ADVERTISEMENT

വിവാഹ ജീവിതത്തിന്റെ 28 വർഷങ്ങൾ പൂർത്തിയാക്കി നടൻ കൃഷ്ണകുമാറും ഭാര്യ സിന്ധുവും. ഡിസംബർ 12നാണ് ഇവരുടെ വിവാഹ വാർഷികം. ഈ സുന്ദരഭൂമിയിൽ ഒരുമിച്ചു സിന്ധുവിനൊപ്പം യാത്രചെയ്യാൻ ദൈവം അവസരം തന്നതിൽ നന്ദിയുണ്ടെന്നും കൂടെ കൂട്ടിനു നാല് ശക്തരും സുന്ദരികളുമായ മക്കളേയും സമ്മാനിച്ചുവെന്ന് സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ കൃഷ്ണകുമാർ പറഞ്ഞു.

 

‘‘28 വർഷങ്ങൾക്കു മുൻപ്, രാവിലെ ഈ സമയത്തു അച്ഛൻ-അമ്മ, ഇവർക്കൊപ്പം തിരുവനന്തപുരത്ത്, പട്ടത്തുള്ള വീട്ടിൽ കല്യാണം നടക്കുന്ന ഹാളിലേക്ക് പോകാനുള്ള  ഒരുക്കത്തിലായിരുന്നു. സുഹൃത്തുക്കൾ പലരും അവിടെ ഉണ്ടായിരുന്നു. സിനിമയിൽ കാണുന്ന പോലെ കല്യാണചെക്കന്മാർക്കുള്ള അമിത ആവേശമൊന്നും എനിക്കില്ലായിരുന്നു. ജീവിതത്തിൽ സാധാരണ സംഭവിക്കുന്ന മറ്റുചില കാര്യങ്ങൾ പോലെ ഒന്ന്, എന്ന് മാത്രമേ എനിക്ക് തോന്നിയുള്ളു. നേരെ മറിച്ചു സിന്ധു വലിയ ആവേശത്തിലായിരുന്നു. അവളുടെ ജീവിതത്തിലെ വളരെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്ന്.

krishnakumar-wedding

 

അന്നും ഇന്നും, ഞാനും സിന്ധുവും അങ്ങനെയാണ്.. ഞങ്ങൾ തമ്മിൽ ഇഷ്ടമൊക്കെ ആണെങ്കിലും ഒട്ടുമിക്ക കാര്യങ്ങളിലും രണ്ടുപേരുടെയും ചിന്തകൾ രണ്ടു ദിശകളിലേക്കായിരുന്നു. പലപ്പോഴും തർക്കങ്ങൾ ഉണ്ടാവുമെങ്കിലും ഇരുകൂട്ടരുടേയും വിട്ടുവീഴ്ചകളിലൂടെ  ഒരു സമവായത്തിലെത്തും.

 

ഇന്നു രാവിലെ ഹാൻസുവിനെ സ്കൂളിൽ വിട്ടിട്ടു, അവളുടെ പിറന്നാൾ ദിവസങ്ങളിൽ  ചോദിക്കുന്ന പോലെ എന്നോട് ചോദിച്ചു. ഇന്ന് ഡിസംബർ 12, എന്താണ് ഇന്നത്തെ പ്രത്യേകത? ഡൽഹിയിലെ തണുപ്പിൽ തൊണ്ട നാശമായി സംസാരിക്കാൻ ബുദ്ധിമുട്ടി ഇരിക്കുന്ന ഞാൻ ഓർത്തു നോക്കി. എന്താണ് ഡിസംബർ 12 നു ഇത്ര പ്രത്യേകത. പെട്ടെന്ന് ഒരു മെസേജ് തലയിൽ നിന്നും വന്നു. "ഇന്നാണ് കൃഷ്ണകുമാർ  നിങ്ങൾ സിന്ധുവുമായി വിവാഹം കഴിച്ച ദിവസം." അതെ..28 വർഷം മുൻപ്..ഞാനത് പറഞ്ഞപ്പോൾ സിന്ധു ചിരിച്ചു... ഞാനും..

 

10000 ത്തിന് പുറത്തു ദിവസങ്ങൾ, ഈ സുന്ദരഭൂമിയിൽ ഒരുമിച്ചു യാത്രചെയ്യാൻ ദൈവം അവസരം തന്നു. കൂടെ കൂട്ടിനു നാല് ശക്തരും സുന്ദരികളുമായ മക്കളേയും സമ്മാനിച്ചു. ഇവിടെ ജീവിക്കാൻ വേണ്ടതെല്ലാം ആവശ്യത്തിനും അളവിനും, കൃത്യസമയത്തു തന്ന പ്രകൃതിയോട് എത്ര  നന്ദി പറഞ്ഞാലും മതിയാവില്ല. ഒപ്പം ഞങ്ങളെ സ്നേഹിച്ച ഞങ്ങളുടെ നന്മയ്ക്കായി പ്രാർഥിച്ച ഞങ്ങളുമായി അടുപ്പമുള്ളവരും, ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്തതുമായ അനവധി നന്മനിറഞ്ഞ മനുഷ്യർ ഉണ്ട് ഇവിടെ. എല്ലാവർക്കും നന്ദിയും, ഒപ്പം നന്മകളും നേരുന്നു.’’–കൃഷ്ണകുമാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com