ADVERTISEMENT

‘നൻപകൽ നേരത്ത് മയക്കം’ എന്ന ഒരു സിനിമയുടെ മാത്രം പേരിലുണ്ടായ വിവാദങ്ങളുടെ പേരിൽ ചലച്ചിത്ര അക്കാദമി തല കുനിക്കില്ലെന്ന് ചെയർമാൻ രഞ്ജിത്. മേളയിൽ പ്രദർശിപ്പിച്ച മറ്റേതൊരു സിനിമയുടെ പേരിലും പ്രശ്നമുണ്ടായിട്ടില്ല. ഈ ഒരു സിനിമയുടെ മാത്രം റിസർവേഷൻ പ്രശ്നം ഉന്നയിച്ച് മേളയുടെ ശോഭ കെടുത്താൻ  ആരും ശ്രമിക്കേണ്ടതില്ല. സിനിമയുടെ തിരഞ്ഞെടുപ്പ്, അവയുടെ ഉള്ളടക്കം എന്നിവയുടെ കാര്യത്തിൽ 27–ാമത് രാജ്യാന്തര ചലച്ചിത്രമേള മികച്ച നിലവാരമാണ് പുലർത്തുന്നത്. ഒരു നൻപകൽ  നേരത്ത് മയക്കത്തിന്റെ പേരിൽ ഞങ്ങൾ തല കുനിക്കാൻ തയാറല്ല.– രഞ്ജിത് പറഞ്ഞു. 

 

റിസർവേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സാങ്കേതികമാണ്. അത് വ്യക്തികളുടെ കൈയിൽ നിൽക്കുന്ന കാര്യമല്ല. രാവിലെ റിസർവേഷൻ ആരംഭിക്കുമ്പോൾ തന്നെ സീറ്റുകൾ മുഴുവൻ റിസർവു ചെയ്യപ്പെടുന്നു. ഇക്കാര്യത്തിൽ മുതിർന്ന പൗരന്മാർക്ക് ചില പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ചിരുന്നു. അവരും ക്യൂവിലുണ്ട്. അപ്പോൾ അവരുടെ റജിസ്ട്രേഷൻ നമ്പർ വച്ച് ലിസ്റ്റ് തയാറാക്കാൻ ആവശ്യപ്പെട്ടു. പേരു പോലും ആവശ്യപ്പെട്ടില്ല. 12 പേർ റജിസ്ടേഷൻ നമ്പർ നൽകി. അവർക്ക് ഈ സിനിമ കാണാൻ അവസരം നൽകി. അവർ ബുദ്ധിമുട്ടില്ലാതെ കാണുകയും ചെയ്തു. ഇതിൽ കൂടുതൽ എന്താണ് അക്കാദമിക്ക് ചെയ്യാനാവുക? രഞ്ജിത് ചോദിച്ചു. 

 

റിസർവേഷനുമായി ബന്ധപ്പെട്ട് പല തീയേറ്ററുകൾക്കും നേരേ ആക്രമണ ശ്രമങ്ങളുണ്ടായി. ആളു കൂടുന്നിടത്ത് പ്രശ്നങ്ങളുണ്ടെന്നറിഞ്ഞാൽ പൊലീസ് എത്തും. അക്കാദമി പൊലീസിനെ വിളിച്ചുവരുത്തിയിട്ടില്ല. ആരേയും ചൂണ്ടിക്കാട്ടി അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടില്ല.

 

പൊലീസ് വന്നത് അവർക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം. കലാപശ്രമത്തിന് കേസെടുത്തുവെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. പൊലീസ് ടഗോറിൽ വന്ന് പ്രതിനിധികളോടും ഞങ്ങളോടും സംസാരിച്ചിട്ടുണ്ട്.–രഞ്ജിത് പറഞ്ഞു. 

 

റിസർവഷൻ സമ്പ്രദായത്തെപ്പറ്റി നല്ല അഭിപ്രായമാണുള്ളത്. വളരെ ജാഗ്രതയോടെയും പ്രഫഷനൽ രീതിയിലുമാണ് സർവർ കൈകാര്യം ചെയ്യുന്നത്. മറ്റു സിനികളെല്ലാം റിസർവേഷൻ വഴി ഒരു ബഹളവുമില്ലാതെ പ്രദർശിപ്പിക്കുന്നുണ്ട്. കൃത്യമായി ആളുകൾ സിനിമകൾക്കു റിസർവ്  ചെയ്യുന്നുണ്ട്. ചില കാരണങ്ങൾ റിസർവ് ചെയ്തവർക്കു വരാൻ കഴിഞ്ഞില്ലെങ്കിൽ റിസർവേഷൻ ഇല്ലാത്തവരെ പ്രവേശിപ്പിക്കും. നിലത്തിരുന്ന സിനിമ കണ്ട ചരിത്രമൊക്കെ ഐഎഫ്എഫ്കെയ്ക്ക് ഉണ്ട്. പക്ഷേ ഗോവയിൽ പടിക്കെട്ടിലിരുന്ന് സിനിമ കാണാൻ സമ്മതിക്കില്ല. ഇവിടെ അതിനു തയാറാണ്. കൂടുതൽ പേർ സിനിമ കാണട്ടെ എന്നാണ് അക്കാദമിയുടെ നിലപാട്. രാജ്യാന്തര ചലച്ചിത്രമേളക്കായി ഏജൻസികളുമായി ബന്ധപ്പെട്ട് പണം കൊടുത്താണ് നമ്മൾ സിനിമകൾ കൊണ്ടുവരുന്നത്. അത്തരം സിനിമകൾ 2 പ്രാവശ്യം കാണിക്കാനേ പാടുള്ളു എന്ന് നിബന്ധനയുണ്ട്. ഇന്ത്യൻ സിനിമകൾ 3 തവണ കാണിക്കാം. വസ്തുതകൾ അറിയാത്തവരല്ല പ്രശ്നങ്ങൾക്കു പിന്നിലെന്നും രഞ്ജിത് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com