ADVERTISEMENT

ഇരുന്നൂറ് കോടി ക്ലബ്ബിൽ കയറാൻ ദൃശ്യം 2 ഹിന്ദി റീമേക്ക്. ഇതുവരെ 190 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. താനാജിക്കു ശേഷം അജയ് ദേവ്ഗണ്ണിന്റേതായി 200 കോടി ക്ലബ്ബിലെത്തുന്ന രണ്ടാമത്തെ ചിത്രമാകാൻ ഒരുങ്ങുകയാണ് ദൃശ്യം 2.

 

ദൃശ്യം 2 മലയാളവും, സിനിമയുടെ തെലുങ്ക്, കന്നഡ റീമേക്കുകളും ഒടിടിയിലൂടെയായിരുന്നു റിലീസിനെത്തിയത്. ദൃശ്യം 2 റീമേക്ക് പതിപ്പുകളിൽ തിയറ്ററിലെത്തുന്ന ഒരേയൊരു ചിത്രവും ദൃശ്യം 2 ഹിന്ദി പതിപ്പാണ്. ടി സീരിസും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നു നിർമിക്കുന്ന സിനിമയുടെ കോ പ്രൊഡ്യൂസേഴ്സ് ആണ് ആന്റണി പെരുമ്പാവൂരും ആശീർവാദ് സിനിമാസും. 50 കോടി ബജറ്റിൽ നിർമിച്ച സിനിമ ഇപ്പോൾ തന്നെ മുതൽമുടക്ക് പിന്നിട്ടു കഴിഞ്ഞു. 

 

ദൃശ്യം ഹിന്ദി ആദ്യ പതിപ്പിന്റെ ആഗോള കലക്‌ഷൻ 147 കോടിയായിരുന്നു. 37 കോടിയായിരുന്നു ആദ്യ ഭാഗത്തിന്റെ മുതൽ മുടക്ക്. അജയ് ദേവ്ഗൺ ചിത്രങ്ങളിൽ ഏറ്റവും ലാഭം നേടുന്ന ചിത്രമാകും ദൃശ്യം 2. വിദേശത്തു നിന്നും 47 കോടിയാണ് ചിത്രത്തിന്റെ കലക്‌ഷൻ.ബോളിവുഡിൽ സൂപ്പർഹിറ്റ് ചാർട്ടിലേക്ക് കുതിക്കുകയാണ് ദൃശ്യം. ആദ്യദിനം 15 കോടി കലക്‌ഷൻ ലഭിച്ചിരുന്നു.

 

ഈ വർഷം ബ്രഹ്മാസ്ത്രയ്ക്കും ഭൂൽ ഭുലയ്യ 2വിനും ലഭിച്ച അതേ വരവേല്‍പ് ആണ് ദൃശ്യം 2വിനും ബോളിവുഡിൽ നിന്നും ലഭിക്കുന്നത്. ചിത്രം 300 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.

 

അഭിഷേക് പത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദൃശ്യം രണ്ടാം ഭാഗത്തിൽ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിനെന്ന കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. അജയ് ദേവ്ഗൺ–അക്ഷയ് ഖന്ന താരങ്ങളുടെ അഭിനയപ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം.

 

ഹിന്ദിയിൽ വിജയ് സൽഗനോകർ എന്നാണ് ജോർജ്കുട്ടിയുടെ പേര്. റാണി, നന്ദിനി ആകുന്നു. അനുവും അഞ്ജുവും അതുപോലെ തന്നെ പേരുകളിൽ മാറ്റമില്ലാതെ തുടരുന്നു. ആശ ശരത് അവതരിപ്പിച്ച ഗീത പ്രഭാകറായി ഹിന്ദിയിൽ തബു എത്തുന്നു. രജത് കപൂർ ആണ് തബുവിന്റെ ഭർത്താവിന്റെ വേഷത്തില്‍. സുധീർ കെ. ചൗദരി ആണ് ഛായാഗ്രഹണം. സംഗീതം ദേവി ശ്രീ പ്രസാദ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com