യഷിനും ഋഷഭ് ഷെട്ടിക്കും രാജ്ഭവനിൽ വിരുന്നൊരുക്കി പ്രധാനമന്ത്രി

Mail This Article
കന്നഡ സിനിമാ പ്രവർത്തകരും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മില്‍ ഔദ്യോഗികമായി കൂടിക്കാഴ്ച നടത്തി. കര്‍ണാടയുടെ സംസ്‌കാരം, സിനിമ എന്നീ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി സംസാരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. കന്നഡ സിനിമാവ്യവസായത്തിന് സര്‍ക്കാര്‍ സഹായം മോദി വാഗ്ദാനം ചെയ്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദര്‍ശനമായ എയ്റോ ഇന്ത്യ 2023 ഉദ്ഘാടനം ചെയ്യാനായി ബെംഗളൂരു യെലഹങ്ക വ്യോമതാവളത്തില്‍ എത്തിയതാണ് പ്രധാനമന്ത്രി.
ബെംഗളൂരു രാജ്ഭവനില്‍ പ്രധാനമന്ത്രി ഒരുക്കിയ വിരുന്നില്‍ യഷ്, ഋഷഭ് ഷെട്ടി എന്നിവര്‍ക്കൊപ്പം സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരും പങ്കെടുത്തു. അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ ഭാര്യ അശ്വിനി രാജ്കുമാറും പ്രധാനമന്ത്രിയെക്കാണാന്‍ എത്തിയിരുന്നു. ഇവര്‍ക്ക് പുറമെ ചില കായിക താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും വിരുന്നിനെത്തി.
യഷ് നായകനായെത്തിയ കെജിഎഫ് ചാപ്റ്റര്‍ 2, ഋഷഭ് ഷെട്ടി ഒരുക്കിയ കാന്താര എന്നീ കന്നഡ ചിത്രങ്ങള്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധ നേടിയിരുന്നു.