ADVERTISEMENT

ആരാധകർ കാത്തിരുന്ന ചിത്രത്തിന് തുടക്കമായിരിക്കുകയാണ്. മാസ്റ്ററിനു ശേഷം വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം നടന്നത്. 'ദളപതി 67' എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം ഗ്യാങ്സ്റ്റർ ഡ്രാമ വിഭാഗത്തിൽപെടുന്നു. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ആക്‌ഷൻ സിനിമയായ ഈ സിനിമയുടെ പ്രധാന ലൊക്കേഷനുകളിലൊന്ന് കശ്മീർ ആണ്.

 

കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. അനിരുദ്ധ് ആണ് സംഗീതം. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ദളപതി 67. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. അന്‍ബറിവാണ് സംഘട്ടനം. എഡിറ്റിങ് ഫിലോമിന്‍ രാജ്.

 

ആര്‍ട്ട് എന്‍. സതീഷ് കുമാര്‍, കൊറിയോഗ്രാഫി ദിനേഷ്, ഡയലോഗ് ലോകേഷ് കനകരാജ്, രത്നകുമാര്‍ ആൻഡ് ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാം കുമാര്‍ ബാലസുബ്രഹ്‌മണ്യന്‍.

 

ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെടുന്ന ചിത്രമാണ് ദളപതി 67 എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. വിക്രം സിനിമയിലൂടെ തന്റേതായ യൂണിവേഴ്സ് പ്രഖ്യാപിച്ച ലോകേഷ് ഈ ചിത്രത്തിൽ എന്ത് മാജിക്ക് ആകും ഒരുക്കിവച്ചിരിക്കുക എന്ന ആകാംക്ഷയും ആരാധകരിലുണ്ട്. അതുകൊണ്ട് തന്നെ പല തരത്തിലുള്ള ഊഹാപോഹങ്ങളാണ് ചിത്രത്തെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

 

വിജയ്‌യെ മാത്രം വച്ച് ‘ദളപതി യൂണിവേഴ്സ്’ ഒരുക്കാനുള്ള തയാറെടുപ്പിലാണ് ലോകേഷ് എന്ന് ഒരുകൂട്ടം അഭിപ്രായപ്പെടുന്നു. ദില്ലി, റോളക്സ്, വിക്രം എന്നീ കഥാപാത്രങ്ങളെ അങ്ങനെ തന്നെ വച്ച് വിജയ്‌യ്ക്കു മാത്രമായി ഒരു യൂണിവേഴ്സ് ഒരുക്കുക. അനിരുദ്ധിനെ മാറ്റി നിർത്തിയാൽ വിക്രം സിനിമയിലെ അണിയറ പ്രവർത്തകരാരും തന്നെ ദളപതി 67ൽ ഇല്ല. അതുപോലെ തന്നെ പുതിയ താരനിരയാകും ഈ ചിത്രത്തിലും ലോകേഷ് കൊണ്ടുവരുന്നത്. അതുകൊണ്ട് തന്നെ പുതിയൊരു യൂണിവേഴ്സ് സൃഷ്ടിക്കാനുള്ള ലോകേഷിന്റെ തയാറെടുപ്പാണ് ദളപതി 67 എന്നാണ് ഇവരുടെ കണ്ടെത്തൽ.

 

മാത്രമല്ല കൈതി സിനിമയുടെ നിർമാതാവായ എസ്. ആർ. പ്രഭുവിന്റെ ട്വീറ്റും ഇതിനൊപ്പം ചർച്ചയായി. പാരലൽ യൂണിവേഴ്സിൽ നിന്നും എല്ലാ ആശംസകളും എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

 

എന്നാൽ വിക്രം സിനിമ പോലെ മറ്റൊരു പാരലൽ യൂണിവേഴ്സിൽ നടക്കുന്ന കഥയാകും ദളപതി 67 പറയുന്നതെന്നും അതിൽ തീർച്ചയായും റോളക്സും ദില്ലിയും പോലുള്ള കഥാപാത്രങ്ങൾ ഉണ്ടാകുമെന്നും മറ്റു ചിലർ അഭിപ്രായപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com