ADVERTISEMENT

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വാസ്തവ വിരുദ്ധമായ കാര്യങ്ങളെന്ന് നടൻ ബാല. ‘‘കണ്ണിന് ഓപ്പറേഷൻ കഴിഞ്ഞിരിക്കുന്ന എന്റെ ആരോഗ്യവിവരം അന്വേഷിക്കുന്നതിനാണ് യൂട്യൂബർ സായി കൃഷ്‌ണൻ വന്നത്. ഇടയ്ക്കിടെ വീട്ടിൽ വരാറുള്ള സന്തോഷ് വർക്കിയും ആ സമയത്ത് യാദൃച്ഛികമായി വീട്ടിലെത്തി. കുറച്ചു സമയം ഇരുന്നു സംസാരിച്ച് ഒരുമിച്ച് ഫോട്ടോ എടുത്തു പിരിഞ്ഞു. അതിൽ കവിഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുപോലെ ഒരർഥവും ആ ഫോട്ടോയ്ക്ക് ഇല്ല. ’’–ബാല പറയുന്നു. ഉണ്ണി മുകുന്ദൻ തന്റെ ശത്രുവല്ലെന്നും എന്നും മറ്റുള്ളവര്‍ക്ക് മാതൃകകളാകേണ്ട അഭിനേതാക്കൾ തെറി വിളിക്കുന്നത് തെറ്റാണെന്നും ബാല മനോരമ ഓൺലൈനിനോട് പറഞ്ഞു.  

 

മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ നടൻ ഉണ്ണി മുകുന്ദൻ ചീത്ത വിളിച്ച് വാർത്തകളിൽ ഇടംനേടിയ യൂട്യൂബറാണ് സായി കൃഷ്ണ. മോഹൻലാലിന്റെ ‘ആറാട്ട്’ സിനിമ മുതൽ തിയറ്ററിനു പുറത്തുനിന്നും സിനിമാ റിവ്യൂ പറയുന്നതിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ആളാണ് സന്തോഷ് വർക്കി. ഇരുവർക്കുമൊപ്പം നിൽക്കുന്ന ബാലയുടെ ചിത്രം വലിയ ചർച്ചകള്‍ക്കു വഴിവച്ചിരുന്നു. എന്തായാലും ഈ വിഷയത്തിൽ ബാലയ്ക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാം.

 

യൂട്യൂബറുടെ സന്ദർശനം 

 

കണ്ണിന് ഓപ്പറേഷൻ കഴിഞ്ഞു വിശ്രമിക്കുന്ന തന്നെ സന്ദർശിക്കാനാണ് യൂട്യൂബർ സായി കൃഷ്ണൻ വീട്ടിലെത്തിയത്. സായി കൃഷ്ണൻ എന്നെ വിളിച്ചിട്ട് ‘‘സർ വീട്ടിലുണ്ടോ കണ്ണിനു ഇപ്പോൾ എങ്ങനെ ഉണ്ട്, ഞാൻ ഒന്ന് വന്നു കണ്ടോട്ടെ’’ എന്ന് ചോദിക്കുകയായിരുന്നു. ഞാൻ പറഞ്ഞു വരൂ നമുക്ക് കാണാം. അങ്ങനെയാണ് സായി കൃഷ്ണൻ പാലാരിവട്ടത്തുള്ള എന്റെ വീട്ടിൽ എത്തുന്നത്. സന്തോഷ് വർക്കി ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ട്. മുൻപ് എന്നെക്കുറിച്ച് മോശമായി പറഞ്ഞിരുന്ന ആളാണ് സന്തോഷ് വർക്കി.  പക്ഷേ എന്നോട് നേരിട്ട് സംസാരിച്ചപ്പോൾ സന്തോഷിന് എന്നെക്കുറിച്ചുള്ള ധാരണ മാറി. ഇപ്പോൾ ഇടയ്ക്കിടെ സന്തോഷ് വർക്കി എന്റെ വീട്ടിൽ വരാറുണ്ട്. ആരോടും വിദ്വേഷം വച്ച് പുലർത്തുന്ന ആളല്ല ഞാൻ. എന്റെ വീട്ടിൽ ഒരു ദിവസം ഇരുപതുപേർക്കുള്ള ഭക്ഷണം ഉണ്ടാക്കാറുണ്ട്. ആര് വന്നാലും പായസം ഉൾപ്പടെയുള്ള ആഹാരം കൊടുത്താണ് വിടുന്നത്. സായികൃഷ്ണൻ വന്നപ്പോൾ യാദൃച്ഛികമായി സന്തോഷ് വർക്കിയും വീട്ടിലെത്തി. ഇതൊക്കെ അപ്രതീക്ഷിതമായി സംഭവിച്ചതാണ്. അല്ലാതെ സോഷ്യൽ മീഡിയയിൽ, ഓൺലൈൻ ചാനലുകളിൽ പറയുന്നതുപോലെ പുതിയ ബെൽറ്റോ, ശത്രുവിന്റെ ശത്രുവിനെ മിത്രമായി കരുതുന്നതോ അല്ല.  സായി കൃഷ്ണൻ പോകാൻ നേരം ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചു ഞാൻ സമ്മതിച്ചു. ആ ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

 

ശത്രുവിന്റെ ശത്രു മിത്രമോ ?

 

ആരാണ് എന്റെ ശത്രു? എന്താണ് ഇങ്ങനെയൊക്കെ പറയുന്നത്? ഉണ്ണി മുകുന്ദൻ എന്റെ ശത്രുവാണോ? ഞാൻ ഇതുവരെ അങ്ങനെ കരുതിയിട്ടില്ല. അന്നും ഇന്നും എന്നും ഞാൻ പറയുന്നത് ഉണ്ണി എന്റെ സഹോദരൻ ആണെന്നാണ്. ഉണ്ണിയുടെ സിനിമയിൽ അഭിനയിച്ചപ്പോൾ പ്രതിഫലം സംബന്ധിച്ച് ചില പ്രശ്നങ്ങൾ ഉണ്ടായി അത് ഞാൻ തുറന്നു പറഞ്ഞു.  പറയാൻ ഉള്ളത് ആരുടെ മുഖത്തുനോക്കിയും പറയും. വെറുപ്പ് മനസ്സിൽ വച്ച് പുലർത്തുന്ന ആളല്ല ഞാൻ. ഉണ്ണിയോടും പറയാൻ ഉള്ളത് പറഞ്ഞു. അതിൽ കവിഞ്ഞ് അവൻ എന്റെ ശത്രു അല്ല.  പക്ഷേ ഒരു കാര്യം എനിക്ക് പറയാൻ ഉള്ളത് നമ്മൾ ആരും നില മറന്നു സംസാരിക്കരുത്. സായി കൃഷ്ണയുടെ യൂട്യൂബ് വിഡിയോ ഞാൻ കേട്ടതാണ്. നമ്മൾ എന്നും മറ്റുള്ളവർക്ക് മാതൃകയായിരിക്കണം, അഭിനേതാക്കൾ പ്രത്യേകിച്ചും. പൊതുജനങ്ങൾ നമ്മളെ കണ്ട് ഒരുപാടു കാര്യങ്ങൾ അനുകരിക്കാറുണ്ട്. അങ്ങനെ മാതൃകയാക്കേണ്ട ഒരാൾ തെറി വിളിച്ചത് ഒട്ടും ശരിയായില്ല. സമൂഹത്തിനു കാണിച്ചു കൊടുക്കുന്ന മാതൃക ഇതാണോ. പക്ഷേ സായി എന്നെ കാണാൻ വന്നത് ഇതൊന്നും സംസാരിക്കാനല്ല. എനിക്ക് സുഖമില്ലാതിരിക്കുന്നതുകൊണ്ടു കാണാൻ വന്നതാണ്. കുറച്ചു സമയം ഇരുന്നു സൗഹൃദം പങ്കുവച്ച് ഫോട്ടോ എടുത്തു പിരിഞ്ഞു.  അതിനു വേറെ അർഥങ്ങൾ കൊടുത്ത് പ്രചരിപ്പിക്കുന്നത് ഒട്ടും നല്ലതല്ല.  

 

ഞാൻ, സീക്രട്ട് ഏജന്റ്, ആറാട്ട് അണ്ണൻ 

 

ഞാൻ ആരെയും കൂട്ടുപിടിച്ച് ഒന്നും ചെയ്യാറില്ല. ഞാൻ തനിയെ നടക്കുന്നവനാണ്. വലിയൊരു ദൈവ വിശ്വാസി ആണ്. ദൈവത്തിനു നിരക്കാത്തത്  ഒന്നും ചെയ്യില്ല.  ആരെയും വഞ്ചിക്കുകയോ ഗൂഢാലോചന നടത്തുകയോ അപവാദം പറയുകയോ ചെയ്യുന്ന ആളല്ല ഞാൻ. പിന്നെ എന്തിനു സീക്രട്ട് ഏജന്റ്, ആറാട്ട് അണ്ണൻ എന്നിവരുമായി പുതിയ ബെൽറ്റ് ഉണ്ടാക്കണം? സോഷ്യൽ മീഡിയയിലെ ചർച്ചകൾ കാണുമ്പോൾ ചിരിയാണ് വരുന്നത്. വെറുതെ എന്നെ സന്ദർശിക്കാൻ വന്നതാണ് സായി കൃഷ്ണൻ. സന്തോഷ് വർക്കി ഇടയ്ക്കിടെ എന്നെ സന്ദർശിക്കുന്ന ആളും. അവർ ഒരുമിച്ച് ഒരു ഫോട്ടോ പോസ്റ്റ് ചെയ്തത് ഏതൊക്കെ തരത്തിലാണ് വ്യാഖ്യാനിക്കുന്നത്. ഒരു വലിയ പോസ്റ്റിൽ ഇരിക്കുന്ന ഉദ്യോഗസ്ഥൻ എന്നെ വിളിച്ചിട്ട് പറയുകയാണ്, ‘‘ബാല നിങ്ങൾക്ക് ഇതൊന്നും നല്ലതല്ല എന്ന്’’. ഞാൻ ചോദിച്ചു ‘‘എന്താണ്?’’ 

 

പുള്ളി പറഞ്ഞു, ‘‘ഉണ്ണി മുകുന്ദനുമായി പ്രശ്നത്തിൽ ഇരിക്കുന്ന ആളുമായി ഫോട്ടോ ഒക്കെ പോസ്റ്റ് ചെയുന്നത് ശരിയാണോ? അയാളെ കൂട്ടുപിടിച്ച് പുതിയ പദ്ധതികൾ ഇടുകയാണോ?.’’ ഞാൻ പറഞ്ഞു, ‘‘നിങ്ങൾക്ക് എന്താണ് സാർ, ഞാൻ അത്തരക്കാരനല്ല’’. പിന്നെ വീട്ടിൽ വരുന്നവരെ സ്വീകരിച്ചുള്ള പാരമ്പര്യമേ എനിക്കുള്ളൂ. എന്റെ നാട്ടിലും ഞാൻ അങ്ങനെ ആണ്. അങ്ങനെ വീട്ടിൽ വന്നവരുമായി ഒരു ഫോട്ടോ പോസ്റ്റ് ചെയ്തതിനു എന്താണ് കുഴപ്പം. അതിൽ മറ്റ് അർഥങ്ങൾ ഉണ്ടാക്കുന്നവരാണ് തെറ്റുകാർ.  ഞാൻ ഇപ്പോഴും പറയുകയാണ് ഉണ്ണി എന്റെ ശത്രു അല്ല. ഉണ്ണി എപ്പോൾ വിളിച്ചാലും ഞാൻ സൗഹൃദപൂർവം സംസാരിക്കും. പക്ഷേ അന്ന് പ്രശനം ഉണ്ടായതിനു ശേഷം അവൻ എന്നെ വിളിച്ചിട്ടില്ല, ഞാനും അങ്ങോട്ട് വിളിച്ചിട്ടില്ല. എന്നുകരുതി എനിക്ക് അവനോടു ഒരു വിരോധവും ഇല്ല. ഇനിയിപ്പോൾ വിരോധം ഉണ്ടായാലും ഞാൻ മറ്റാരെയും കൂട്ടുപിടിച്ച് ഒരു ഗൂഢാലോചനയും നടത്തില്ല. ഞാനൊരു ദൈവവിശ്വാസി ആണ്.       

        

കണ്ണിന് എട്ട് ഓപ്പറേഷൻ കഴിഞ്ഞു 

 

തമിഴ് പടത്തിൽ അഭിനയിക്കുമ്പോൾ കണ്ണിനു പറ്റിയ പരുക്ക് ഇതുവരെയും സുഖപ്പെട്ടിട്ടില്ല. കണ്ണിനു എട്ട് ഓപ്പറേഷൻ കഴിഞ്ഞു. ഇനിയൊരു ഓപ്പറേഷൻ കൂടിയുണ്ട് അത് മറ്റന്നാൾ ആണ് അതിനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ. 

 

പുതിയ ചിത്രങ്ങൾ 

 

മഖ്ബുൽ സൽമാൻ നായകനാകുന്ന ഒരു ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. അത് ഉടൻ റിലീസ് ആകും.  തമിഴ് മലയാളം സിനിമകൾ വരുന്നുണ്ട് അതിന്റെ പ്രഖ്യാപനം ഉടനെ ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com