ADVERTISEMENT

വി.ജെ. ജയിംസ് എഴുതി പല പതിപ്പ് പുറത്തിറങ്ങിയ നോവലാണ് 'ലെയ്ക്ക'. 2006 ൽ ആദ്യപതിപ്പ് പുറത്തിറങ്ങിയ, ലാൽ ജോസ് ഉൾപ്പെടെ പലരും സിനിമായാക്കാൻ താൽപര്യപ്പെട്ട ആ നോവലിന്റെ പേരിൽ, മറ്റൊരു കഥയിൽ 'ലെയ്ക്ക' എന്ന സിനിമ ജനുവരിയിൽ തിയറ്ററുകളിലെത്തുകയാണ്. പ്രശസ്ത നേത്രശസ്ത്രക്രിയാ വിദഗ്ധനും മികച്ച ഹ്രസ്വചിത്രത്തിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം നേടിയിട്ടുള്ള ആളുമായ ആഷാദ് ശിവരാമന്റെ ആദ്യ സിനിമയാണ് 'ലെയ്ക്ക'. ഇവിടെ പേരിന്റെ പേരിൽ വിവാദമൊന്നുമുണ്ടാക്കാതെ പരസ്പരധാരണയിലെത്തിയിരിക്കുകയാണ് നോവലിസ്റ്റും സംവിധായകനും.  

 

വി.ജെ. ജയിംസിന്റെ 'ലെയ്ക്ക', ബഹിരാകാശത്തേക്ക് അയയ്ക്കപ്പെട്ട നായയുടെ യഥാർഥ കഥയാണെങ്കിൽ ആഷാദ് ശിവരാമൻ സംവിധാനം ചെയ്യുന്ന 'ലെയ്ക്ക' തിരുവനന്തപുരത്തെ ഒരു പാവം വളർത്തുനായയുടെ കഥയാണ്. നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വി.ജെ. ജയിംസ് ഫെയ്സ് ബുക്കിൽ ഇതേപ്പറ്റി ഒരു പോസ്റ്റിട്ടിരുന്നു. താൻ നോവലിനുപയോഗിച്ച പേര് സിനിമയ്ക്ക് ഉപയോഗിക്കുന്നതു ചൂണ്ടിക്കാട്ടി അങ്ങനെ ഉപയോഗിക്കുന്നതിൽ നിയമപരമായ തെറ്റൊന്നുമില്ലെന്നും ഇനി ആ പേരിൽ തന്റെ നോവൽ സിനിമയാക്കാനാകില്ലെന്ന നിസ്സഹായാവസ്ഥ മാത്രമാണുള്ളതെന്നും ജയിംസ് പറയുന്നു. തന്റെ 'ചോരശാസ്ത്രം' എന്ന നോവലിന്റെ പേര് ഹ്രസ്വചിത്രത്തിന്റെ പേരായി മാറിയതും പ്രശസ്തമായ ചില സിനിമകളുടെ പേരുകൾ താൻ കഥകൾക്ക് പേരായി സ്വീകരിച്ചതും ജയിംസ് പരാമർശിക്കുന്നുണ്ട്. 

 

ഈ കുറിപ്പിനു മറുപടിയായി ആഷാദ് ശിവരാമൻ തന്റെ വീക്ഷണങ്ങളും ഫെയ്സ്ബുക്കിൽ പങ്കുവച്ചു. തങ്ങൾ ആവശ്യപ്പെടാതെതന്നെ നോവലിന്റെ പേര് സിനിമയ്ക്കിടുന്നതിൽ പരാതിയൊന്നുമില്ലെന്നു വ്യക്തമാക്കിയ വി.ജെ. ജെയിംസിന്റെ കഥ അദ്ദേഹം ആഗ്രഹിക്കുന്ന പോലെ 'ലെയ്ക്ക' എന്ന പേരിൽ തന്നെ സിനിമയായി പിന്നീട് പുറത്തിറക്കിയാലും തങ്ങൾക്ക് യാതൊരു പരാതിയുമുണ്ടാകില്ലെന്ന് ആഷാദ് ഉറപ്പുനൽകുന്നു. 

 

‘‘റഷ്യയിൽ നിന്ന് ആദ്യമായി ബഹിരാകാശത്തേക്ക് അയച്ച ലെയ്ക്കയുടെ ജീവിതം പ്രതിപാദിക്കുന്ന അദ്ദേഹത്തിന്റെ കഥ വായിച്ചു. മനോഹരവും വികാരനിർഭരവുമാണ്. ഞങ്ങളുടെ ലെയ്ക്കയാകട്ടെ,കോട്ടും, സൂട്ടുമിട്ട് റഷ്യയിൽ പോയി ജീവിക്കാൻ പറ്റിയെങ്കിൽ എന്നാഗ്രഹിക്കുന്ന, എന്നാൽ ഒരു ലുങ്കി പോലും ഉടുക്കാനില്ലതെ തിരുവനന്തപുരത്ത് ജീവിക്കേണ്ടിവരുന്ന സാധാരണ മലയാളി നായയാണ്. അതു വി.ജെ. ജെയിംസിന്റെയും ഇത് ആഷാദ്  ശിവരാമന്റെ യും ലെയ്ക്കയായി നിലനിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. സാങ്കേതിക കുഴപ്പങ്ങൾ ഉണ്ടെങ്കിൽ നമുക്ക് ഒരുമിച്ച് ഒഴിവാക്കാൻ ശ്രമിക്കാം.എന്റെ കയ്യിൽ മാത്രം ഒതുങ്ങുന്നതല്ല ഈ ലോകം. അത് നമ്മുടേതാണ്.’’- ആഷാദ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com