ADVERTISEMENT

തിയറ്ററുകൾ‌ അക്ഷരാർഥത്തിൽ ഇളകിമറിയുകയാണ്. ഫോർ കെ ദൃശ്യമികവും ഡോൾബി അറ്റ്മോസ് ശബ്ദമികവുമായി ആടുതോമ വെള്ളിത്തിരയിൽ വീണ്ടും കത്തിക്കയറുന്നു. 27 വർഷത്തിനു ശേഷമുള്ള ഈ രണ്ടാംവരവിൽ സ്ഫടികം മലയാളസിനിമാ പ്രേക്ഷകരുടെ സിരകളിൽ കത്തിക്കയറുന്നു. സിനിമയിൽ വല്ലപ്പോഴും മാത്രം സംഭവിക്കുന്ന അപൂർവതകളിലൊന്നാണ് സ്ഫടികം. സംവിധായകൻ ഭദ്രന്റെ സിനിമാജീവിതത്തിലെ മാസ്റ്റർ ക്രാഫ്റ്റ്. അതു റീമേക്ക് ചെയ്യാതെ റീ മാസ്റ്റർ ചെയ്ത് വീണ്ടും തിയറ്ററിലെത്തിക്കാനുള്ള തീരുമാനം തികച്ചും ശരിയാണെന്നു പറയാതെവയ്യ. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ നമ്മൾ ചിന്തിച്ചുപോവുന്നൊരു കാര്യമുണ്ട്. തിലകനും കരമനയ്ക്കും രാജൻ പി.ദേവിനും എൻ.എഫ്.വർഗീസിനും ശങ്കരാടിക്കും കെപിഎസി ലളിതയ്ക്കും സിൽക്ക് സ്മിതയ്ക്കുമൊക്കെ പകരം വയ്ക്കാൻ നമുക്ക് മറ്റാരുമില്ലല്ലോ. പി.ഭാസ്കരൻ വരെയുള്ള ആ അതുല്യപ്രതിഭകൾക്ക് പ്രണാമമർപ്പിച്ചുകൊണ്ടാണ് സ്ഫടികത്തിന്റെ രണ്ടാംവരവ്. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന, പൊലീസുകാരെ മുണ്ടുപറിച്ചടിക്കുന്ന ആ ആടുതോമയെ വീണ്ടുമൊന്നു കാണാൻ കേരളത്തിലങ്ങോളമിങ്ങോളം ജനങ്ങൾ തിയറ്ററുകളിലേക്ക് ഒഴുകുകയാണ്. രാവിലെ ആറു മണിക്കും എഴു മണിക്കുമായാണ് സ്ഫടികത്തിന്റെ 4കെ പതിപ്പിന്റെ ആദ്യപ്രദർശനങ്ങൾ തുടങ്ങിയത്.


സ്ഫടികത്തിന്റെ കഥയും ഓരോ ഡയലോഗും മലയാളിക്കു മനപ്പാഠമാണ്. എത്ര തവണ കണ്ടുവെന്നു പോലും പലർക്കും ഓർമ കാണില്ല. ജീവിതത്തിൽ നിത്യവും ഉപയോഗിക്കുന്ന പല ഡയലോഗുകളും സ്ഫടികത്തിലേതാണ്. എങ്കിലും വലിയ സ്ക്രീനിൽ പുതിയ കാലഘട്ടത്തിന്റെ സാങ്കേതികത്തികവോടെ സ്ഫടികം വീണ്ടും കാണാൻ പ്രേക്ഷകർ ഓടിയെത്തുകയാണ്. സിൽക്ക് സ്മിത അനശ്വരമാക്കിയ ‘ഏഴിമല പൂഞ്ചോല’ എഴുതിയത് പി.ഭാസ്കരനാണെന്നത് ഇന്നുമറിയാത്ത എത്രയോ മലയാളികളുണ്ടാവും. വീണ്ടും സ്ഫടികം കാണാൻ തിയറ്ററിലെത്തുന്ന പുതുതലമുറയ്ക്കുകൂടി പഴയ ആ ആവേശങ്ങൾ ഓരോന്നോരോന്നായി പകർന്നുകിട്ടുകയാണ്. ഒരിക്കൽക്കൂടി ആ ഐക്കണിക്ക് സിനിമ തീയറ്ററിൽ കാണാനുള്ള ഭാഗ്യം.

‘‘ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്...’’, ‘‘ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്...’’, ‘‘സകലകലാവല്ലഭൻ.. പക്ഷേ വകതിരിവ് വട്ടപ്പൂജ്യം..’’, ‘‘ ബബ്ബബ്ബായാല്ല...’’, ‘‘ ഒലക്ക...’’ ‘‘ മാഷേ, മാഷിന്റെ ചുവപ്പിന് ചോരയെന്നുകൂടി അർഥമുണ്ട്...’’ തുടങ്ങിയ ഓരോ ഡയലോഗും പ്രേക്ഷകർ കയ്യടികളോടെ ഏറ്റുപറഞ്ഞ് അലറിവിളിക്കുകയാണ്. മാറിയ കാലഘട്ടത്തിൽ ഒരു മുൻകാല സിനിമ വരുമ്പോൾ ഉണ്ടായേക്കാവുന്ന കല്ലുകടികളൊന്നും സ്ഫടികത്തിനില്ല എന്നതുതന്നെയാണ് ഈ സിനിമയെ കാലാതിവർത്തിയാക്കുന്നത്.
‘‘ ആടിന്റെ ചങ്കിലെ ചോരകുടിക്കും. അതാണെന്റെ ജീവൻടോൺ’’ എന്ന ഡയലോഗിലെ ജീവൻടോൺ എന്താണെന്ന് ഇന്നത്തെ തലമുറയിലെ ആർക്കുമറിയാൻ സാധ്യതയില്ല. എന്നാൽ ‘ഇതെന്റെ പുത്തൻ റെയ്ബാൻ ഗ്ലാസ്’ എന്ന ഡയലോഗിലൂടെയാണ് ഇന്നും കുളിങ് ഗ്ലാസിനെ ഏതൊരു മലയാളിയും വിശേഷിപ്പിക്കുന്നത്.

∙ കൂട്ടിച്ചേർക്കലുകൾ

കാലം മാറിയപ്പോൾ നടത്തിയ കൂട്ടിച്ചേർക്കലുകളെ കുറിച്ച് ചിന്തിച്ചാൽ ഏറെ രസകരമാണ്. പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് ഒട്ടുമിക്ക സീനിലും എഴുതിച്ചേർക്കേണ്ടിവരുന്നു. ഈ ചിത്രത്തിന്റെ ചിത്രീകരണവേളയിൽ ഒരു മൃഗത്തെയും ഉപദ്രവിച്ചിട്ടില്ല എന്ന് എഴുതിച്ചേർക്കേണ്ടിവന്നിരിക്കുന്നു. സ്ഫടികം പോലെ തലയെടുപ്പുള്ള ഒരു സിനിമ ഇന്നത്തെ കാലഘട്ടത്തിന്റെ മീറ്ററുകൾ വച്ച് അളന്നുമുറിച്ച് നിർമിക്കാൻ ശ്രമിച്ചാൽ വീണ്ടും സംഭവിക്കാൻ സാധ്യതയേയില്ല.

പഴയകാല ഛായാഗ്രാഹകൻ വില്യംസിന്റെ കയ്യൊപ്പു പതിഞ്ഞ ഫ്രെയിമുകളാണ് സ്ഫടികത്തിലേത്. ഇതിലേക്ക്, വളരെ ശ്രദ്ധയോടെയിരുന്നാൽ മാത്രം മനസ്സിലാവുന്ന ഏതാനും ചില കൂട്ടിച്ചേർക്കലുകളാണ് ഭദ്രൻ ചെയ്തിരിക്കുന്നത്. പാറക്കൂട്ടങ്ങൾക്കിടയിലൂടെ നടന്നുവരുന്ന ആടുകളിലൊന്നിനെ പിടികൂടി ചോര കുടിക്കുന്ന ആ ഇൻട്രോ സീൻ വലിയ സ്ക്രീനിൽ കാണുമ്പോൾ സിരകളിലൂടെ ഊർജം കത്തിക്കയറും. ഇതിനു മേമ്പൊടിയായി, എന്നാൽ തടസമാവാതെ ഒന്നുരണ്ടു ഷോട്ടുകൾ ചേർത്തിട്ടുണ്ട്. ചെകുത്താനെന്നു പേരിട്ട ലോറിയുടെ ഓട്ടത്തിനിടയ്ക്ക് ഏതാനും ചില ഷോട്ടുകൾ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതിനപ്പുറം കൂട്ടിച്ചേർക്കലുകളൊന്നും പെട്ടന്നു ശ്രദ്ധയിൽപ്പെടില്ല.


ഓരോ ഫ്രെയിമും അധ്വാനിച്ച് വലിയ ഫോർമാറ്റിലേക്ക് മാറ്റിയെന്നതാണ് ചിത്രത്തിന്റെ മാറ്റുകൂട്ടുന്നത്. മറ്റൊന്നു കൂടിയുണ്ട്. ഒരു നായകകാഥാപാത്രത്തിന് പച്ചത്തെറി വിളിച്ചുകൊണ്ട് ഒരു ഇൻട്രോ കൊടുക്കാൻ ഇന്നത്തെകാലത്ത് എതെങ്കിലും സംവിധായകൻ ധൈര്യപ്പെടുമോ ?

spadikam-review

∙ സ്ഫടികം പണ്ടുകണ്ടതല്ല !

ഏതു സിനിമയേയും അതിന്റെ സാമൂഹിക പ്രതിബദ്ധതയുടെ കോണിലൂടെ അളന്നുനോക്കുന്നതാണല്ലോ ഇന്നത്തെ ട്രെൻഡ്. സ്ഫടികത്തിലേക്ക് നമ്മൾ വീണ്ടുമൊന്നു യാത്ര ചെയ്യുകയാണ്. ഇപ്പോൾ അവിടെ മുണ്ടുപറിച്ചടിക്കുന്ന മാസ് മസാല ആക്‌ഷൻ സിനിമയല്ല കാണാൻ കഴിയുന്നത്.

തോമസ് ചാക്കോയിൽനിന്ന് ആടുതോമയിലേക്കും അവിടെനിന്ന് ഓട്ടക്കാലണയിലേക്കും പേരുമാറുന്ന തോമാച്ചായൻ ഒരുവശത്ത്. മേരീദാസൻ എന്ന പേരിൽനിന്ന് ചെകുത്താനിലേക്കും അവിടെനിന്ന് സ്ഫടികത്തിലേക്കും വേഷം മാറുന്ന ലോറി. രണ്ടുപേരും ജീവിതത്തിന്റെ ട്രാക്കിലൂടെ നിലകിട്ടാതെ ഓടുകയാണ്.
കർക്കശക്കാരനായ അച്ഛന്റെ പിടിവാശികൾ കൊണ്ട് ജീവിതം കൈവിട്ടുപോയ മകൻ. ജീവിതത്തോടുള്ള പകയാണ് അവനെ ആടുതോമയാക്കുന്നത്. മേരിയെന്ന പൊന്നമ്മ കണ്ണീരുകുടിച്ചുകൊണ്ട് പല തവണ ആ അച്ഛനും മകനുമിടയിലൂടെ അലയുകയാണ്.

തോമായ്ക്ക് തകർക്കാൻ കഴിയാത്ത കടുവാച്ചാക്കോയുടെ ഈഗോയെ വെറുംപൊടിക്കൈകൾ കൊണ്ട് ചീട്ടുകൊട്ടാരം പോലെ തകർക്കുന്ന ഒരാളുണ്ട്. തോമായെ വീണ്ടും മനുഷ്യനാക്കി മാറ്റാൻ ശ്രമിക്കുന്നയാൾ. തോമായുടെ കണ്ണിലെ വേദകളെ മറയ്ക്കുന്ന ആ റെയ്ബാൻ ഗ്ലാസ് ഊരി വാങ്ങുന്നത് അവളാണ്. തോമായുടെ തുളസി.

തന്റെ നാശത്തിന്റെ പടുകുഴികളെക്കുറിച്ച് പലതവണ തോമ പറയുന്നുണ്ട്. മരണത്തിലേക്ക കുതിക്കുമ്പോഴും മരണം തോമായ്ക്ക് പുല്ലാണെന്ന് പറയുന്നവനാണ്. പക്ഷേ തോമ തുളസിക്കു മുന്നിലെത്തുമ്പോൾ വേദനയോടെ പറയുന്നത് ഒറ്റക്കാര്യമാണ്.

‘‘ ഇടിമണ്ണിൽനിന്ന് ഇടിമണ്ണിലേക്ക് നിലയില്ലാതെ ഞാൻ വീണുകൊണ്ടിരിക്കുകയാണ്. പാറേപ്പള്ളിയിലെ തെമ്മാടിക്കുഴിയിലേക്ക് എന്റെ ശവമഞ്ചം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കാണാൻ ജനാലകൾ തുറക്കുന്ന ശബ്ദം ഞാൻ കേൾക്കുന്നു.’’

ഓട്ടക്കാലണ വിലയുള്ള ഒരു തെരുവുഗുണ്ടയുടെ വാക്കുകളല്ല അത്. ഇതൊന്നും ചിന്തിക്കേണ്ട ആവശ്യമില്ലെന്നതാണു സത്യം. വരുന്നു.. ആടുതോമയുടെ പകർന്നാട്ടം കാണുന്നു. നെഞ്ചിൽ ഒരു നെരിപ്പോടായി ആ കഥ കത്തികയറുന്നു. മനസ്സുനിറച്ച് നമ്മൾ തിയറ്റർ വിടുന്നു. അത്രമാത്രം.

∙ വാലറ്റം

വീണ്ടും സ്ഫടികം കണ്ടുകഴിയുമ്പോൾ നമ്മൾ തിരിച്ചറിയുന്ന ചില കാര്യങ്ങളുണ്ട്. വെറുമൊരു അടിപ്പടം മാത്രമല്ല സ്ഫടികം. പൊള്ളുന്ന ചില സത്യങ്ങളാണ്. കാലമിത്ര മാറിയിട്ടും കർക്കശക്കാരായ രക്ഷിതാക്കളുടെ ‘ബാഡ് പാരന്റിങ്ങി’ന്റെ ഇരകളായി സമൂഹത്തിലെ പകുതിയിലധികം കുട്ടികളും ഇന്നും തുടരുകയാണ്. 25 വർഷങ്ങൾക്കിപ്പുറത്തും കാഴ്ചപ്പാട് മാറാത്തതിന്റെ ആകുലതകൾ ഭദ്രൻ ഏറ്റവുമൊടുവിൽ വാലറ്റത്ത് പങ്കുവയ്ക്കുന്നുമുണ്ട്. ഒന്നുതീർച്ച. ഏതു കാലത്തുവന്നാലും സ്ഫടികം തിയറ്ററുകളിൽ വീണ്ടും കത്തിക്കയറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com