നാലാം മുറ, തങ്കം, നൻപകൽ, വീര സിംഹ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

thankam-ottt
SHARE

ബിജു മേനോൻ ചിത്രം നാലാം മുറ, മമ്മൂട്ടി–ലിജോ ജോസ് ചിത്രം നൻപകൽ നേരത്തു മയക്കം, ബിജു മേനോൻ–വിനീത് ശ്രീനിവാസൻ ചിത്രം തങ്കം, വിജയ് ചിത്രം വാരിസ്, നന്ദമൂരിയുടെ വീര സിംഹ റെഡ്ഡി എന്നിവയാണ് ഈ ആഴ്ചയിലെ പ്രധാന ഒടിടി റിലീസുകൾ. നിവിൻ പോളി ചിത്രം മഹാവീര്യർ, ഷാഹിദ് കപൂർ–വിജയ് സേതുപതി വെബ് സീരിസ് ഫർസി, നടി ഹൻസികയുടെ വിവാഹ വിഡിയോ, ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്നിവ ഫെബ്രുവരി രണ്ടാം വാരം റിലീസ് ചെയ്തിരുന്നു. സുരാജ് വെഞ്ഞാറമ്മൂട്–സിദ്ദീഖ് ടീം ഒന്നിച്ചെത്തിയ എന്നാലും ന്റെളിയാ, ധ്യാൻ ശ്രീനിവാസന്റെ വീകം, ഹോളിവുഡ് ചിത്രം ബ്ലാക്ക് പാന്തർ: വക്കാൻഡ ഫോർ എവർ എന്നിവയാണ് ഫെബ്രുവരിയിലെത്തിയ മറ്റ് പ്രധാന സിനിമകൾ. അജിത്തിന്റെ തമിഴ് ചിത്രം തുനിവ് ഫെബ്രുവരി 8ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു. ഷറഫുദ്ദീൻ–ഇന്ദ്രൻസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാഫി സംവിധാനം ചെയ്ത ആനന്ദം പരമാനന്ദം, നിവിൻ പോളിയുടെ സാറ്റർഡേ നൈറ്റ്, ആയുഷ്മാൻ ഖുറാനയുടെ ആൻ ആക്‌ഷൻ ഹീറോ, തൃഷയുടെ രാംഗി, തെലുങ്ക് ചിത്രം 18 പേജസ് എന്നിവയാണ് ജനുവരി അവസാനം ഒടിടി റിലീസിനെത്തിയ മറ്റ്  സിനിമകൾ.

നാലാം മുറ: ഫെബ്രുവരി 17: മനോരമ മാക്സ്

ബിജു മേനോനെയും ഗുരു സോമസുന്ദരത്തെയും പ്രധാന കഥാപാത്രങ്ങളാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം. സൂരജ് വി. ദേവാണ് ചിത്രത്തിന്റെ തിരകഥാകൃത്ത്. ദിവ്യാ പിള്ള, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശാന്തി പ്രിയ, ഷീലു ഏബ്രഹാം, ശ്യാം, ഋഷി സുരേഷ്, എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

തങ്കം: ഫെബ്രുവരി 20: ആമസോൺ പ്രൈം

ബിജു മേനോൻ, വിനീത് ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്ത ചിത്രമാണ് തങ്കം. കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നീ സിനിമകൾക്ക് ശേഷം ശ്യാം പുഷ്കരൻ തിരക്കഥ എഴുതിയ സിനിമ കൂടിയാണിത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്.

നൻപകൽ നേരത്തു മയക്കം: ഫെബ്രുവരി 23: നെറ്റ്ഫ്ലിക്സ്

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി ഒരുക്കിയ ഫാന്റസി ചിത്രം. വേളാങ്കണ്ണിയിൽ നിന്നും തിരിച്ചു വരുന്ന ഒരു ബസ്സിലെ യാത്രക്കാർക്കിടയിൽ ഉണ്ടാകുന്ന ഒരു സംഭവമാണ് കഥാതന്തു. തമിഴ്നാടിന്റെ ഗ്രാമീണ ഹൃദയ ഭൂമികയിലേക്കാണ് ആ ഗ്രാമീണ ഭൂമിയിൽ എത്തുമ്പോൾ തികച്ചും വ്യത്യസ്തമായ മറ്റൊരാളായി മാറുന്നു. തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന അയാളെ അന്വേഷിച്ച് ബസിലെ യാത്രക്കാരും ഭാര്യയും കുടുംബവും ഗ്രാമത്തിലേക്ക് എത്തിച്ചേരുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ്  ചിത്രത്തെ അത്യാകർഷകമായി മാറ്റുന്നത്.

വീര സിംഹ റെഡ്ഡി: ഫെബ്രുവരി 23: ഹോട്ട്സ്റ്റാർ

നന്ദമുറി ബാലകൃഷ്ണയുടെ ആക്‌ഷൻ എന്റർടെയ്നർ. രചനയും സംവിധാനവും ഗോപിചന്ദ് മലിനേനിയാണ്. ശ്രുതി ഹാസന്‍ നായികയാവുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് ഹണി റോസും ലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

വാരിസ്: ഫെബ്രുവരി 22: ആമസോൺ പ്രൈം

വിജയ് നായകനായി എത്തിയ ഫാമിലി എന്റർടെയ്നർ. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ശരത് കുമാര്‍, പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

മഹാവീര്യർ: ഫെബ്രുവരി 10: സൺ നെക്സ്റ്റ്

നിവിൻ പോളി, ആസിഫ് അലി എന്നിവരെ നായകന്മാരാക്കി  സംവിധായകൻ ഏബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രം. ഫാന്റസിയും ടൈം ട്രാവലും നിയമപുസ്തകങ്ങളും നിയമനടപടികളും പ്രമേയമാക്കിയിരിക്കുന്നു. എബ്രിഡ് ഷൈൻ തന്നെ തിരക്കഥയും രചിച്ച ഈ ചിത്രത്തിൽ കന്നഡ നടി ഷാൻവി ശ്രീവാസ്തവയാണ് നായിക. 

ഹൻസികാസ് ലവ് ശാദി ഡ്രാമ: ഫെബ്രുവരി 10: ഹോട്ട്സ്റ്റാർ

നടി ഹൻസിക മോത്‌വാനിയുടെ വിവാഹ വിഡിയോയാണ് ഹൻസികാസ് ലവ് ശാദി ഡ്രാമ എന്ന പേരിൽ ടെലികാസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ഡിസംബറിലാണ് ഹൻസികയും മുംബൈ വ്യവസായിയും നടിയുടെ ബിസിനസ്സ് പങ്കാളിയുമായ സുഹൈൽ ഖതൂരിയും വിവാഹിതരാകുന്നത്. ഡിസംബർ 4ന് ജയ്പൂരിൽ വച്ചായിരുന്നു വിവാഹം. പതിനാലാം നൂറ്റാണ്ടിൽ നിർമിച്ച ജയ്പൂരിലെ മുണ്ടോട്ട കോട്ടയിൽ വച്ചാണ് ഹൻസികയുടെ വിവാഹാഘോഷം നടന്നത്.

ഫർസി: ഫെബ്രുവരി 10: ആമസോൺ പ്രൈം

ഷാഹിദ് കപൂർ–വിജയ് സേതുപതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ആൻഡ് ഡികെ സംവിധാനം ചെയ്യുന്ന വെബ് സീരിസ് ആണ് ഫർസി. കള്ളക്കടത്തുകാരനായി ഷാഹിദ് എത്തുമ്പോൾ പൊലീസിന്റെ വേഷത്തിൽ സേതുപതി അവതരിക്കുന്നു.

എന്നാലും ന്റെളിയാ: ഫെബ്രുവരി 3: ആമസോൺ പ്രൈം

സുരാജ് വെഞ്ഞാറമൂട്, സിദ്ദീഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബാഷ് മുഹമ്മദ് സംവിധാനം ചെയ്ത കോമഡി ചിത്രം. മിനി സ്‌ക്രീനിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായത്രി അരുൺ ആണ് നായിക. പ്രകാശ് വേലായുധൻ ആണ് ചിത്രത്തിന്റ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മാജിക് ഫ്രയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമാണം.

വീകം: ഫെബ്രുവരി 3: സീ5

കുമ്പാരീസ്, സത്യം മാത്രമേ ബോധിപ്പിക്കൂ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ത്രില്ലര്‍ ചിത്രം. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് ഷീലു എബ്രഹാം, എബ്രഹാം മാത്യൂ എന്നിവര്‍ ചേര്‍ന്നാണ് വീകം നിര്‍മിച്ചിരിക്കുന്നത്.

ആനന്ദം പരമാനന്ദം: ജനുവരി 26: മനോരമ മാക്സ്

ഷാഫി സംവിധാനം ചെയ്ത ആനന്ദം പരമാനന്ദം തിയറ്ററുകളിലും മികച്ച പ്രതികരണം ലഭിച്ച സിനിമയായിരുന്നു. ഇന്ദ്രന്‍സും ഷറഫുദ്ദീനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രന്‍സ് ദിവാകര കുറുപ്പായും ഷറഫുദ്ദീന്‍ ഗിരീഷ് പി.പിയുമായി എത്തുന്ന ചിത്രത്തില്‍ അനഘ നാരായണനാണ് നായിക. എം. സിന്ധുരാജാണ് ചിത്രത്തിന്റെ രചന.അജു വര്‍ഗീസ്, ബൈജു സന്തോഷ്, സാദിഖ്, സിനോയ് വര്‍ഗീസ്, ഒ. പി. ഉണ്ണികൃഷ്ണന്‍, നിഷ സാരംഗ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മനോജ് പിള്ള ക്യാമറ. മനു മഞ്ജിതിന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാനാണ് സംഗീതം. എഡിറ്റിങ് സാജന്‍. കലാസംവിധാനം അര്‍ക്കന്‍ എസ് കര്‍മ്മ.

സാറ്റർഡേ നൈറ്റ്: ജനുവരി 27: ഹോട്ട്സ്റ്റാർ

നിവിന്‍ പോളിയെ പ്രധാന കഥാപാത്രമാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രം. സിജു വിൽസൺ, സൈജു കുറുപ്പ്, അജു വർഗീസ്, സാനിയ ഇയ്യപ്പൻ എന്നിവരായിരുന്നു മറ്റ് അഭിനേതാക്കൾ. തിരക്കഥ നവീൻ ഭാസ്കർ.

ആൻ ആക്‌ഷൻ ഹീറോ: ജനുവരി 27: നെറ്റ്ഫ്ലിക്സ്

അനിരുദ്ധ് അയ്യര്‍ സംവിധാനം ചെയ്ത ചിത്രത്തിൽ ആയുഷ്മാൻ ഖുറാന പ്രധാനവേഷത്തിലെത്തുന്നു. സസ്പെൻസ് ത്രില്ലറായി ഒരുക്കിയ സിനിമയിൽ നീരജ് മാധവും പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു സൂപ്പർസ്റ്റാറിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്.

18 പേജെസ്: ജനുവരി 27: ആഹാ

നിഖിൽ സിദ്ധാർഥ്, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന റൊമാന്റിക് കോമഡി ചിത്രം. പൾനതി സൂര്യ പ്രതാപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സുകുമാർ തിരക്കഥ എഴുതിയിരിക്കുന്നു.

സൗദി വെള്ളക്ക: ജനുവരി 6: സോണി ലിവ്

ഓപ്പറേഷൻ ജാവയ്ക്ക് ശേഷം തരുൺ മൂർത്തി ഒരുക്കിയ ചിത്രമാണ് സൗദി വെള്ളക്ക. ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ  'സൗദി വെള്ളക്ക' തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലുക്ക്മാൻ അവറാൻ, ബിനു പപ്പു, സുധി കോപ്പ, ദേവി വർമ്മ, സ്രിന്ധ, ഗോകുലൻ, ധന്യ അനന്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. സൗദി വെള്ളക്കയുടെ ക്യാമറയ്ക്ക് പിന്നിലും പുതിയ ടീമായിരുന്നു. ശരൺ വേലായുധനാണ് ക്യാമറ കൈകാര്യം ചെയ്തത്. പാലി ഫ്രാൻസിസ് ആണ് സംഗീതം നൽകിയത്. നിഷാദ് യൂസഫ് എഡിറ്റിങ്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ നിർമാതാവായ സന്ദീപ് സേനനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഉർവശി തിയറ്റേഴ്സിന്റെ ബാനറിലായിരുന്നു നിർമാണം.

ഷെഫീക്കിന്റെ സന്തോഷം: ജനുവരി 6: ആമസോൺ പ്രൈം

ഉണ്ണി മുകുന്ദൻ നായകനായെത്തിയ ഫാമിലി എന്റർടെയ്നർ. നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമാണവും ഉണ്ണി മുകുന്ദനാണ്. ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിർമാണ സംരംഭമാണ് ഈ ചിത്രം. ബാല, മനോജ് കെ ജയൻ, ദിവ്യാ പിള്ള, ആത്മീയ രാജൻ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തിൽ ഉണ്ണി മുകുന്ദൻ രണ്ട് ഗാനം ആലപിച്ചിരുന്നതും ശ്രദ്ധ നേടി. ഷാൻ റഹ്മാനായിരുന്നു ചിത്രത്തിന്റെ സം​ഗീത സംവിധായകൻ.

ഉല്ലാസം: ജനുവരി 6: ആമസോൺ പ്രൈം

ഷെയ്ൻ നിഗത്തെ നായകനാക്കി  ജീവൻ ജോജോ സംവിധാനം ചെയ്ത ചിത്രം. കൈതമറ്റം ബ്രദേഴ്സിന്റെ ബാനറിലാണ് ചിത്രമെത്തിയത്. പവിത്ര ലക്ഷ്മിയാണ് നായിക. ഹരീഷ് പേരടി, ദീപക് പറമ്പോൽ, സരയൂ, ജയരാജ് വാരിയർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

ഹിറ്റ് 2: ജനുവരി 5: ആമസോൺ പ്രൈം

2020ൽ റിലീസ് ചെയ്ത ഹിറ്റ്: ദ് ഫസ്റ്റ് കേസ് എന്ന സിനിമയുടെ തുടർ ഭാഗമാണ് ഹിറ്റ്: ദ് സെക്കൻഡ് കേസ്. ആദ്‌വി സേഷ്, മീനാക്ഷി ചൗധരി, റാവോ രമേശ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഡിസംബർ 2ന് തിയറ്ററുകളിലെത്തിയ ചിത്രം മികച്ച വിജയം നേടിയിരുന്നു.

ജനുവരിയിൽ കൈ നിറയെ സിനിമകളാണ് ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ റിലീസ് ചെയ്തത്. തരുൺ മൂർത്തി സംവിധാനം ചെയ്ത സൗദി വെള്ളക്ക സോണി ലിവ്വിലൂടെയും ഉണ്ണി മുകുന്ദന്റെ ഷഫീക്കിന്റെ സന്തോഷം, ഷെയ്ൻനിഗത്തിന്റെ ഉല്ലാസം എന്നീ ചിത്രങ്ങൾ ആമസോൺ പ്രൈമിലൂടെയും റിലീസ് ചെയ്തു. വിനീത് ശ്രീനിവാസന്റെ മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ് ജനുവരി 13ന് ഹോട്ട്സ്റ്റാറിലൂടെയും അർജുൻ അശോകന്റെ തട്ടാശ്ശേരി കൂട്ടം സീ5 പ്ലാറ്റ്ഫോമിലൂടെയും റിലീസിനെത്തി. തെലുങ്ക് ചിത്രം ഹിറ്റ് 2, വിജയ് സേതുപതിയുടെ ഡിഎസ്പി എന്നിവയാണ് ജനുവരി ആദ്യ വാരം ഒടിടി റിലീസിനെത്തിയ പ്രധാന അന്യഭാഷ സിനിമകൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേരളത്തിൽ എത്തിയാൽ ആദ്യ കോൾ നസ്രിയയ്ക്ക്

MORE VIDEOS