ADVERTISEMENT

പൊന്നിയൻ സെൽവനിലെ ആഴ്‌വാർ കടിയാൻ നമ്പി എന്ന കഥാപാത്രമായി മണിരത്നം തന്നെ തിരഞ്ഞെടുക്കാൻ കാരണം രമേഷ് പിഷാരടിയാണെന്ന് ജയറാം. രമേഷ് പിഷാരടി സംവിധാനം ചെയ്ത 'പഞ്ചവർണ്ണത്തത്ത' എന്ന ചിത്രത്തിലെ ജയറാമിന്റെ മൊട്ടയടിച്ച ലുക്ക് കണ്ടിട്ടാണ് നമ്പിയായി അഭിനയിക്കാൻ ജയറാം അനുയോജ്യനാണെന്ന് മണിരത്നത്തിനു തോന്നിയത്. മണിരത്നത്തിന്റെ ഓഫിസിന്റെ ചുമരിൽ, തല മൊട്ടയടിച്ച് കുതിരപ്പുറത്തിരിക്കുന്ന ജയറാമിന്റെ, ‘പഞ്ചവർണത്തത്ത’യുടെ ഒരു വലിയ പോസ്റ്റർ ഒട്ടിച്ചിരുന്നുവെന്നും ഏതെങ്കിലും ഒരു വലിയ വേദിയിൽ ഇതു പറഞ്ഞ് പിഷാരടിക്ക് സർപ്രൈസ് കൊടുക്കാൻ വേണ്ടിയാണ് ഇത്രനാളും തുറന്നു പറയാത്തതെന്നും ജയറാം പറഞ്ഞു. ‘മഴവിൽ മനോരമ’യുടെ മഴവിൽ മ്യൂസിക് അവാർഡ് 2022 ൽ സംസാരിക്കുകയായിരുന്നു ജയറാം.

‘‘രണ്ടര വർഷം മുൻപ് മണിരത്നത്തിന്റെ ഓഫിസിൽനിന്ന് എനിക്ക് വിളി വന്ന്, ഞാൻ അദ്ദേഹത്തെ കാണാൻ അവിടെ ചെന്നു. പൊന്നിയൻ സെൽവൻ എന്ന എക്കാലത്തെയും ചരിത്രമായ നോവൽ സിനിമയാക്കാൻ പോകുന്നു എന്ന വാർത്തയാണ് അദ്ദേഹം പറഞ്ഞത്. നാൽപത് വർഷങ്ങളായി തമിഴിൽ ഒരുപാടുപേർ ആഗ്രഹിച്ചതാണ് അത് സിനിമയാക്കാൻ. എനിക്ക് ഭയങ്കര ത്രില്ല് ആയി. കുട്ടിക്കാലം മുതൽ കേട്ടിട്ടുള്ള കഥയാണ്. കൽക്കി കൃഷ്ണമൂർത്തി എഴുതിയ കഥാപാത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ആഴ്‌വാർ കടിയാൻ നമ്പി എന്ന, മന്ത്രിയുടെ ചാരനായ കഥാപാത്രം.

ആ നോവലിൽ ഏറ്റവും രസകരമായിട്ടുള്ളതാണ് വന്തിയത്തേവനും നമ്പിയും ഒരുമിച്ചുള്ള യാത്രയും അവർ തമ്മിലുള്ള ടോം ആൻഡ് ജെറി കളിയും. രണ്ടാം ഭാഗത്തിലാണ് അത് കൂടുതൽ വരുന്നത്. മണിരത്നം കഥ മുഴുവൻ വലിയൊരു ചാർട്ട് പേപ്പറിൽ ആക്കി വച്ച് ഓരോന്നും വിവരിച്ചു തന്നു. എല്ലാം കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു, ആഴ്‌വാർ കടിയാൻ നമ്പിക്ക് എന്റെ കുറച്ച് സാമ്യമുണ്ടല്ലോ? എന്നിലേക്ക് സർ എങ്ങനെയാണ് എത്തിപ്പെട്ടതെന്ന്. അദ്ദേഹം എന്നോട് പറഞ്ഞു, ‘പിഷാരടി എന്നൊരു സംവിധായകൻ മലയാളത്തിൽ ഇല്ലേ?’ ഞാൻ പറഞ്ഞു, ‘ഉണ്ട്’. ഉടനെ മണിരത്നം ഒരു പടം കാണിച്ചു തന്നു. പിഷാരടി എന്നെ വച്ച് ആദ്യം ചെയ്ത സിനിമയുടെ വലിയൊരു പോസ്റ്റർ ആയിരുന്നു അവിടെ ചുമരിൽ വച്ചിരുന്നത്.

പഞ്ചവർണ്ണത്തത്ത എന്ന ചിത്രത്തിലെ എന്റെ കഥാപാത്രത്തിന്റെ ആ മൊട്ടത്തല കണ്ടിട്ടാണ് എന്നെ വിളിച്ചത്. അല്ലെങ്കിൽ ഒരിക്കലും മണിരത്നത്തിന്റെ മനസ്സിൽ അങ്ങനെ വരികയേ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ചരിത്രത്തിൽ ഇടം പിടിച്ച സിനിമയുടെ ഭാഗമാകാൻ എന്നെ സഹായിച്ചത് പിഷാരടി ആണ്. ഇത് വലിയൊരു വേദിയിൽ തന്നെ പറയണം എന്നുള്ളതുകൊണ്ടാണ് പിഷാരടിയെ ഇതുവരെ ഫോൺ ചെയ്തു പറയാത്തത്.’’ ജയറാം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com