ADVERTISEMENT

യൂട്യൂബിൽ കാഴ്ചക്കാരെ കൂട്ടി ബാലചന്ദ്ര മേനോൻ ചിത്രം എന്നാലും ശരത്ത്. ബാലചന്ദ്ര മേനോന്റെ യൂട്യൂബ് ചാനലായ ഫിൽമി ഫ്രൈഡേയ്‌സിലൂടെ ഡിസംബർ ഒൻപതിനാണ് എന്നാലും ശരത് റിലീസ് ആയത്. ദിവസങ്ങൾക്കുള്ളിൽ എണ്‍പതിനായിരത്തിനടുത്ത് ആളുകളാണ് ചിത്രം കണ്ട് കഴിഞ്ഞത്.

 

നിത്യഹരിത ചിത്രങ്ങളുടെ സംവിധായകനായ ബാലചന്ദ്രമേനോന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രമെന്നാണ് സിനിമ കണ്ടവർ വിലയിരുത്തുന്നത്. ഏത് കാലഘട്ടത്തിനും ചേരുന്നതാണ് ബാലചന്ദ്രമേനോന്റെ കഥകളെന്നും അത് വീണ്ടും തെളിയിക്കുന്നതാണ് ഈ സിനിമയെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. പത്ത് സംവിധായകർ ചിത്രത്തിൽ അഭിനേതാക്കളായി എത്തി എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.  സാം എന്ന ഡോക്ടറുടെ വേഷത്തിൽ ബാലചന്ദ്ര മേനോനും മറ്റൊരു പ്രധാന കഥാപാത്രമായി ബാലചന്ദ്ര മേനോന്റെ മകനും എത്തുന്നുണ്ട്.

 

നീണ്ട ഒരിടവേളയ്ക്ക് ശേഷം ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ചിത്രമാണ് 'എന്നാലും ശരത്'.  2018ൽ തുടങ്ങിയ പ്രളയവും മഴയും തടസ്സമായിരുന്നു.  പതിവുപോലെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം തുടങ്ങി ഒരു പ്രധാന കഥാപാത്രമായെത്തിയതും ബാലചന്ദ്ര മേനോൻ തന്നെയായിരുന്നു.  ത്രില്ലർ ജോണറിലുള്ള ചിത്രത്തിൽ ലാൽജോസ്, ജൂഡ് ആന്റണി ജോസഫ്, അജു വർഗീസ്, ജോയ് മാത്യു, ദിലീഷ് പോത്തൻ തുടങ്ങി പത്ത് സംവിധായകരാണ് അഭിനേതാക്കളായി എത്തുന്നത്.  ചിത്രത്തിന് ഗംഭീര പ്രതികരണമാണ് യൂട്യൂബിൽ ലഭിക്കുന്നത്.     

 

എലിസബത്ത് എന്ന അനാഥയായ പെൺകുട്ടിയെ കേന്ദ്രികരിച്ചാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.  ആരംഭത്തിൽ തന്നെ അവൾ മരണപ്പെടുന്നു. കൊലപാതക സൂചനകൾ ലഭിക്കുന്ന പൊലീസ് കേസ് അന്യേഷണം തുടങ്ങുന്നു. തുടർന്ന് എലിസബത്തിനെ ചുറ്റിപറ്റിയുള്ള ചില ഫ്ളാഷ്ബാക്ക് രംഗങ്ങൾ. അവളുടെ സുഹൃത്ത് മിഷേൽ, ശരത്ത്, സാം എന്നീ കഥാപാത്രങ്ങൾ കടന്നുവരുന്നു.

 

ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൽ നിധി അരുൺ, നിത്യാ നരേഷ്, ചാർളി ജോ എന്നിവരാണ് പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.  സുരഭി ലക്ഷ്മി, അഖിൽ വിനായക് തുടങ്ങിയവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. സാം എന്ന ഡോക്ടറുടെ വേഷത്തിൽ ബാലചന്ദ്ര മേനോനും പതിവ് പോലെ സിനിമയിലെ മർമ്മപ്രധാനമായ വേഷം കൈകാര്യം ചെയ്തിരിക്കുന്നു. ബാലചന്ദ്ര മേനോന്റെ മകനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.  റഫീക്ക് അഹമ്മദ്, ഹരിനാരായണൻ എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണമിട്ട ഗാനങ്ങളും പശ്ചാത്തല സംഗീതവും മികവ് പുലർത്തുന്നവയാണ്. സേഫ് സിനിമാസിന്റെ ബാനറിൽ ആർ. ഹരികുമാർ ആണ് നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com