ADVERTISEMENT

ചരിത്രകഥ പറഞ്ഞ പത്തൊൻപതാം നൂറ്റാണ്ട് എന്ന തന്റെ ചിത്രത്തെ ഐഎഫ്എഫ്കെയിൽ ഒഴിവാക്കിയത് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിന്റെ വാശി കാരണമാണെന്ന് സംവിധായകൻ വിനയൻ. സാംസ്കാരിക മന്ത്രി പറഞ്ഞിട്ട് പോലും ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞാണ് സിനിമയെ തഴഞ്ഞതെന്നും വിനയൻ പങ്കിട്ട കുറിപ്പിൽ ആരോപിക്കുന്നു. എൻ. അരുൺ പത്തൊൻപതാം നൂറ്റാണ്ടിനെ പറ്റി പറഞ്ഞ നല്ല വാക്കുകൾക്കു നന്ദി പറഞ്ഞു കൊണ്ടായിരുന്നു വിനയന്റെ കുറിപ്പ്.

 

‘Pathonpatham Noottandu’, the latest movie by veteran filmmaker Vinayan released on Thiruvonam day
പത്തൊൻപതാം നൂറ്റാണ്ട് പോസ്റ്റർ

പുതിയ തലമുറ കണ്ടിരിക്കേണ്ട സിനിമയാണെന്ന് സാംസ്കാരിക മന്ത്രി വി എൻ വാസവൻ പറഞ്ഞിരുന്നു. സിനിമ ഐഎഫ്എഫ്കെയിൽ പ്രത്യേക പ്രദർശനം നടത്താൻ വേണ്ടതുചെയ്യുമെന്നും അദ്ദേഹം ഉറപ്പു നൽകിയിരുന്നു. എന്നാൽ ബൈലോ (Bylaw) അനുവദിക്കുന്നില്ലെന്ന ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞാണ് ആ സിനിമ രഞ്ജിത് കുബുദ്ധിയാൽ ഒഴിവാക്കിയതെന്നും വിനയൻ പറഞ്ഞു.

 

വിനയൻ പങ്കിട്ട കുറിപ്പിന്റെ പൂർണരൂപം

 

സംവിധായകനും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റും ആയ ശ്രീ എൻ.അരുൺ പത്തൊൻപതാം നൂറ്റാണ്ടിനെ പറ്റി പറഞ്ഞ നല്ല വാക്കുകൾക്കു നന്ദി.

 

എന്റെ സുഹൃത്തും ചലച്ചിത്ര അക്കാദമി ചെയർമാനും ആയ പ്രശസ്ത സംവിധായകൻ രഞ്ജിത്തിനെ വ്യക്തിപരമായി വിമർശിക്കുകയല്ല ഞാൻ ചെയ്തത്.. അക്കാദമി ചെയർമാൻ എന്ന നിലയിൽ ബഹു: സാംസ്കാരിക മന്ത്രി നേരിട്ടു വിളിച്ചു പറഞ്ഞിട്ടു പോലും  "പത്തൊൻപതാം നൂറ്റാണ്ട്" എന്ന സിനിമ  

IFFK യിലെ ഡെലിഗേറ്റ്സിനു വേണ്ടി ഒരു അനൗദ്യോഗിക ഷോ പോലും കളിക്കാൻ ബയലോ അനുവദിക്കുന്നില്ല എന്ന ചെയർമാന്റെ വാശിയേക്കുറിച്ചാണ് ഞാൻ പറഞ്ഞത്.

 

ആലപ്പുഴയിലെ ഒരു യോഗത്തിൽ പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയേ മുക്തകണ്ഡം പ്രശംസിച്ച ശേഷം ബഹു:മന്ത്രീ ശ്രീ വി എൻ വാസവൻ പറഞ്ഞത്,, ഔദ്യോഗിക വിഭാഗത്തിൽ ഇല്ലെങ്കിൽ കൂടി പുതിയ തലമുറ കണ്ടിരിക്കേണ്ടതും മൺ മറഞ്ഞ നവോത്ഥാന നായകൻ ആറാട്ടു പുഴ വേലായുധപ്പണിക്കരുടെ കഥപറയുന്നതുമായ ചരിത്ര സിനിമ എന്നനിലയിലും കലാ മൂല്യത്തിലും ടെക്നിക്കലായും മികച്ച രീതിയിൽ എടുത്ത സിനിമ എന്ന നിലയിലും IFFK യിൽ ഒരു പ്രത്യേക പ്രദർശനം നടത്താൻ വേണ്ടതുചെയ്യും എന്നാണ്.. അദ്ദേഹം ആ നിർദ്ദേശം മുന്നോട്ടു വച്ചു എന്നും പറഞ്ഞു.

 

പക്ഷേ അക്കാദമിയുടെ ബയലോ എന്ന ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞ് ആ സിനിമ ഒഴിവാക്കാൻ ചെയർമാൻ കാണിച്ച കുബുദ്ധിയേ പറ്റിയാണ് ഞാൻ പറഞ്ഞത്.. ഇത്തരം അനൗദ്യോഗിക പ്രദർശനങ്ങളൊക്കെ അക്കാദമിയുടെ കമ്മറ്റിക്കു തീരുമാനിക്കാവുന്നതേയുള്ളു എന്നാണ് എന്റെ അറിവ്.. ശ്രീ രഞ്ജിത്തിന്റെ "പലേരിമാണിക്യം" അന്തരിച്ച ടി പി രാജീവൻ എന്ന പ്രമുഖ സാഹിത്യകാരന്റെ ട്രിബ്യുട്ടായി കാണിച്ചതു പ്രശംസനീയം തന്നെ..

 

അതു പോലെ തന്നെ ചരിത്രത്തിന്റെ ഏടുകൾ തമസ്കരിച്ച കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ സിനിമയും നമ്മുടെ മന്ത്രി പറഞ്ഞപോലെ വേണമെങ്കിൽ കാണിക്കാമായിരുന്നു., പ്രത്യേകിച്ച് ഇത്തരം നവോത്ഥാന കഥകൾ പാടിപുകഴ്ത്തുന്ന ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കാലത്ത്..

 

വിനയനെ തമസ്കരിക്കാനും സിനിമചെയ്യിക്കാതിരിക്കാനും ഒക്കെ മുൻകൈ എടുത്ത മനസ്സുകൾക്ക് മാറ്റമുണ്ടായി എന്ന എന്റെ ചിന്തകൾ വൃഥാവിലാവുകയാണോ എന്നു ഞാൻ ഭയക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com