരോടും വിശേഷങ്ങൾ ചോദിക്കുകയും അവരോടൊപ്പം ഇരിക്കുകയും ചെയ്തിരുന്ന ഒരാളായിരുന്നു കൊച്ചു പ്രേമൻ ചേട്ടൻ. അവർ വിഷമിച്ചിരിക്കുന്നത് കണ്ടാൽ അടുത്ത് ചെന്ന് തമാശയൊക്കെ പറഞ്ഞ് ചിരിപ്പിക്കുന്ന, ഒരു പോസിറ്റീവ് എനർജി പകരുന്ന ഒരു നല്ല മനുഷ്യനായിരുന്നു അദ്ദേഹം. പലപ്പോഴും അതിന് എനിക്കും ഭാഗ്യം കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ എനർജി കണ്ട് വീണ്ടും വർക്ക് ചെയ്യാനുള്ള ഊർജം കണ്ടെത്തി ചെയ്തിട്ടുള്ള ഒട്ടേറെ അനുഭവങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്. 

 

തിളക്കത്തിലാണ് ഞങ്ങൾ ഒരുമിച്ച് ഒരുപാട് നേരം വർക്ക് ചെയ്തത്. ആ സിനിമയിൽ അദ്ദേഹത്തിന് ഒരു മുഴുനീള ക്യാരക്ടറായിരുന്നു. തിളക്കത്തില്‍ അദ്ദേഹം ഓടി ഒരു തോട്ടിലേക്ക് ചാടുന്ന രംഗം ചിത്രീകരിക്കേണ്ടത് ഉണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്ത് ഞാൻ അദ്ദേഹത്തോട് 'ഓടാൻ പറ്റുമോ, ഫ്രെയിമുകൾ ഞാൻ അഡ്ജസ്റ്റ് ചെയ്തു വെക്കണോ' എന്നൊക്കെ ചോദിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മറുപടി എന്നെ അതിശയിപ്പിച്ചു. 'നിങ്ങളൊക്കെ വെയിലത്തിരുന്നല്ലേ വർക്ക് ചെയ്യുന്നേ, പിന്നെ കാശു മേടിച്ചിട്ട് ഞങ്ങളെ പോലെയുള്ള നടന്മാർക്കത് ചെയ്യാൻ പറ്റില്ല എന്നു പറഞ്ഞാൽ അത് ശരിയാവില്ല' എന്നുപറഞ്ഞ് അദ്ദേഹം അഭിനയിക്കുകയായിരുന്നു. സത്യം പറഞ്ഞാൽ ഞങ്ങളാ രംഗം എടുക്കുമ്പോൾ ഞെട്ടിപ്പോയി. എങ്ങനെ അദ്ദേഹം അവിടെ മുങ്ങി നിൽക്കും എന്നുള്ള സംശയം എനിക്കുണ്ടായിരുന്നു. സംവിധായകൻ ആ സീനിൽ കട്ട് പറഞ്ഞതുമില്ല. എന്നാൽ അദ്ദേഹത്തിന്റെ ടൈമിങ് വളരെ കൃത്യമായിരുന്നു.

 

അതിൽ തന്നെ ആനയുടെ പുറത്ത് കയറുന്ന ഒരു ഒരു രംഗം ഉണ്ടായിരുന്നു. അത് എങ്കിലും ഡ്യൂപ്പിനെ വച്ച് ചെയ്യാമെന്ന് പറഞ്ഞിട്ട് അദ്ദേഹം അതിനും സമ്മതിച്ചില്ല. 'എനിക്ക് ചെയ്യാൻ പറ്റുന്നത് അത്രയും ചെയ്യാം, ക്യാമറയിൽ അത് ഓക്കെ ആവുമോ എന്ന ഭയമേ ഉള്ളു.' എന്ന് പറഞ്ഞു ഡ്യൂപ്പില്ലാതെ അതും അദ്ദേഹം തന്നെ ചെയ്തു.

 

ഫ്രെയിമിനുള്ളിൽ നിൽക്കുമ്പോൾ തന്നെ അദ്ദേഹം നമുക്ക് മുന്നിൽ നേരിട്ട് നിൽക്കുന്ന പ്രതീതി ഉളവാക്കാൻ പലപ്പോഴും ശ്രദ്ധിക്കുന്ന ഒരാളായിരുന്നു അദ്ദേഹം എന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. സീനിലെ തമാശകൾ പലതും നാച്ചുറൽ ആയിട്ട് തന്നെയാണ് അദ്ദേഹം ചെയ്തിരുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിൽ നിന്ന് ഞങ്ങളൊക്കെ ചിരിക്കാറും ഉണ്ടായിരുന്നു. 

 

സിനിമകളിൽ വർക്ക് ചെയ്യുമ്പോൾ ടെക്നിക്കലി നന്നാക്കാനായി ഒരു റീടേക്ക് ചിലപ്പോൾ പറയേണ്ട വരാറുണ്ട്. നമ്മൾ അത് പറയുമ്പോൾ പല ആർട്ടിസ്റ്റുകളുടെയും മുഖത്ത് 'ഇനി വേണമോ, എവിടെയാണ് തെറ്റിയത് എന്ന് ഒരു ഭാവം കാണാറുണ്ട്'. പലപ്പോഴും തുടക്കകാലത്ത് അത് കണ്ണുകളിൽ ആണത് പ്രകടിപ്പിക്കുന്നത് എങ്കിൽ സക്സസ് ആയി കഴിഞ്ഞാൽ ചിലരൊക്കെ വിമുഖത പ്രകടിപ്പിക്കുന്നതും കണ്ടിട്ടുണ്ട്. എന്നാൽ ഫീൽഡിൽ വന്നിട്ട് ഇത്ര കാലം ആയിട്ടും റീടേക്ക് എന്നുപറഞ്ഞ് അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിയാൽ 'ഒന്നുകൂടി വേണമെങ്കിൽ എടുക്കാം, ഞാൻ റെഡിയാണ്' എന്ന ഭാവമാണ് പലപ്പോഴും കണ്ടിട്ടുള്ളത്. അത് നമുക്ക് തരുന്ന ഊർജ്ജം വളരെ വലുതുമാണ്. മാത്രമല്ല ഇടവേളകളിൽ ഞങ്ങളുടെ എല്ലാം അടുത്തു വരികയും നമ്മുടെ ആരോഗ്യത്തെ പറ്റിയൊക്കെ സംസാരിക്കുകയും ചെയ്തിരുന്ന ഒരാളായിരുന്നു അദ്ദേഹം. അങ്ങനെയുള്ളവർ വളരെ കുറവാണ്. അദ്ദേഹത്തിന്റെ ഭാര്യയും വളരെ നല്ല അഭിനേത്രിയാണ്. 

 

ഭാരത് ഭവനിൽ പോയി ഞാനിപ്പോൾ അദ്ദേഹത്തെ കണ്ടിട്ടാണ് വരുന്നത്. മരിച്ചു കിടക്കുന്നത് പോലെ തോന്നുന്നെയില്ല. നല്ല ഒരു മയക്കത്തിലാണ് അദ്ദേഹം എന്നാണ് എനിക്ക് തോന്നുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com