എന്റെ അറിവില്ലാതെയാണ് ബാല ആ സംഭാഷണം ടെലികാസ്റ്റ് ചെയ്തത്: എൽദോ ഐസക്ക്

eldho-issac
SHARE

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമ കരിയറിലെ മികച്ച ഒരു സിനിമ അനുഭവം ആയിരുന്നുവെന്ന് ഛായാഗ്രാഹകനായ എൽദോ ഐസക്ക്. തന്റെ അറിവോ സമ്മതോ കൂടാതെയാണ് താനുമായുള്ള ഫോൺ സംഭാഷണം ബാല ടെലികാസ്റ്റ് ചെയ്തതെന്നും എൽദോ പറയുന്നു. ‘‘എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ബാലയുമായി നടത്തിയ സ്വകാര്യ സംഭാഷണമാണ്. എന്റെ അറിവോ സമ്മതമോ കൂടാതെയാണ് ലൈവ് ടെലികാസ്റ്റ് ചെയ്യപ്പെട്ടത്. സിനിമാട്ടോഗ്രാഫർ എന്ന നിലയിൽ എന്റെ കരിയറിലെ മികച്ച ഒരു സിനിമ അനുഭവം ആയിരുന്നു ഷെഫീക്കിന്റെ സന്തോഷം.’’–എല്‍ദോ പറയുന്നു.

‘‘നമസ്കാരം...കുറച്ചു മണിക്കൂറുകളായി ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയിൽ പ്രചരിക്കുന്ന എന്റെ ഫോൺ സംഭാഷണം ഒരു ചാനലിനോ, ഓൺലൈൻ മീഡിയയ്ക്കോ കൊടുത്ത ഇന്റർവ്യൂവിന്റെ ഭാഗമായിട്ടുള്ളത് അല്ല. എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ബാലയുമായി നടത്തിയ സ്വകാര്യ സംഭാഷണമാണ്. എന്റെ അറിവോ സമ്മതമോ കൂടാതെയാണ് ലൈവ് ടെലികാസ്റ്റ് ചെയ്യപ്പെട്ടത്. സിനിമ വ്യവസായത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഞാൻ മനഃപൂർവമായി ആരെയും തേജോവധം ചെയ്യാനും തരംതാഴ്ത്തി കാണിക്കാൻവേണ്ടിയും നാളിതുവരെ പ്രവർത്തിച്ചിട്ടില്ല. 

സിനിമാട്ടോഗ്രാഫർ എന്ന നിലയിൽ എന്റെ കരിയറിലെ മികച്ച ഒരു സിനിമ അനുഭവം ആയിരുന്നു ഷെഫീക്കിന്റെ സന്തോഷം. ആയതിനാൽ തന്നെ ഈ സിനിമയുടെ മുന്നണിയിൽ പ്രവർത്തിച്ചവരും പിന്നണിയിൽ പ്രവർത്തിച്ചവരും എന്റെ അടുത്ത സ്നേഹിതരും പ്രിയപ്പെട്ടവരും ആണ്. ഒരു കുടുംബത്തിനകത്ത് എന്നതുപോലെ പരിഹരിക്കേണ്ടിയിരുന്ന കാര്യത്തിനെ പൊതുജനത്തിനിടയിലേക്ക് എത്തിച്ചത്തിൽ മനസ്സ് അറിയാതെയാണെങ്കിലും ഞാനും ഭാഗമാകേണ്ടി വന്നതിൽ അതിയായ ഖേദം പ്രകടിപ്പിക്കുന്നു. 

30 ദിവസം കേരളത്തിൽ ഷൂട്ട്‌ പ്ലാൻ ചെയ്ത ഷെഫീക്കിന്റെ സന്തോഷം എന്നാ സിനിമ 21 ദിവസം കൊണ്ട് ഞങ്ങൾ പൂർത്തീകരിച്ചിരുന്നു. എന്റെ മുൻ സിനിമകളും ഇത്തരത്തിൽ തന്നെ ഷെഡ്യൂൾ പ്ലാൻ ചെയ്ത ദിവസങ്ങൾക്കു മുൻപ് തീർത്തിട്ടുള്ളതാണ്. മുൻപും പറഞ്ഞു ഉറപ്പിച്ചിട്ടുള്ള പ്രതിഫലത്തിൽ നിന്നും പല വിട്ടുവീഴ്ചകളും ചെയ്തിട്ടുമുണ്ട്. ഈ സിനിമയുടെ ആവശ്യങ്ങൾക്ക് അല്ലാതെ പ്രൊഡക്‌ഷന്റെ ചിലവിൽ ഒരു ദിവസം പോലും യാത്ര ചെയ്യുകയോ ഹോട്ടലിൽ താമസിക്കുകയോ ചെയ്തിട്ടില്ല. ബാലയുടെ അഭിമുഖത്തിനു ശേഷം വസ്തുതാ വിരുദ്ധമായ പല പ്രസ്താവനകളും സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്നുണ്ട്. തീർത്തും അപലപനീയം എന്നേ പറയാൻ സാധിക്കു... ഈ സിനിമയിൽ പ്രവർത്തിച്ച എല്ലാവരോടും എന്റെ ഖേദം പ്രകടിപ്പിക്കുന്നു.’’–എൽദോ പറഞ്ഞു.

ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ സംവിധായകനും ക്യാമറാമാനും മറ്റു ടെക്‌നീഷ്യൻമാർക്കും നിർമാതാവായ ഉണ്ണി മുകുന്ദൻ പ്രതിഫലം നൽകിയില്ലെന്നും തന്നെയും ഉണ്ണി വഞ്ചിച്ചുവെന്നുമായിരുന്നു ബാലയുടെ ആരോപണം.  ക്യാമറാമാൻ എൽദോ ഐസക്കിനെ ഫോണിൽ വിളിച്ച് സംസാരിപ്പിച്ചുകൊണ്ടായിരുന്നു ബാല പ്രതികരിച്ചത്. പടം വലിയ വിജയമായി നല്ല രീതിയിൽ വിറ്റഴിച്ചുവെന്നും നല്ല കച്ചവടം നടന്നപ്പോൾ ബാക്കി എല്ലാവരെയും മണ്ടന്മാരാക്കിയെന്നും ബാല പറയുന്നു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS