ചിന്താമണി കൊലക്കേസ് രണ്ടാം ഭാഗം വരുന്നുവെന്ന് സൂചിപ്പിച്ച് സംവിധായകൻ ഷാജി കൈലാസ്. ‘‘ഞങ്ങൾ മുന്നോട്ട്’’ എന്ന് കുറിച്ചു കൊണ്ട് ഷാജി കൈലാസ് തന്നെയാണ് സിനിമയുടെ പ്രഖ്യാപന പോസ്റ്റർ പങ്കുവച്ചത്. അലമാരയിൽ അടുക്കി വച്ചിരിക്കുന്ന നിയമ പുസ്തകങ്ങളിൽ സുരേഷ് ഗോപിയുടെ മുഖം തെളിയും വിധമാണ് പോസ്റ്റർ. ലാൽകൃഷ്ണ വിരാടിയാർ എന്ന വക്കീൽ കഥാപാത്രമായി എത്തിയ സുരേഷ് ഗോപിയുടെ പ്രകടനമായിരുന്നു ചിന്താമണി കൊലക്കേസിന്റെ പ്രധാന ആകർഷണം.
കുറ്റവാളികൾക്ക് വേണ്ടി കോടതിയിൽ കേസ് വാദിച്ച് ജയിപ്പിച്ച ശേഷം, പുറത്തുവച്ച് നീതി നടപ്പാക്കുന്ന അഭിഭാഷകനാണ് സിനിമയിലെ ലാൽകൃഷ്ണ വിരാടിയാർ. 2006 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ഭാവന ആയിരുന്നു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.
തിലകന്‍, ബിജു മേനോന്‍, കലാഭവന്‍ മണി തുടങ്ങി വലിയ താരനിരയും അണിനിരന്നിരുന്നു. തെലുങ്കിൽ ‘മഹാലക്ഷ്മി’ എന്ന പേരിലും തമിഴിൽ ‘എല്ലാം അവൻ സെയ്യാൽ’ എന്ന പേരിലും ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്.