ലോകേഷ് കനകരാജ്–വിജയ് ടീമിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച സമയം മുതലേ പ്രേക്ഷകരെ ഏറെ ആവേശത്തിലാണ്. ലിയോ എന്ന പേരും വിജയ്‌യുടെ ലുക്കും ടൈറ്റിൽ ടീസറും പുറത്തുവന്നതോടെ ആ ആവേശം ഇരട്ടിയായി. ‘ലിയോ’ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ ഉൾപ്പെടുന്ന ചിത്രമാണോ എന്നതാണ് ഇപ്പോൾ പുതിയ ചർച്ച. അതിനായി ടൈറ്റിൽ ടീസർ ഡി കോഡിങും തുടങ്ങി കഴിഞ്ഞു. റോളക്സിന്റെ ബോസ് ആണോ അതോ വിക്രമിനെപ്പോലെ മറ്റൊരു ഏജന്റ് ആണോ ലിയോ എന്നൊക്കെയാണ് ചർച്ചകൾ. ചോക്ലേറ്റ് കട നടത്തുന്ന ഒരാളായാണ് വിജയ് എത്തുന്നതെന്ന് ടീസറിൽ നിന്നും വ്യക്തമാണ്. വിജയ്‌യുടെ വീട്ടിലേക്ക് അധോലോകമെന്ന പോലെ കുറേ ആളുകൾ വണ്ടിയിൽ ചീറിപ്പാഞ്ഞു വരുന്നതും വിഡിയോയുടെ അവസാനം കാണിക്കുന്നുണ്ട്. അവരെ നേരിടാനായി വാളെടുത്ത് നിൽക്കുന്ന വിജയ്‌യിലാണ് ടീസർ അവസാനിക്കുന്നത്.
ഹോളിവുഡ് ചിത്രമായ ഹിസ്റ്ററി ഓഫ് വയലൻസിന്റെ പ്ലോട്ടുമായി ‘ലിയോ’യുടെ കഥയ്ക്ക് സാമ്യമുണ്ടെന്നാണ് ടീസർ കണ്ട ചിലരുടെ കണ്ടെത്തൽ. ഹിസ്റ്ററി ഓഫ് വയലൻസിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 2005 ൽ ഡേവിഡ് ക്രോണൻബർഗ് സംവിധാനം ചെയ്തെത്തിയ ഇംഗ്ലിഷ് ആക്‌ഷൻ ത്രില്ലർ ചിത്രമാണ് എ ഹിസ്റ്ററി ഓഫ് വയലൻസ്. ഈ സിനിമയിൽ നിന്നും പ്രചോദനം കൊണ്ട നിരവധി സിനിമകളുണ്ട്. മമ്മൂട്ടി ചിത്രമായ രാജാധി രാജ പറയുന്നതും ഇതേ പ്ലോട്ട് തന്നെയാണ്.
വിഗ്ഗോ മോർട്ടിസൻ എന്ന നടന്റെ ഗംഭീര പ്രകടനമാണ് ഹിസ്റ്ററി ഓഫ് വയലൻസിന്റെ ഹൈലൈറ്റ്. ഇന്ത്യാനയിലെ മില്ലിബ്രൂക്ക് എന്ന ചെറിയ പട്ടണത്തിൽ ഹോട്ടൽ നടത്തുന്ന ടോം സ്റ്റാൾ ആണ് കഥയിലെ നായകൻ. എഡ്ഡി എന്ന ഭാര്യയും മകനും മകളുമടങ്ങുന്ന സംതൃപ്തമായ അയാളുടെ കുടുംബം.ഒരു ദിവസം രാത്രി ഹോട്ടൽ അടയ്ക്കാറായപ്പോള്‍ രണ്ട് അതിഥികള്‍ എത്തുന്നു. കാൾ ഫോഗട്ടി എന്ന മാഫിയ തലവന്റെ സംഘത്തിലുള്ള ഇരുവരും ടോമിന്റെ ഷോപ്പിൽ പ്രശ്നങ്ങളുണ്ടാക്കുന്നു. തന്റെ ജീവനക്കാരിൽ ഒരാളെ അവർ കൊല്ലുമെന്ന ഘട്ടം വരുമ്പോൾ ഗത്യന്തരമില്ലാതെ അബദ്ധത്തിൽ ടോം അവരെ കൊലപ്പെടുത്തുന്നു. അങ്ങനെ ടോം ആ നാട്ടുകാരുടെ ഹീറോ ആകുന്നു. പക്ഷേ യഥാർഥ പ്രശ്നങ്ങളുടെ തുടക്കവും അവിടെ നിന്നായിരുന്നു. അതിനു ശേഷം ടോമിനെ അന്വേഷിച്ച് അവിടെയെത്തുന്നത് അധോലോക സംഘത്തിലെ ആളുകളാണ്. അതിലൊരാൾ ടോമിനെ ജോയ് എന്നു വിളിക്കുന്നു. അവര്‍ പറയുന്നതനുസരിച്ച് ഇയാള്‍ ഒരു ക്രൂരനായ ഗ്യാങ്സ്റ്റർ ആണ്. നിങ്ങൾക്ക് ആള് െതറ്റിയതാണെന്നും താൻ പാവപ്പെട്ടവനായ ടോം ആണെന്നുമായിരുന്നു ടോം സ്റ്റാളിന്റെ വിശദീകരണം.
എന്നാൽ കുടുംബത്തിനും നാട്ടുകാർക്കും അറിയാത്ത മറ്റൊരു മുഖം ടോമിനുണ്ടായിരുന്നു. ഫിലാഡൽഫിയ എന്ന നഗരത്തെ വിറപ്പിച്ച, തന്റെ സഹോദരനൊപ്പം അധോലോക സാമ്രാജ്യം പണിതുയർത്തിയ, എല്ലാവരുടെയും പേടി സ്വപ്നമായിരുന്ന ഒരാൾ. അയാൾ എല്ലാം അവസാനിപ്പിച്ച് സ്വസ്ഥ ജീവിതം നയിക്കുകയാണിപ്പോൾ. തേടിവന്ന മാഫിയ തലവന് ടോമിനോട് തീർക്കാൻ കണക്കുകളുണ്ടായിരുന്നു. പലതവണ ഒഴിഞ്ഞുമാറിയിട്ടും ഒടുവിൽ തന്റെ കുടുംബത്തെ തൊടുമ്പോൾ ടോമിനു തന്റെ വിശ്വരൂപം പുറത്തെടുക്കേണ്ടിവരുന്നു.
ഇങ്ങനെ മികച്ച ആക്‌ഷനും ക്ലൈമാക്സുമൊക്കെയായി പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന സിനിമയാണ് ഹിസ്റ്ററി ഓഫ് വയലൻസ്. 1997ലെ എ ഹിസ്റ്ററി ഓഫ് വയലൻസ് എന്ന ഗ്രാഫിക് നോവലില്‍ നിന്നും അതേ പേരിൽ സിനിമയും രൂപപ്പെടുത്തുകയായിരുന്നു. ഈ കഥാതന്തുവിൽ ഒരുപാട് സിനിമകൾ വന്നിട്ടുണ്ടെങ്കിലും ഹിറ്റ് മേക്കർ ലോകേഷ് കനകരാജ് വിജയ്‌യെ നായകനാക്കി ഒരുക്കുമ്പോൾ അതിഗംഭീരമാകുമെന്ന പ്രതീക്ഷയിലാണ് തമിഴകം.
‘ലിയോ’യിൽ വിജയ് ചോക്ലേറ്റ് കട ഉടമയായാകും എത്തുക. വിജയ്‌യുടെ ഭാര്യയുടെ വേഷത്തിലാകും തൃഷ എത്തുകയെന്നാണ് റിപ്പോർട്ട്. മകന്റെ വേഷത്തിലാകും മാത്യു അഭിനയിക്കുക. മകളായി അഭിനയിക്കുന്ന ഇയൽ നടൻ അർജുനന്റെ മകളാണ്. ഹിസ്റ്ററി ഓഫ് വയലൻസിന്റെ കഥാതന്തു മാത്രമാണ് ലോകേഷ് കടമെടുക്കുന്നതെങ്കിൽ ഈ പറഞ്ഞതിലൊക്കെ മാറ്റങ്ങളുണ്ടായേക്കാം. സഞ്ജയ് ദത്ത് ആണ് വില്ലൻ വേഷത്തിലെത്തുന്നത്. തമിഴകത്തിന്‍റെ ആക്‌ഷൻ കിങ് അര്‍ജുന്‍, സംവിധായകരായ ഗൗതം മേനോന്‍, മിഷ്കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, നടന്‍ മന്‍സൂര്‍ അലിഖാന്‍ നടി പ്രിയാ ആനന്ദ് എന്നിവരും ചിത്രത്തിന്‍റെ ഭാഗമാണ്.
ഇതിനിടെ കൈതിയുടെ പ്രീക്വൽ ആണ് ‘ലിയോ’ എന്നും ഫാൻ തിയറികൾ വരുന്നുണ്ട്. കൈതിയിലെ കാർത്തിയുടെ ഒരു ഡയലോഗ് ആണ് ഈ സംശയങ്ങൾക്കു തുടക്കം കുറിച്ചത്. എന്തായാലും ബേക്കറി കട ഉടമയോ, ചോക്ലേറ്റ് ഷോപ്പ് ഉടമയോ ആരുമാകട്ടെ സംഗതി തീപ്പൊരിയാകുമെന്നത് ലോകേഷ് തരുന്ന ഉറപ്പാണ്. കാരണം ഇത് നൂറ് ശതമാനം ഒരു ലോകേഷ് കനകരാജ് ചിത്രമായിരിക്കും.