ഹെൻറി കാവിൽ സൂപ്പർമാന്റെ കുപ്പായമണിയാൻ കാത്തിരുന്ന ലോകമെമ്പാടുമുള്ള ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്ത പുറത്തുവന്നിരിക്കുന്നു. ഇനി സൂപ്പർമാൻ ആകാൻ ഹെൻറി കാവിൽ ഇല്ല. ഹെൻറി കാവിൽ തന്നെയാണ് സങ്കടകരമായ വാർത്ത ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഡിസി ഫിലിംസിന്റെ നേതൃത്വം വഹിക്കുന്ന ജയിംസ് ഗൺ, പീറ്റർ സഫ്രൻ എന്നിവരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമായിരുന്നു ഈ കാര്യം തീരുമാനമായതെന്ന് ഹെൻറി പറയുന്നു.
സൂപ്പർമാന്റെ ചെറുപ്പകാലത്തെക്കുറിച്ചുള്ള കഥ സിനിമയാക്കാനാണ് ഡിസിയുടെ തീരുമാനം. ഈ പ്രോജക്ടിന്റെ തിരക്കഥ എഴുതുന്നത് ജയിംസ് ഗൺ ആണ്. അതുകൊണ്ട് തന്നെ പുതിയൊരു താരത്തെയാണ് സൂപ്പർമാനായി ഡിസി പരിഗണിക്കുന്നതും. ഡിസിയുടെ ഏറ്റവും പുതിയ ചിത്രമായ ബ്ലാക് ആദത്തിന്റെ പോസ്റ്റ് ക്രെഡിറ്റ് സീനിൽ സൂപ്പർമാനായി ഹെൻറി കാവിൽ പ്രത്യക്ഷപ്പെട്ടിരുന്നു. മാത്രമല്ല മാൻ ഓഫ് സ്റ്റീൽ രണ്ടാം ഭാഗവും ഉടൻ ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. അതിനിടെയാണ് പ്രേക്ഷകരെ നിരാശപ്പെടുത്തിയ ഡിസിയുടെ പുതിയ തീരുമാനം ഉണ്ടാകുന്നത്.
‘‘ജയിംസ് ഗണ്ണുമായും പീറ്റർ സഫ്രാനുമായുള്ള ചർച്ച ഇപ്പോൾ കഴിഞ്ഞു. എല്ലാവരെയും സങ്കടപ്പെടുത്തുന്ന വാർത്തയാണ് പറയുവാനുള്ളത്. സൂപ്പർമാനായി ഇനി എന്റെ തിരിച്ചുവരവ് ഉണ്ടാകില്ല. ഒക്ടോബറിൽ സ്റ്റുഡിയോ തന്നെ എന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നതാണ്. അതുകൊണ്ട് തന്നെ ഈ വാർത്ത എന്നെ തളർത്തുന്നു. പക്ഷേ ജീവിതം ഇങ്ങനെയൊക്കെയാണ്. ഞാനവരുടെ തീരുമാനത്തെ അംഗീകരിക്കുന്നു. ജയിംസിനും പീറ്ററിനും പുതിയൊരു യൂണിവേഴ്സ് സൃഷ്ടിക്കണം. അവരുടെ ഭാവി പരിപാടികൾക്ക് എല്ലാ ആശംസകളും നേരുന്നു.
എന്റെ ഒപ്പം നിന്ന ആളുകളോട് സൂപ്പർമാൻ ഇപ്പോഴും നിങ്ങൾക്കൊപ്പമുണ്ട്. അയാൾ സൃഷ്ടിച്ച ഉദാഹരണങ്ങളും നിലപാടുകളും എന്നും അവിടെതന്നെ ഉണ്ടാകും.’’–ഹെൻറി കാവിൽ കുറിച്ചു.
2013ൽ സാക്ക് സ്നൈഡർ സംവിധാനം ചെയ്ത മാൻ ഓഫ് സ്റ്റീൽ എന്ന ചിത്രത്തിലൂടെയാണ് ഹെൻറി സൂപ്പർമാന്റെ കുപ്പായമണിയുന്നത്. പിന്നീട് ബാറ്റ്മാൻ വേഴ്സസ് സൂപ്പർമാൻ, ജസ്റ്റിസ് ലീഗ് എന്നീ സിനിമകളിലൂടെയും സൂപ്പർമാനായി ഹെൻറി ലോകം മുഴുവനുള്ള ആരാധകരുടെ ഇഷ്ടംപിടിച്ചുപറ്റി.