ADVERTISEMENT

‘അമ്മ’ ജനറൽ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ട് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവെച്ച തിരുവനന്തപുരം സ്വദേശിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം സ്വദേശി കൃഷ്ണപ്രസാദി (59) നെയാണ് കൊച്ചി സിറ്റി സൈബർ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാല് ദിവസം മുമ്പാണ് ഇയാൾ ‘അമ്മ’ സംഘടനയെയും ഇടവേള ബാബുവിനെയും അപകീർ‌ത്തിപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വിഡിയോ പങ്കുവെച്ചത്.  ഇടവേള ബാബു  നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സൈബർ പൊലീസ് ഇയാളെ മൊഴിയെടുക്കാനായി വിളിച്ച് വരുത്തിയ ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് കൊച്ചി സൈബർ പോലീസ് അറിയിച്ചു.

 

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് സിനിമയുമായി ബന്ധപ്പെട്ട ഇടവേള ബാബുവിന്റെ പരാമർശത്തിനെതിരെയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രതിഷേധം ഉയർന്നത്. വിഷയത്തിൽ തന്നെയും താര സംഘടനയായ അമ്മയെയും അപമാനിക്കുന്നുവെന്നായിരുന്നു നടന്റെ പരാതി. താൻ നടത്തിയ പരാമർശത്തിന്റെ ഒരു ഭാഗം മാത്രം ഉപയോഗിച്ചാണ് അപമാനിക്കുന്നതെന്നും ഇൻസ്റ്റാഗ്രാം, യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങളിലൂടെയാണ് അസഭ്യം ഉൾക്കൊള്ളുന്ന വിഡിയോകൾ പ്രചരിക്കുന്നതെന്നും ബാബു പറഞ്ഞു. 

 

മുകുന്ദനുണ്ണി സിനിമ മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ സെന്‍സര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് അറിയില്ലെന്നും ഇടവേള ബാബു പറഞ്ഞിരുന്നു.

 

ഇടവേള ബാബുവിന്റെ വാക്കുകൾ: മുകുന്ദന്‍ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി. അതിന് എങ്ങനെ സെന്‍സറിങ് കിട്ടിയെന്ന് എനിക്കറിയില്ല. കാരണം ഫുള്‍ നെഗറ്റീവാണ്. പടം തുടങ്ങുന്നത് തന്നെ ‘ഞങ്ങള്‍ക്കാരോടും നന്ദി പറയാനില്ല’ എന്ന വാചകത്തോടെയാണ്. ക്ലൈമാക്‌സിലെ ഡയലോഗ് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാന്‍ പറ്റില്ല. അങ്ങനെയൊരു ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സിഗരറ്റ് വലിക്കുന്ന സീനിനും മദ്യക്കുപ്പി വയ്ക്കുന്നതിനും മൂന്ന് തവണയെങ്കിലും മുന്നറിയിപ്പ് കാണിക്കണം. എന്നാൽ ഈ സിനിമ ഒന്നു കാണണം, ഫുള്‍ നെഗറ്റീവാണ്. അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ആര്‍ക്കാണ് ഇവിടെ മൂല്യച്യുതി സംഭവിച്ചത്. പ്രേക്ഷകര്‍ക്കാണോ സിനിമാക്കാര്‍ക്കാണോ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com