ADVERTISEMENT

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് നടി മോളി കണ്ണമാലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് പ്രേക്ഷകർ വേദനയോടെയാണു കേട്ടത്. ചികിത്സയ്ക്കു സാമ്പത്തിക സഹായം തേടി കുടുംബാംഗങ്ങളും രംഗത്തെത്തി. സിനിമാമേഖലയിൽ നിന്നുള്ള സഹായത്തേക്കാൾ കൂടുതൽ ലഭിച്ചത് ജനങ്ങളിൽ നിന്നാണെന്ന് മോളി കണ്ണമാലിയുടെ കുടുംബാംഗങ്ങൾ പറഞ്ഞു. ആശുപത്രിവാസം കഴിഞ്ഞ് മോളി കണ്ണമാലി ഇപ്പോൾ തിരിച്ചുവീട്ടിലെത്തി. ഈ അവസരത്തിൽ ആരോഗ്യസ്ഥിതിയെക്കുറിച്ചും പ്രേക്ഷകരിൽനിന്ന് ലഭിച്ച സഹായത്തെക്കുറിച്ചും മോളിയുടെ മരുമകൾ മനോരമന്യൂസുമായി സംസാരിക്കുന്നു.

‘‘അമ്മച്ചിയെ തിരികെ കിട്ടുമെന്നു വിചാരിച്ചിരുന്നതല്ല. ന്യൂമോണിയ കൂടിയ അവസ്ഥയിലാണ് ആശുപത്രിയിൽ കൊണ്ടുപോകുന്നത്. ചെന്നപ്പോൾത്തന്നെ ഡോക്ടർമാർ പറഞ്ഞത് ജീവനോടെ തിരികെ പോകാൻ പറ്റുന്ന കാര്യം സംശയമാണെന്നാണ്. അത്രയധികം രോഗം മൂർച്ഛിരുന്നു. വെന്റിലേറ്ററിലേക്കാണ് ആദ്യം തന്നെ കൊണ്ടുപോയത്. ഞങ്ങളുടെ കയ്യിൽ പണം ഇല്ലായിരുന്നു. ജോയ് മാത്യു സാറിനെ കോൺടാക്ട് ചെയ്തിരുന്നു. സർ വഴിയാണ് ആദ്യം കാണിച്ച ആശുപത്രിയിൽനിന്ന് മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റിയത്. സാറാണ് ആദ്യം അമ്മച്ചിയുടെ കാര്യം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നത്. അത് കഴിഞ്ഞ് നിരവധിയാളുകൾ ഞങ്ങളുടെ അവസ്ഥ അറിയിച്ചുകൊണ്ട് വിഡിയോയും പോസ്റ്റുമൊക്കെയിട്ടു. ബിനീഷ് ബാസ്റ്റിൻ, ദിയ സന, ഫിറോസ് കുന്നുംപറമ്പിൽ തുടങ്ങി ഒരുപാട് പേർ ഈ രീതിയിൽ സഹായിച്ചു.

അമ്മച്ചിയുടെ അവസ്ഥ ‘അമ്മ’ സംഘടനയെ അറിയിച്ചിരുന്നു. എന്നാൽ അംഗമല്ലാത്തതു കൊണ്ട് ഒരു സഹായവും ചെയ്യാൻ പറ്റില്ലെന്നാണ് പറഞ്ഞത്. സിനിമാ മേഖലയിൽനിന്നു ബാല, പ്രേംകുമാർ ഇവരൊക്കെ സഹായിച്ചിരുന്നു. അമ്മച്ചിയുടെ അവസ്ഥ ബാല സാറിനെ വിളിച്ചു പറഞ്ഞപ്പോൾത്തന്നെ വീട്ടിലേക്ക് വരാൻ പറഞ്ഞു. ചെന്നയുടൻ പതിമൂവായിരം രൂപയുടെ ചെക്ക് തന്നു. സിനിമാമേഖലയിൽ നിന്നുള്ള സഹായത്തേക്കാൾ കൂടുതൽ പ്രേക്ഷകരാണ് സഹായിച്ചത്. അറിയാത്ത ഒരുപാട് ആളുകൾ സുഖവിവരം തിരക്കുകയും അമ്മച്ചിക്കു വേണ്ടി പ്രാർഥിക്കുകയും ചെയ്തിട്ടുണ്ട്.

മെഡിക്കൽ ട്രസ്റ്റിൽ ചെന്നപ്പോഴും അവസ്ഥ മോശമായിരുന്നു. രണ്ടു ദിവസം വെന്റിലേറ്ററിലായിരുന്നു. അതിനു ശേഷം ഐസിയുവിലേക്കു മാറ്റി. വീട്ടിലും ഓക്സിജൻ സിലിണ്ടർ വേണം. മന്ത്രി വീണാ ജോർജ് ഇടപെട്ടാണ് ഓക്സിജൻ സിലിണ്ടർ കിട്ടിയത്. ചികിത്സയ്ക്ക് സുമനസുകളെ ആശ്രയിക്കാതെ ഞങ്ങൾ നിവൃത്തിയില്ലായിരുന്നു. മൽസ്യബന്ധനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കടലിൽ പണിയില്ലാത്തപ്പോൾ വേറെ വരുമാനം ഒന്നുമില്ല. കുട്ടികളും മുതിർന്നവരുമായി 9 പേരാണ് ഒരു വീട്ടിൽ കഴിയുന്നത്. കെ.വി. തോമസ് സാറിന്റെ ഫണ്ടിൽനിന്ന് അനുവദിച്ച തുക കൊണ്ട് ഉണ്ടാക്കിയ ചെറിയ ഒരു വീട് മാത്രമാണ് ഞങ്ങൾക്ക് ഉള്ളത്.

ഇതിനിടെ, പലരും മമ്മൂട്ടി സർ ഒരുപാടു പൈസ തന്നു സഹായിച്ചു എന്നൊക്കെ പ്രചരിപ്പിച്ചിരുന്നു. അതു കാരണം, മമ്മൂട്ടി സഹായിച്ചില്ലേ എന്നു ചോദിച്ച് പലരും സഹായം തരാതിരുന്നിട്ടുണ്ട്. അമ്മച്ചിക്ക് ആദ്യം സുഖമില്ലാതെ വന്നപ്പോൾ മമ്മൂട്ടി സാറാണ് സഹായിച്ചത്. അമ്മച്ചി തന്നെ പലയിടത്തും അതു പറഞ്ഞിട്ടുമുണ്ട്. ഡിസ്ചാർജ് ചെയ്യാൻ നേരം അദ്ദേഹം അമ്പതിനായിരം രൂപ തന്നത് മറക്കാനാകില്ല’’. – മരുമകൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com