ADVERTISEMENT

ഡയോരമ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള ഗോൾഡൻ സ്പാരോ അവാർഡ് കരസ്ഥമാക്കി അനുമോൾ. ‘തയ’ എന്ന സംസ്കൃത ചിത്രത്തിലെ അഭിനയത്തിനാണ് നടിക്ക് പുരസ്കാരം.

 

‘‘രാവിലെ കണ്ണുതുറന്ന് കാണുന്നത് തന്നെ അവാർഡ് ലഭിച്ചു എന്ന മെസ്സേജ് കണ്ടു കൊണ്ടാണ്. വളരെ സന്തോഷം തോന്നി. അവാർഡുകൾക്കായി സിനിമ അയയ്ക്കുന്നുണ്ട് എന്ന് അറിഞ്ഞിരുന്നു. എന്നാൽ കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. സത്യത്തിൽ അവാർഡ് വാർത്ത അറിഞ്ഞപ്പോൾ മനസ്സിൽ വന്നത് ആ ഷൂട്ടിന്റെ സമയത്ത് ഉണ്ടായ അനുഭവങ്ങൾ ആയിരുന്നു. താത്രിക്കുട്ടിയുടെ അനുഭവകഥയിൽ നിന്നും പ്രചോദനം കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സംവിധായകനായ ജി. പ്രഭ ലയോള കോളജിലെ സംസ്കൃത അധ്യാപകനും എച്ച്ഒ‍‍ഡിയും ആയിരുന്നു. സംസ്കൃതം ഞാൻ പഠിച്ചിട്ടില്ല. ആ ഭാഷ പഠിച്ചു പറയാൻ രണ്ടുമാസം മുൻപേ സ്ക്രിപ്റ്റ് തന്നു. ഒരു മനയിൽ ആയിരുന്നു അത് ഷൂട്ട് ചെയ്തത്. അന്നത്തെ കാലത്ത് സ്ത്രീകൾ അനുഭവിച്ച കുറെ ദുഃഖങ്ങളും സങ്കടങ്ങളും ഒക്കെ അതിൽ ചിത്രീകരിച്ചിട്ടുണ്ട്.  ഇന്ന് നമ്മൾ അതിൽ നിന്നും ഒരുപാട് മുന്നോട്ടു പോയിട്ടുണ്ട് എന്ന് പറഞ്ഞാലും ചില കാര്യങ്ങൾ ഇപ്പോഴും നമ്മൾ പിന്നിൽ തന്നെയാണ് എന്ന് കൂടി ഈ സിനിമ സൂചിപ്പിക്കുന്നുണ്ട്.

 

ഈ സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മറ്റ് വർക്കുകളിലേക്ക് പോയിരുന്നു. എന്നാൽ ഇടയ്ക്ക് പട്ടണം റഷീദ് ഇക്കയെ കണ്ടപ്പോൾ അദ്ദേഹം 'ആ വേഷം നന്നായി ചെയ്തിട്ടുണ്ട്' എന്ന് പറഞ്ഞു. നല്ല വേഷങ്ങൾ നന്നായി ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എപ്പോഴും അതിനു വേണ്ടി ശ്രമിക്കാറുമുണ്ട്. പക്ഷേ ഒരു അഭിനേത്രി എന്ന നിലയിൽ അവാർഡ് കിട്ടുക എന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്. നമ്മുടെ വർക്കിനെ അംഗീകരിക്കുന്നതാണല്ലോ അവാർഡുകൾ. പിന്നെ കഥ പറയാൻ വരുന്നവർ അവാർഡ് സിനിമയാണ് എന്ന് പറഞ്ഞ് കഥ പറയുമ്പോൾ, ഞാനവരോട് അവാർഡ് കിട്ടിയാൽ മാത്രമല്ലേ അവാർഡ് സിനിമ ആവുകയുള്ളൂ തിരിച്ചു ചോദിക്കാറുണ്ട്. പിന്നെ അവാർഡ് കിട്ടിയാലും ഇല്ലെങ്കിലും ചെയ്യുന്ന പണി വൃത്തിയായി ചെയ്യണം എന്നതാണ് പ്രധാനം. അതിനു വേണ്ടി ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്.’’–അനുമോള്‍ പറഞ്ഞു.

 

പ്രസിദ്ധമായ കുറിയേടത്ത് താത്രിയുടെ 'സ്മാര്‍ത്തവിചാരം' ആണ് തയ സിനിമയുടെ പ്രമേയം. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും കാലം പുരോഗമിച്ചിട്ടും കുറവുണ്ടായിട്ടില്ലെന്നത് സിനിമയില്‍ ചര്‍ച്ച ചെയ്യുന്നു. നെടുമുടി വേണുവും അനുമോളുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, ബാബു നമ്പൂതിരി, പള്ളിപ്പുറം സുനില്‍, കൃഷ്ണന്‍ വടശ്ശേരി, രേവതി, ഉത്തര, മീനാക്ഷി, ആദിദേവ്, ആനിജോയന്‍, നന്ദകിഷോര്‍, ഗിരീഷ് സോപാനം എന്നിവരും വേഷമിടുന്നു. സണ്ണി ജോസഫാണ് ഛായാഗ്രഹണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com