ADVERTISEMENT

വിജയ് ദേവരകൊണ്ട നായകനായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ഖുഷി’. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സമാന്തയാണ് നായിക. ചിത്രം ഉപേക്ഷിച്ചു എന്ന വാര്‍ത്തകള്‍ തെറ്റാണെന്നും വൈകാതെ ചിത്രീകരണം തുടങ്ങുമെന്നും അടുത്തിടെ ശിവ നിര്‍വാണ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഖുഷിയുടെ ചിത്രീകരണം തുടങ്ങാൻ വൈകുന്നതില്‍ വിജയ് ദേവരകൊണ്ട ആരാധകരോട് സമാന്ത ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

 

‘ഖുഷിയുടെ ചിത്രീകരണം പെട്ടെന്ന് തുടങ്ങുമെന്നും വിജയ് ദേവരകൊണ്ടയുടെ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നുമായിരുന്നു ചിത്രത്തെക്കുറിച്ച് അന്വേഷിച്ച ആരാധകന് ട്വിറ്ററില്‍ സമാന്ത മറുപടി നല്‍കിയത്. പൂർണ ആരോഗ്യത്തോടെയും നിറഞ്ഞ ചിരിയോടെയും സമാന്ത സെറ്റില്‍ തിരിച്ചെത്തുന്നത് കാത്തിരിക്കുകയാണ് തങ്ങളെന്നും സമാന്തയുടെ ട്വീറ്റിന് മറുപടിയായി വിജയ് ദേവരകൊണ്ട കുറിച്ചു.

 

കഴിഞ്ഞ വർഷം ചിത്രീകരണം തുടങ്ങേണ്ട സിനിമയായിരുന്നു ഖുഷി. എന്നാൽ സമാന്തയുടെ അസുഖത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവയ്ക്കുകയായിരുന്നു.

 

ജയറാമും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. 'ഹൃദയം' എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം അബ്‍ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്.

 

വിജയ് ദേവരകൊണ്ട നായകനായി ഒടുവിലെത്തിയ ചിത്രം ലൈഗറാണ്. പുരി ജ​ഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. 

 

സമാന്ത നായികയായി വൈകാതെ പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം ശാകുന്തളം ആണ്. ഗുണശേഖര്‍ ആണ് ശാകുന്തളം എന്ന ചിത്രം  സംവിധാനം ചെയ്യുന്നത്. കാളിദാസന്റെ 'അഭിജഞാന ശാകുന്തളം' ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത 'ശകുന്തള'യാകുമ്പോള്‍ 'ദുഷ്യന്തനാ'കുന്നത് മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com