ADVERTISEMENT

വാരിസ് സിനിമയെ ടെലിവിഷൻ സീരിയലുകളുമായി താരതമ്യം ചെയ്ത വിമർശനങ്ങളിൽ പ്രതികരണവുമായി സംവിധായകൻ വംശി പൈഡിപള്ളി. സീരിയലുകളും ക്രിയേറ്റീവ് ആയ ജോലിയാണെന്നും വീട്ടമ്മാരുടെയും മറ്റും ജീവിതം മനോഹരമാക്കുവാൻ സീരിയലുകൾക്ക് ഒരുപരിധിവരെ കഴിഞ്ഞിട്ടുണ്ടെന്നും വംശി പറയുന്നു. തമിഴ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് വംശി ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

 

‘‘നിരൂപകരോട് എനിക്ക് ആദരമുണ്ട്. അത് വച്ച് തന്നെ പറയട്ടെ, അവരെ തൃപ്തിപ്പെടുത്താനല്ല ഞാൻ സിനിമ ചെയ്യുന്നത്. ഞാൻ ചെയ്യുന്നത് കമേഴ്സ്യൽ സിനിമകളാണ്, അതും പ്രേക്ഷകർക്കു വേണ്ടി. നിരൂപകർ സിനിമ കണ്ട് അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ മോശമാണെന്ന് എഴുതുന്നു. അത് അവരുടെ മാത്രം അഭിപ്രായമാണ്. സാധാരണപ്രേക്ഷകന്‍ അങ്ങനെയല്ല. ഞാൻ കണ്ട തിയറ്ററിലെല്ലാം ചിത്രം കണ്ടശേഷം എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു. ഇതാണ് എന്റെ ഓഡിയൻസ്. അവർക്കുവേണ്ടിയാണ് ഞാൻ സിനിമ എടുക്കുന്നത്. ഞാൻ റിവ്യു വായിക്കാറില്ല. അതിനെക്കുറിച്ച് അറിയാനും ശ്രമിക്കാറില്ല.

 

ഇന്ന് ഒരു വലിയ ഹീറോ നായകനാകുന്ന സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ ഇറങ്ങുന്ന സമയം മുതൽ പല കഥകളാകും പ്രചരിക്കുക. പടം കണ്ടിട്ട് അഭിപ്രായം പറയൂ, ആദ്യം അതൊന്ന് തിയറ്ററുകളിലെത്തി ആളുകള്‍ കാണട്ടെ. അതിനുള്ള സമയം കൊടുക്കൂ. ഒരു സിനിമയെടുക്കാനുള്ള ബുദ്ധിമുട്ട് എന്താണെന്ന് അറിയാമോ? എത്രപേരാണ് സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നതെന്ന് അറിയാമോ? ഇതൊരു തമാശയല്ല. ഒരു സംവിധായകൻ സിനിമയ്ക്കുവേണ്ടി എത്ര ത്യാഗം ചെയ്യുന്നുണ്ടെന്ന് അറിയാമോ? ഇന്ത്യയിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളായ വിജയ് സർ ഒരു സിനിമയ്ക്കു വേണ്ടി എത്ര കഷ്ടപ്പെടുന്നുണ്ടെന്ന് അറിയാമോ? ഓരോ പാട്ടിനു മുമ്പും റിഹേഴ്സൽ നടത്തും. ഡയലോഗുകൾ പറയുമ്പോൾ പോലും പ്രാക്ടീസ് ചെയ്ത ശേഷമെ ക്യാമറയ്ക്കു മുന്നിലെത്തു.

 

എന്തുകൊണ്ടാണ് സീരിയലുകളെ ഡീഗ്രേഡ് ചെയ്യുന്നത്. എത്രയോ ആളുകളാണ് വൈകുന്നേരം അത് രസിച്ചിരുന്ന് കാണുന്നതെന്ന് അറിയാമോ? വീട്ടിൽ പോയി നോക്കൂ, നിങ്ങളുടെ അമ്മയും അമ്മൂമ്മയുമൊക്കെ ഇത് കാണുന്നുണ്ടാകും. സീരിയലുകൾ കാരണം അവരുടെ ജീവിതം മനോഹരമായി മുന്നോട്ടുപോകുന്നു. എന്തിനാണ് അതിനെ ഡീഗ്രേഡ് ചെയ്യുന്നത്. അതും ഒരു ക്രിയേറ്റീവ് ജോലിയാണ്.’’–വംശി പൈഡിപള്ളി പറഞ്ഞു.

 

വിജയ്‍യുടെ ഇൻട്രൊ രംഗങ്ങളിൽ ഗ്രാഫിക്സിന്റെ അതിപ്രസരം വന്നതിനെക്കുറിച്ചും വംശി പറയുകയുണ്ടായി. ‘‘ഗ്രാഫിക്സ് നന്നായി ചെയ്യാൻ കൂടുതൽ സമയം വേണമായിരുന്നു. ആ പാട്ടിൽ വിജയ് സർ ഒരുപാട് സ്ഥലങ്ങളിൽ കൂടി പോകുന്നുണ്ട്. അതൊരു ട്രാവലിങ് സോങ് ആയിരുന്നു. പക്ഷേ നമുക്ക് ആ സ്ഥലങ്ങളില്‍ പോയി ഷൂട്ട് ചെയ്യാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഗ്രാഫിക്സ് അവിടെ ഉപയോഗിച്ചത്. സമയത്തിന്റെ പ്രശ്നം ഉണ്ടായി. പക്ഷേ തിയറ്ററുകളിൽ ആളുകള്‍ അത് കണ്ട് രസിക്കുന്നുണ്ടായിരുന്നു. പക്ഷേ ചില പരാതികളും ഉണ്ടായി. അത് ഞാനുൾക്കൊള്ളുന്നു. എന്നോട് ക്ഷമിക്കണം.’’–വംശി പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com