ADVERTISEMENT

സ്ഫടികം സിനിമയുടെ റീറിലീസിനു വേണ്ടി കാത്തിരിക്കുകയാണ് മലയാള സിനിമാ പ്രേക്ഷകർ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. ഫെബ്രുവരി ഒൻപതിനാണ് സിനിമയുടെ ഫോർ കെ പതിപ്പ് തിയറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ സ്ഫടികത്തിലെ പ്രധാന കഥാപാത്രങ്ങളായ ആടുതോമയെക്കുറിച്ചും ചാക്കോ മാഷിനെക്കുറിച്ചും ഒരു അധ്യാപക സംസാരിക്കുന്നതിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ചിത്രത്തിന്റെ സംവിധായകനായ ഭദ്രനാണ് ഈ വിഡിയോ തന്റെ ഫെയ്സ്ബുക് പേജിലൂടെ പങ്കുവച്ചത്.

‘‘സ്ഫടികം ഒരു സിനിമയല്ല, അനേകം അധ്യായങ്ങളുള്ള ബൃഹത്തായ ഒരു ഗ്രന്ഥമാണ്. ആടുതോമ അതിലെ ആദ്യ അധ്യായമാണ്. വരികൾക്കിടയിലൂടെ രക്ഷിതാക്കളും അധ്യാപകരും വായിച്ച് വ്യാഖ്യാനിക്കേണ്ടൊരു അധ്യായം. രണ്ടാമത്തെ അധ്യായം ചാക്കോ മാഷ്. ഇങ്ങനെ അനേകം അധ്യായങ്ങൾ ചേരുന്നൊരു ബൃഹദ് ഗ്രന്ഥമാണ് സ്ഫടികം. ഇനി ആടുതോമമാര്‍ സൃഷ്ടിക്കപ്പെടാതിരിക്കട്ടെ, ചാക്കോ മാഷുമാരുണ്ടാകാതിരിക്കട്ടെ', പറയുന്നത് ഒരു ടീച്ചറാണ്. ഞാൻ കൂടി ഭാഗമായൊരു ചടങ്ങിലായിരുന്നു അവരിതു പറഞ്ഞത്. യാദൃച്ഛികമായി കഴിഞ്ഞ ദിവസം ആ വിഡിയോ എനിക്ക് മൊബൈലിൽ ലഭിച്ചപ്പോൾ ഏറെ അ‍ർഥവത്തായ ആ വരികൾ നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി, ടീച്ചറേ പ്രണാമം.’’–ഭദ്രൻ പറഞ്ഞു.

സ്ഫടികം റീറിലീസിന് എത്തുമ്പോൾ ചില സർപ്രൈസുകൾ കാത്തിരിപ്പുണ്ടെന്ന് പറയുന്നു സംവിധായകൻ. അതിനായുള്ള വിവരങ്ങൾ വൈകാതെ അപ്ഡേറ്റ് ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് മോഹൻലാൽ നേരിട്ട് ബുള്ളറ്റും റെയ്ബാൻ ഗ്ലാസും സമ്മാനിക്കുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്.

‘‘നിങ്ങളേവരും നെഞ്ചുംകൂടിൽ നിണമുദ്രണം ചെയ്ത, ആടുതോമ ആടിത്തിമിർത്ത ‘സ്ഫടികം’ 4 കെ ദൃശ്യമികവോടെയും ഡോൾബി അറ്റ്‍മോസ് ശബ്‍ദ വിന്യാസത്തോടെയും തിയറ്ററുകളിൽ വീണ്ടും അവതരിക്കാൻ ഇനി ഏതാനും ദിവസങ്ങളേയുള്ളൂ. പാതയുണർത്തുന്ന ആ ബുള്ളറ്റിന്‍റെ വരവും ലോറിയുടെ ഇരമ്പലും കരിമ്പാറ പൊട്ടിച്ചിതറുന്ന സ്ഫോടന ശബ്‍ദവുമൊക്കെ ഫെബ്രുവരി 9 മുതൽ നിങ്ങളുടെ കര്‍ണപുടങ്ങളിൽ പുത്തൻ സാങ്കേതിക വിദ്യയുടെ തികവോടെ വിസ്മയാവേശത്തിൽ പതിയുന്ന ആ നിമിഷങ്ങളെ ഓർത്തുള്ള ആകാംക്ഷയിലാണ് ഞാൻ.

സിനിമയുടെ വരവറിയിച്ചെത്തിയ മോഷൻ പോസ്റ്ററിനും ടീസറിനും ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കും നിങ്ങൾ തന്ന അദ്ഭുതപൂർവമായ സ്വീകരണത്തിന് മനസ്സിൽ തട്ടിയുള്ള നന്ദി സ്നേഹം. 4കെ ദൃശ്യമികവിൽ 'സ്ഫടികം' നിങ്ങൾക്ക് മുന്നിൽ തെളിയുമ്പോള്‍ കൂട്ടിച്ചേര്‍ത്ത ചില പുതിയ ഷോട്ടുകൾ ഉണ്ടാകുമെന്ന് ഞാൻ കൊച്ചിയിൽ പ്രസ് മീറ്റിൽ പറഞ്ഞിരുന്നു. അത് ഏതൊക്കെയാണെന്ന് കണ്ടെത്തുന്നവര്‍ക്ക് സമ്മാനവും പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിങ്ങൾ പുതിയ ഷോട്ടുകൾ ഏവയെന്ന് നോക്കിയിരിക്കുമ്പോൾ സിനിമയുടെ മൊത്തത്തിലുള്ള ആസ്വാദനത്തിന്‍റെ രസതന്ത്രം മുറിഞ്ഞു പോയാലോ എന്ന് ഞാൻ ഭയപ്പെടുന്നു. അതിനാൽ 'സ്ഫടിക'ത്തെ നെഞ്ചോടു ചേർത്ത് സ്നേഹിക്കുന്ന പലരുടേയും പല കോണിൽ നിന്നുള്ള അഭിപ്രായങ്ങൾ മാനിച്ച് അതിൽ ഒരു വ്യത്യാസം വരുത്തുകയാണ്.

ആ സമ്മാനം നിങ്ങൾക്ക് ലഭ്യമാക്കാൻ മറ്റൊരു രീതി ഞങ്ങൾ അവലംബിക്കുകയാണ്. 28 കൊല്ലം സ്നേഹം തന്നതിന്റെ സമ്മാനമായി, ഇനി ആടുതോമ നിങ്ങൾക്ക് നേരിട്ട് ബുള്ളറ്റ് ബൈക്കും റെയ്ബാൻ ഗ്ലാസും സമ്മാനിക്കും. അതിന് വേണ്ടിയുള്ള #SpadikamContest ന്റെ details വൈകാതെ തന്നെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് മോഹൻലാൽ നേരിട്ട് ബുള്ളറ്റും റെയ്ബാനും സമ്മാനിക്കും.’’–ഭദ്രൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com