ADVERTISEMENT

തിയറ്ററിനകത്തെ വിഡിയോ ഫിലിം റിവ്യൂകൾക്ക് തിയറ്റർ സംഘടനായായ ഫിയോക് വിലക്കേർപ്പെടുത്തി. ഇന്ന് ചേർന്ന ഫിലിം ചേംബറിന്റെ യോഗത്തിലാണ് തീരുമാനം. ഒടിടി റിലീസിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. റിലീസ് ചെയ്തു 42 ദിവസം തികയും മുൻപ് ഒടിടി റിലീസ് അനുവദിക്കില്ല. മാർച്ച് 31 നുള്ളിൽ ഒടിടി പ്ലാറ്റ്‌ഫോമുകളുമായി കരാർ ഒപ്പിട്ടവർക്ക് ഇളവുണ്ട്. ആ സിനിമകൾ 30 ദിവസത്തിനു ശേഷം ഒടിടിക്ക് നൽകാമെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.

‘‘തിയറ്ററിനകത്തു കയറിയുള്ള ഓൺലൈൻ ഫിലിം റിവ്യു െചയ്യുന്നത് നിരോധിക്കുകയാണ്. ഓൺൈലൻ മീഡിയ തെറ്റായ നിരൂപണങ്ങളാണ് സിനിമയ്ക്കു കൊടുക്കുന്നത്. ചിലരെ മാത്രം ലക്ഷ്യം വച്ചും റിവ്യൂസ് ചെയ്യുന്നുണ്ട്. അതു സിനിമയുടെ കലക്‌ഷനെ വല്ലാതെ ബാധിക്കുന്നുണ്ട്. നിർമാതാക്കളുടെ ഭാഗത്തുനിന്ന് ഇതുമായി ബന്ധപ്പെട്ട് വലിയ സമ്മർദമുണ്ടായിരുന്നു. തിയറ്റർ കോംപൗണ്ടിന് പുറത്തുനിന്ന് എന്തുവേണമെങ്കിലും ചെയ്യാം.

എല്ലാ തിയറ്ററിലേക്കും അറിയിപ്പ് പോയിട്ടുണ്ട്. റിവ്യൂ ചെയ്യാൻ വരുന്ന ഒരു മീഡിയയെയും തിയറ്ററിൽ കയറ്റില്ല. യൂട്യൂബ് റിവ്യൂവേഴ്സിനെ വിലക്കാൻ ‍ഞങ്ങൾക്കാകില്ല. അതുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ച നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.’’–വിജയകുമാർ പറയുന്നു.

ചിത്രങ്ങളുടെ റിലീസ് ദിവസവും അതിനടുത്ത ദിവസങ്ങളിലും ഓൺലൈൻ മാധ്യമങ്ങൾ നിരൂപണവും ഇകഴ്ത്തലുകളും നടത്തുന്നത് പല സിനിമകളുടെയും കലക്‌ഷനെ ബാധിക്കുന്നതിനാൽ ആ ദിവസങ്ങളിൽ തിയറ്റർ കോമ്പൗണ്ടിൽനിന്ന് ചിത്രത്തിന്റെ അഭിപ്രായങ്ങൾ ശേഖരിച്ച് അവയുടെ മൂല്യമിടിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ തടയണമെന്നു നിർമാതാക്കളുടെ അസോസിയേഷൻ തിയറ്റർ സംഘടനയ്ക്ക് കത്ത് എഴുതിയിരുന്നു. സിനിമകളുടെ വാണിജ്യ മൂല്യം ഇല്ലാതാക്കുന്ന തരത്തിലുള്ള ഇത്തരം ചർച്ചകൾക്ക് തമിഴ്നാട് സർക്കാരും മുൻപ് വിലക്കേർപ്പെടുത്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com