ADVERTISEMENT

റോഷാക്ക് സിനിമയുടെ വിജയത്തിൽ നടൻ ആസിഫ് അലിക്ക് റോളക്‌സ് വാച്ച് സമ്മാനിച്ച് മമ്മൂട്ടി. സിനിമയുടെ വിജയാഘോഷ പരിപാടിക്കിടെയാണ് ആസിഫ് അലിയെ ഞെട്ടിച്ച മമ്മൂട്ടിയുടെ സമ്മാനപ്രഖ്യാപനം നടന്നത്. തമിഴ് സിനിമ ‘വിക്രം’ വൻ വിജയമായപ്പോള്‍ കമല്‍ഹാസൻ സൂര്യയ്ക്ക് റോളക്സ് വാച്ച് വാങ്ങിച്ചുകൊടുത്തിരുന്നല്ലോ എന്ന് പറഞ്ഞാണ് മമ്മൂട്ടി സമ്മാനത്തെക്കുറിച്ച് സൂചന നല്‍കിയത്.

‘‘കമൽഹാസൻ സൂര്യയ്ക്ക് റോളക്സ് വാച്ച് നൽകിയ വാർത്ത കണ്ടിരുന്നു. ആ പടത്തിന് 500 കോടിയാണ് കലക്‌ഷൻ കിട്ടിയത്. അതിൽനിന്നു പത്തോ പതിനഞ്ചോ ലക്ഷം കൊടുത്ത് ഒരു വാച്ച് മേടിച്ചു കൊടുത്തു. ഞാൻ ചുമ്മാ പറഞ്ഞതാണ് കേട്ടോ. ഭയങ്കര വിലയാകും ആ വാച്ചിന്. ആസിഫ് എന്നോട് ചോദിച്ചത് റോളക്സ് വാച്ച് വാങ്ങിച്ചു തരുമോ എന്നാണ്, റോളക്സ്.’’– മമ്മൂട്ടിയുടെ വാക്കുകൾക്കു പിന്നാലെ വേദിയിലേക്ക് റോളക്സ് വാച്ച് എത്തുകയായിരുന്നു. ആസിഫ് അലിക്ക് അപ്രതീക്ഷിതമായിരുന്നു അത്. ‘എന്തെങ്കിലും പറയൂ’ എന്ന് അവതാരക അഭ്യര്‍ഥിച്ചപ്പോള്‍ സന്തോഷം പ്രകടിപ്പിക്കുക മാത്രം ചെയ്‍ത് ആസിഫ് അലി സ്റ്റേജ് വിട്ടിറങ്ങുകയായിരുന്നു.

റോഷാക്ക് വിജയാഘോഷ വേദിയിലെ നടൻ ദുൽഖർ സൽമാന്‍റെ സാന്നിധ്യവും ഏറെ ശ്രദ്ധേയമായി. നേരത്തേ, റോഷാക്കിലെ ആസിഫലിയുടെ പ്രകടനത്തെ പ്രശംസിച്ച് മമ്മൂട്ടി രംഗത്തെത്തിയിരുന്നു. ആസിഫ് അവതരിപ്പിച്ച നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രം മുഖം മറച്ചാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ‘‘ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരത്തിനപ്പുറത്തേക്ക് അയാളുടെ മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിക്കാൻ തയ്യാറായ ആളെ മുഖം കൊണ്ട് അഭിനയിച്ച ആൾക്കാരെക്കാൾ റെസ്പെക്ട് ചെയ്യണം. അയാൾക്ക് ഒരു കയ്യടി വേറെ കൊടുക്കണം’’ എന്നാണ് മമ്മൂട്ടി ആസിഫ് അലിയെ പ്രശംസിച്ച് പറഞ്ഞത്.

‘‘മനുഷ്യന്റ ഏറ്റവും എക്സ്പ്രസീവായ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകൾ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്, സൂക്ഷിച്ച് നോക്കണം. കണ്ണുകളിലൂടെയാണ് ആസിഫ് ഈ സിനിമയിലുണ്ടെന്ന് ആളുകൾക്കു മനസ്സിലായത്. അത്രത്തോളം ആ നടൻ കണ്ണ് കൊണ്ട് ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ഞങ്ങൾക്കെല്ലാം വികാരം പ്രകടിപ്പിക്കാൻ മറ്റ് അവയവങ്ങളെല്ലാമുണ്ടായിരുന്നെങ്കിൽ ആസിഫിന് കണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ’’- മമ്മൂട്ടി കൂട്ടിച്ചേർത്തു.

നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്കിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ ദുരൂഹതയാണ്. കഥാപാത്രങ്ങൾ കടന്നുപോകുന്നത് അതിസങ്കീർണമായ അവസ്ഥയിലൂടെയുമാണ്. പേടി തോന്നും വിധത്തിലുള്ള അപരിചിതത്വം നിറഞ്ഞ ലൂക്ക് ആന്റണിയായി പുതിയൊരു മമ്മൂട്ടിയെ റോഷാക്കിൽ കണ്ടു. പ്രേക്ഷകരിൽ ഭയം ജനിപ്പിക്കുന്ന അഭിനയമാണ് ബിന്ദു പണിക്കർ കാഴ്ചവച്ചത്. ജഗദീഷുമായുള്ള കോംബിനേഷൻ സീനിൽ ബിന്ദു പണിക്കരുടെ ഡയലോഗും അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മമ്മൂട്ടിക്കൊപ്പമുള്ള തീവ്രവൈകാരിക സന്ദർഭങ്ങളിൽ ഗ്രേസ് ആന്റണിയും മികച്ചു നിന്നു. സഞ്ജു ശിവറാം, ജഗദീഷ്, ഷറഫുദ്ദീൻ, മണി ഷൊർണൂർ, കോട്ടയം നസീർ ഇവരെല്ലാം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. റിയാസ്, ശ്രീജ രവി, കീരിക്കാടൻ ജോസ്, ഗീതി സംഗീത, ജിലു ജോസഫ്, ജോർഡി പൂഞ്ഞാർ, സീനത്ത് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com