ADVERTISEMENT

ഷാറുഖ് ഖാനും ദീപിക പദുക്കോണും ഒന്നിച്ച ചിത്രം പഠാൻ വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. ഷാരൂഖും ദീപികയും മുമ്പ് ഒന്നിച്ച ചിത്രങ്ങളും വൻ ഹിറ്റുകള്‍ ആയിരുന്നു. പഠാനിലെ ഒരു ഗാനരംഗം വിവാദങ്ങള്‍ക്ക് കാരണമായെങ്കിലും ചിത്രത്തെ അതൊന്നും ബാധിച്ചിരുന്നില്ല. ഇപ്പോഴിതാ ഷാറുഖ് ഖാനുമായുള്ള സ്ക്രീനിലെ തന്റെ കെമിസ്ട്രിയെക്കുറിച്ച് ദീപിക പദുക്കോണ്‍ സംസാരിക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. 'പഠാന്റെ' വിജയാഘോഷത്തിന്റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഒരു ഘട്ടത്തിൽ നടി വികാരഭരിതയാകുന്നതും കാണാമായിരുന്നു.

 

‘‘ഞങ്ങള്‍ തമ്മിലുള്ള കെമിസ്‍ട്രി ഇപ്പോഴുമുള്ളത് വളരെ രസകരമാണ്. പഠാനിലെ ഞങ്ങളുടെ കഥാപാത്രങ്ങള്‍ വ്യത്യസ്‍തമായിരുന്നു. 'ഓം ശാന്തി ഓം, ഹാപ്പി ന്യൂ ഇയര്‍, ചെന്നൈ എക്സ്പ്രസ് എന്നിവയൊക്കെ പ്രത്യേകതയുള്ളതാകുന്നത് ഞങ്ങള്‍ തമ്മിലുള്ള ബന്ധവും സ്‍നേഹവും കൊണ്ടാണ്. ഷാറുഖ് ഖാന് എന്നെക്കുറിച്ചുള്ള ഒരു പ്രതീക്ഷ ഇല്ലായിരുന്നെങ്കില്‍ ഞാൻ ഇവിടെ ഉണ്ടാകുമായിരുന്നില്ല. ഓം ശാന്തി ഓമിന് മുമ്പ് സിനിമയുടെ സെറ്റില്‍ ഒരിക്കലും പോയിട്ടില്ല. പക്ഷേ അദ്ദേഹം വളരെ ആത്മവിശ്വാസമുണ്ടാക്കി. അത് അദ്ദേഹത്തിനു പോലും അറിയാത്ത തരത്തില്‍ സ്‍ക്രീനിലേക്ക് എത്തുകയായിരുന്നു.’’–ദീപിക പദുക്കോണ്‍ പറയുന്നു.

 

‘‘പഠാൻ ജനങ്ങൾ ഏറ്റെടുക്കുന്നത് കാണുമ്പോൾ അതിയായ സന്തോഷം. സിനിമ റിലീസ് ചെയ്ത സമയത്ത് ആരാധകർക്കൊപ്പം കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അത് സാധിച്ചില്ല. കഴിഞ്ഞ ദിവസങ്ങളിൽ ചില തിയറ്ററുകളിൽ പോയി അവരുടെ പ്രതികരണങ്ങൾ നേരിട്ടു കണ്ടു. ഇങ്ങനെയൊരു സിനിമയ്ക്ക് ലോകമൊട്ടാകെയുള്ള ആളുകളെ ഒന്നിച്ചുകൂട്ടാൻ കഴിയുന്നു എന്നത് തന്നെ വലിയ കാര്യം. അവര്‍ക്കെല്ലാം ഈ ചിത്രത്തിലൂടെ സന്തോഷം ലഭിക്കുന്നു. ഒരു ഉത്സവം പോലെ അവർ പഠാൻ ആഘോഷിക്കുന്നു.’’–ദീപിക പദുക്കോണ്‍ പറഞ്ഞു.

 

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്‍ത ചിത്രമാണ് 'പഠാൻ'. ഷാറുഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ ഏബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ആമസോണ്‍ പ്രൈം വിഡിയോ ആണ് ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com