ADVERTISEMENT

ഷൈന്‍ ടോം ചാക്കോ വിമാനത്തിന്റെ സീറ്റില്‍ കിടക്കാന്‍ ശ്രമിച്ചതാണ്‌ വിമാനത്തില്‍ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതെന്ന് സംവിധായകന്‍ സോഹന്‍ സീനുലാല്‍. കോക്പിറ്റിലേക്ക് കടക്കാൻ ശ്രമിച്ചില്ലെന്നും ഷൈനിന്‍റെ പെരുമാറ്റത്തില്‍ നിന്നും ക്യാബിന്‍ ക്രൂവിന് ഉണ്ടായ തെറ്റിദ്ധാരണയാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാകാൻ കാരണമായതെന്നും സോഹൻ സീനുലാൽ മാധ്യമങ്ങളോട് പറഞ്ഞു.

 

‘‘ഷൈന്‍ വളരെ ക്ഷീണിതനായിരുന്നു. ഫ്ലൈറ്റില്‍ കയറിയ ഉടനെ അദ്ദേഹം പുറകിലുള്ള ഒഴിഞ്ഞ സീറ്റില്‍ കിടന്ന് ഒന്ന് ഉറങ്ങാന്‍ നോക്കി. അപ്പോള്‍ ക്യാബിന്‍ ക്രൂ വന്ന് അദ്ദേഹത്തെ ഉണര്‍ത്താന്‍ ശ്രമിച്ചു. ടേക്ക് ഓഫ് സമയത്ത് കിടക്കാന്‍ അനുവദിക്കില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഷൈന്‍ വിമാനത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പുറത്തേക്കുള്ള വാതില്‍ എന്ന് തെറ്റിദ്ധരിച്ച് കോക്പിറ്റിന്റെ വാതില്‍ തുറക്കാന്‍ ശ്രമിക്കുകയായിരുന്നു. ജീവനക്കാര്‍ തടയുകയും പുറത്തേക്കുള്ള വാതില്‍ കാണിച്ച് കൊടുക്കുകയും ചെയ്തതോടെ ഷൈന്‍ പുറത്തേക്ക് ഇറങ്ങുകയായിരുന്നു.

 

മലയാളികള്‍ക്കറിയാം ഷൈനിന്‍റെ ഒരു രീതി. ഷൈന്‍ പെട്ടെന്ന് എണീറ്റ് അങ്ങോട്ട് നീങ്ങിയപ്പോള്‍ ക്യാബിന്‍ ക്രൂ കരുതിയത് ഷൈന്‍ കോക്പിറ്റിലേക്ക് ഇടിച്ചുകയറാന്‍ ശ്രമിക്കുന്നു എന്നാണ്. കോക്പിറ്റില്‍ കയറാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. അതിന്‍റെ കാര്യം അദ്ദേഹത്തിന് ഇല്ലല്ലോ. ഇത് ദുബായ് വിമാനത്താവള അധികൃതരോടും ക്യാബിന്‍ ക്രൂവിനോടുമൊക്കെ പറഞ്ഞു മനസിലാക്കാന്‍ ഒരുപാട് സമയം എടുത്തു.

 

വിസിറ്റിങ് വിസ ആയതിനാല്‍ അതില്‍ എക്സിറ്റ് അടിച്ചതിനാല്‍ തുടര്‍ന്നുള്ള വിമാനത്തില്‍ പോരാന്‍ കഴിയാതിരുന്നതാണ് പിന്നീട് തെറ്റായ വാര്‍ത്തകള്‍ക്ക് പരക്കാന്‍ കാരണമായത്. പുതിയ വിസ എടുക്കും വരെ എമിഗ്രേഷന്‍ വിഭാഗത്തില്‍ തന്നെ തുടരാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. വിസ ലഭിച്ചതോടെ ബന്ധുക്കള്‍ക്കൊപ്പം പോവുകയും ചെയ്തു.’’–സോഹൻ സീനുലാൽ പറഞ്ഞു.

 

ഭാരത സര്‍ക്കസ് എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ഷൈൻ ടോമും സംഘവും ദുബായിൽ എത്തിയത്. സോഹൻ സീനുലാൽ, എം.എ. നിഷാദ്, ബിനു പപ്പു എന്നിവരും ഷൈനിനൊപ്പം പ്രമോഷനു വേണ്ടി ദുബായിൽ എത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com