ADVERTISEMENT

മാസ്റ്ററിനു ശേഷം വിജയ‌്‌‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു. കൈതിയും വിക്രവും പോലെ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെടുന്ന ചിത്രമാണോ ദളപതി 67 എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. വിക്രം സിനിമയിലൂടെ തന്റേതായ യൂണിവേഴ്സ് പ്രഖ്യാപിച്ച ലോകേഷ് ഈ ചിത്രത്തിൽ എന്ത് മാജിക്ക് ആകും ഒരുക്കിവച്ചിരിക്കുക എന്ന ആകാംക്ഷയും ആരാധകരിലുണ്ട്. 

 

kaithi-george

കഴിഞ്ഞ ദിവസം ചിത്രത്തിലെ അഭിനേതാക്കളെ പരിചയപ്പെടുത്തിയ പോസ്റ്ററുകള്‍ ഒന്നൊന്നായി പുറത്തുവന്നപ്പോള്‍ കൈതിയിലെയോ വിക്രത്തിലെയോ ഏതെങ്കിലും കഥാപാത്രങ്ങള്‍ ഉണ്ടാവുമോയെന്ന് അറിയാനായി പ്രേക്ഷകര്‍ കാത്തിരുന്നു. പക്ഷേ, യൂണിവേഴ്‌സ് കണക്‌ഷനെക്കുറിച്ച് ഒരു വിവരവും ലോകേഷ് പുറത്തുവിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ പൂജയുടെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ ആ യൂണിവേഴ്‌സ് കണക്‌ഷന്‍ ചികഞ്ഞെടുത്തിരിക്കുകയാണ് ആരാധകര്‍. കൈതിയിലെ പൊലീസുദ്യോഗസ്ഥനായ നെപ്പോളിയനായി എത്തിയ ജോര്‍ജ് മാരിയനെയാണ് പ്രേക്ഷകർ വിഡിയോയിൽ നിന്നും കണ്ടെത്തിയത്.

 

ഇതിന് പിന്നാലെ കൈതിയുമായിട്ടായിരിക്കാം വിജയ് ചിത്രത്തിന് കൂടുതല്‍ കണക്‌ഷനെന്നും, വിക്രവും ആടൈകളവും ബിജോയ്‌യും റോളക്‌സുമെല്ലാം ഇവിടെയുമുണ്ടാകുമെന്നും തുടങ്ങി പല വിധ ഫാന്‍ ഫിക്ഷന്‍ സ്റ്റോറികള്‍ വരുന്നുണ്ട്. കൈതി സിനിമയിൽ മറ്റൊരു സ്റ്റേഷനിൽ നിന്നും പുതിയ സ്ഥലത്തേക്ക് സ്ഥലം മാറി വരുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ജോർജ് മാരിയനെ കാണിക്കുന്നത്. അങ്ങനെയെങ്കിൽ കൈതിക്കും മുമ്പുള്ള കഥയാകും ദളപതി 67 ൽ നടക്കുക എന്നാണ് പ്രേക്ഷകരുടെ കണ്ടെത്തലുകൾ.

 

തൃഷയാണ് ചിത്രത്തിൽ നായിക. ബോളിവുഡ് താരം സഞ്ജയ് ദത്തിന് പുറമെ തെന്നിന്ത്യയിലെ  ഒരു വമ്പന്‍ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി താരം മാത്യു തോമസ് ദളപതി 67ല്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ തമിഴകത്തിന്‍റെ ആക്‌ഷൻ കിങ് അര്‍ജുന്‍, സംവിധായകരായ ഗൗതം മേനോന്‍, മിഷ്കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്‍റെ ഭാഗമാകും.

 

കമലഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. അനിരുദ്ധ് ആണ് സംഗീതം. വാരിസിനും മാസ്റ്ററിനും ശേഷം സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണ് ദളപതി 67. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. അന്‍ബറിവാണ് സംഘട്ടനം. എഡിറ്റിങ് ഫിലോമിന്‍ രാജ്.

 

ആര്‍ട് എന്‍. സതീഷ് കുമാര്‍, കൊറിയോഗ്രാഫി ദിനേഷ്, ഡയലോഗ് ലോകേഷ് കനകരാജ്, രത്നകുമാര്‍ ആൻഡ് ധീരജ് വൈദി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ രാം കുമാര്‍ ബാലസുബ്രഹ്‌മണ്യന്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com