ADVERTISEMENT

മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകള്‍ നിർമിച്ചിട്ടുള്ളത് മെറിലാൻഡ് സുബ്രഹ്മണ്യവും ഉദയായുടെ കുഞ്ചാക്കോയും ജയ് മാരുതിയുടെ ടി. ഇ. വാസുദേവൻ സാറുമാണെന്നാണ് ഈ അടുത്ത കാലം വരെ ഞാൻ ധരിച്ചു വച്ചിരുന്നത്. ഏതാണ്ട് അറുപതോളം സിനിമകളാണ് ഈ ത്രിമൂർത്തികൾ മലയാള സിനിമയ്ക്കു നൽകിയിട്ടുള്ളതെന്നാണ് പഴയ പല സിനിമാക്കാരും പറഞ്ഞു ഞാൻ കേട്ടിട്ടുള്ളത്. എന്നാൽ ഇവരേക്കാൾ കൂടുതൽ സിനിമകൾ നിർമിച്ചിട്ടുള്ള മറ്റൊരു വമ്പൻ നിർമാതാവ് ഇവിടെ വലിയ അവകാശവാദങ്ങളൊന്നും പുറപ്പെടുവിക്കാതെ തിരുവനന്തപുരത്തു വാണരുളുന്നുണ്ടെന്ന് ഈയിടെയാണ് ഞാനറിയുന്നത്. അതും എനിക്ക് നന്നായിട്ടറിയാവുന്ന നിർമാതാവും സംവിധായകനുമൊക്കെയായ ഒരു കക്ഷിയാണെന്ന് കൂടി കേട്ടപ്പോൾ എന്നിൽ അദ്ഭുതം വിടരുകയായിരുന്നു. മറ്റാരുമല്ലത്, മലയാളത്തിൽ എണ്ണം പറഞ്ഞ സിനിമകൾ ഒരുക്കിയിട്ടുള്ള അരോമ മണി എന്ന് എല്ലാവരും വിളിക്കുന്ന സാക്ഷാൽ എം. മണിയാണ് ആ നിർമാണ കേസരി. 62 സിനിമകളാണ് അദ്ദേഹം നിർമിച്ചിട്ടുള്ളത്. 

 

സിനിമയുടെ എണ്ണത്തിൽ നമ്പർ വൺ മണി സാറാണെന്ന് കേട്ടപ്പോൾ അതിന്റെ നിജസ്ഥിതി ശരിക്കും അറിയാവുന്ന, അദ്ദേഹത്തിന്റെ ബന്ധുവും പ്രൊഡക്ഷൻ കൺട്രോളറുമായ അരോമ മോഹനെയും ആദ്യകാലം മുതൽ അരോമ ഡിസ്ട്രിബ്യൂഷൻ കമ്പനിയുടെ മാനേജരായ ഹർഷനെയും ഞാൻ വിളിച്ച് സംശയ നിവാരണം നടത്തിയപ്പോൾ അവരും ഒരേ സ്വരത്തിൽ കണക്കുകൾ ഉദ്ധരിച്ചു കൊണ്ടു പറയുന്നു മണി സാർ തന്നെയാണ് ഏറ്റവും കൂടുതൽ സിനിമകൾ നിർമിച്ചിട്ടുള്ളതെന്ന്. 

 

aroma-mani-movie

1952 കാലത്തു സിനിമാ നിർമാണം തുടങ്ങിയ മെറിലാൻഡ്, ഉദയ, ജയ്മാരുതിമാരെക്കാള്‍, ഇരുപത്തിയഞ്ചു വർഷങ്ങൾ കഴിഞ്ഞ് 1977 ൽ സിനിമ പിടിക്കാനായി ഇറങ്ങിത്തിരിച്ച മണിസാർ എങ്ങനെ ഇത്രയധികം സിനിമകൾ ഒരുക്കിയതെന്ന് കേട്ടപ്പോൾ അത് ഒരു മാജിക്കൽ റിയലിസം തന്നെയാണെന്നാണ് എനിക്ക് തോന്നിയത്. നിർമാണത്തോടൊപ്പം ഏഴു സിനിമകൾ സ്വന്തം ബാനറിൽ അദ്ദേഹം സംവിധാനവും ചെയ്തിട്ടുണ്ട്. മണിസാർ നിർമിച്ചിട്ടുള്ള 62 സിനിമകളിൽ വെറും അഞ്ചെണ്ണം മാത്രമേ പരാജയത്തിന്റെ രുചി അറിഞ്ഞിട്ടുള്ളൂ എന്നു കൂടി കേട്ടപ്പോൾ മലയാള സിനിമയിലെ ഏറ്റവും ഭാഗ്യവാനായ നിർമാതാവു കൂടിയാണ് മണിസാർ എന്നും പറയേണ്ടി വരും. 

 

അദ്ദേഹം നിർമിച്ച ആദ്യ ചിത്രം മധു നായകനായ ‘ധീരസമീരെ യമുനാതീരെ’യാണ്. അതേതുടർന്നു വന്ന റൗഡി രാമു, എനിക്കു ഞാൻ സ്വന്തം, കുയിലിനെ തേടി, എങ്ങനെ നീ മറക്കും, ആനയ്ക്കൊരുമ്മ, ലൗസ്റ്റോറി, പദ്മരാജന്റെ തിങ്കളാഴ്ച നല്ല ദിവസം, സിബി മലയിലിന്റെ ദൂരെ ദൂരെ ഒരു കൂട്‌ കൂട്ടാം (ഈ രണ്ടു ചിത്രങ്ങള്‍ക്കും കേന്ദ്ര, സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്). നാളെ ഞങ്ങളുടെ വിവാഹം, ഇരുപതാം നൂറ്റാണ്ട്. ഒരു സിബിഐ ഡയറിക്കുറിപ്പ്, ആഗസ്റ്റ് 1, ജാഗ്രത, കോട്ടയം കുഞ്ഞച്ചൻ, സൗഹൃദം, പണ്ട് പണ്ടൊരു രാജകുമാരി, സൂര്യഗായത്രി, ധ്രുവം, കമ്മീഷണർ, ജനാധിപത്യം, എഫ്ഐആർ, പല്ലാവൂർ ദേവനാരായണൻ, കാശി (തമിഴ്), മിസ്റ്റർ ബ്രഹ്മചാരി, ബാലേട്ടൻ, മാമ്പഴക്കാലം, ദ്രോണ, ആഗസ്റ്റ് 15, ആർട്ടിസ്റ്റ് തുടങ്ങിയവയായിരുന്നു അതിൽ പ്രധാനപ്പെട്ട ചിത്രങ്ങൾ. പി. ചന്ദ്രകുമാർ, സിബി മലയിൽ, ചക്കരയുമ്മ സാജൻ, കെ. മധു, ജോഷി, ഷാജി കൈലാസ്, സുരേഷ് ബാബു, വിജി തമ്പി, വിനയൻ, വി.എം. വിനു, സുനിൽ, തുളസിദാസ്, അനിൽ, ശ്യാമപ്രസാദ് തുടങ്ങിയ മാർക്കറ്റ് വാല്യൂ ഉള്ള ഒട്ടുമിക്ക സംവിധായകരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് അദ്ദേഹം സിനിമകൾ നിർമിച്ചിട്ടുള്ളത്.

 

അദ്ദേഹത്തെപ്പോലെ ഇത്രയധികം വിജയചിത്രങ്ങള്‍ എടുത്തിട്ടുള്ള മറ്റൊരു നിർമാതാവും മലയാളത്തിൽ വേറെ ഉണ്ടാവുമെന്നും തോന്നുന്നില്ല. ഈ ചിത്രങ്ങളുടെയെല്ലാം വിജയരഹസ്യമായി ഞാൻ കാണുന്നത് സിനിമയോടുള്ള അദ്ദേഹത്തിന്റെ ക്രേസും ഏതു പ്രതിസന്ധിയെയും നേരിടാനുള്ള ഗഡ്‌സുമാണ്. 

 

അങ്ങനെയാണ് 1987 ൽ ഞാനും അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമാകുന്നത്. ജോഷിയും ഞാനും കൂടി ചെയ്ത ‘രക്തം’ ഹിറ്റടിച്ചു നിൽക്കുമ്പോഴാണ് മണി സാറിന്റെ വീണ്ടും ചലിക്കുന്ന ചക്രം, കടത്ത്, നന്ദി വീണ്ടും വരിക എന്നീ ചിത്രങ്ങൾ ചെയ്ത എന്റെ സുഹൃത്തും സംവിധായകനുമായ പി. ജി. വിശ്വംഭരനോട് എന്റെ ഒരു തിരക്കഥ വാങ്ങാൻ അദ്ദേഹം പറയുന്നത്. 

dhruvam

 

പി. ജി. വിശ്വംഭരൻ അന്ന് എറണാകുളത്തു താമസിക്കുന്ന സമയമാണ്. പി. ജി. പറഞ്ഞതു പ്രകാരമാണ് എന്റെ "സ്മഗ്ലർ" എന്ന കഥ മണിസാറിനു വേണ്ടി ഞാൻ ചെയ്യാൻ തയ്യാറാകുന്നത്. നസീറും മധുവുമടങ്ങിയ ഒരു മൾട്ടിസ്റ്റാർ ചിത്രമായിരുന്നത്. ഈ കഥ ആദ്യം പി. ചന്ദ്രകുമാറിനുവേണ്ടി ചെയ്യാനിരുന്നതാണ്. പക്ഷേ അതിന്റെ നിർമാതാവായ മജീന്ദ്രന്റെ അകാല വിയോഗം മൂലം അന്നതു നടന്നില്ല. 

 

അന്ന് നടക്കാതെ പോയ സ്മഗ്‌ളറിന്റെ സഞ്ചാരവഴികളിലൂടെ ഒന്നു പോകാം.

 

1981 നവംബർ അവസാന വാരത്തിലെ ഒരു ദിവസം രാത്രി തിരുവനന്തപുരത്തുനിന്ന എനിക്ക് ഒരു എസ്ടിഡി കോൾ വരുന്നു. ഞാൻ ഫോണെടുത്തപാടെ അങ്ങേ തലയ്ക്കൽനിന്നു പരിചിതമല്ലാത്ത ഒരു ശബ്ദം ഉയർന്നു കേട്ടു. 

 

‘‘കലൂർ ഡെന്നിസല്ലേ, ഞാൻ അരോമ മണിയാണ്. വിശ്വംഭരൻ നിങ്ങളുടെ ഒരു തിരക്കഥയുടെ കാര്യം പറഞ്ഞിരുന്നു, അതേക്കുറിച്ച് സംസാരിക്കാൻ നാളെ ഇവിടെ എത്താമെന്നും വിശ്വംഭരൻ പറഞ്ഞിരുന്നു. ബാക്കിയുള്ള കാര്യങ്ങളൊക്കെ ഇവിടെ വരുമ്പോൾ സംസാരിക്കാം.’’ 

 

കൂടുതലൊന്നും സംസാരിക്കാതെ മൂന്നുനാലു വാചകങ്ങൾ പറഞ്ഞ് അവസാനിപ്പിച്ചുകൊണ്ട് അദ്ദേഹം ഫോൺ വച്ചു. വളരെ സ്പീഡിലുള്ള സംസാരമാണ്. എന്താണ് പറയുന്നതെന്ന് ശ്രദ്ധിച്ചു കേട്ടില്ലെങ്കിൽ ഒന്നും മനസ്സിലാകുകയില്ല. മണിസാറിന്റെ പ്രകൃതത്തെക്കുറിച്ചും ഡീലിങ്സിനെക്കുറിച്ചുമുള്ള ഒരു ഏകദേശ രൂപം നേരത്തേ വിശ്വംഭരൻ എന്നോടു പറഞ്ഞിട്ടുള്ളതുകൊണ്ട് എനിക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. 

 

പിറ്റേന്ന് അതിരാവിലെയുള്ള വേണാട് എക്സ്പ്രസിൽ ഞാനും വിശ്വംഭരനും കൂടി തിരുവനന്തപുരത്തെത്തി. അവിടത്തെ ജേക്കബ്സ് ഹോട്ടലിലാണ് ഞങ്ങൾക്ക് താമസമൊരുക്കിയിരുന്നത്. ഞങ്ങൾ ഡിസ്കഷൻ തുടങ്ങി ഒരു പന്ത്രണ്ടു മണിയോടടുത്തപ്പോഴാണ് ഒരു മിന്നലാട്ടം പോലെ മണിസാർ പെട്ടെന്ന് മുറിയിലേക്ക് വന്നു കയറുന്നത്. ഞാൻ അദ്ദേഹത്തെ നേരിൽ കാണുന്നത് ആദ്യമായിട്ടാണ്. യാതൊരു ഫോർമാലിറ്റീസുമില്ലാതെ പ്രത്യേകതരം മാനറിസത്തോടെ കസവു മുണ്ടും ജൂബ്ബയുമിട്ട് ഒരു പിശുക്കിചിരിയുമൊക്കെയുള്ള ഐശ്വര്യവും ആഢ്യത്തവുമുള്ള  പുരുഷ സ്വരൂപം. 

 

വിശ്വംഭരൻ എന്നെ പരിചയപ്പെടുത്തി. ചിരപരിചിതനെപ്പോലെയാണ് അദ്ദേഹം എന്നോട് സംസാരിച്ചത്. കഥയുടെ ഔട്ട് ലൈൻ വിശ്വംഭരൻ നേരത്തേ പറഞ്ഞിരുന്നതു കൊണ്ട് മറ്റ് ആർട്ടിസ്റ്റുകൾ ആരെല്ലാം വേണമെന്നും ലൊക്കേഷൻ എവിടെയാണെന്നുമൊക്കെ ചോദിച്ചറിഞ്ഞതിനു ശേഷം, പെട്ടെന്ന് എന്തോ ഓർത്തപോലെ തിടുക്കത്തിൽ എഴുന്നേറ്റ് എന്റെ തോളിൽ പിടിച്ച് അൽപം മാറ്റി നിർത്തിക്കൊണ്ട് ചോദിച്ചു. 

 

‘‘അപ്പോൾ ഡെന്നിസിന്റെ പ്രതിഫലം എത്രയാണ്, എത്രയാണ്?, പറ പറ.’’

 

‘‘അതൊക്കെ മണി സാറിന് നന്നായിട്ട്അറിയാമല്ലോ? സാറു തന്നെപറഞ്ഞാൽ മതി. "

 

"അതു പറ്റില്ല, പറ്റില്ല. നിങ്ങളുടെ എമൗണ്ട് നിങ്ങൾ തന്നെ പറയണം. പറയണം.’’ 

 

സംസാരത്തിന്റെ വേഗതയിൽ ചില വാക്കുകൾ റിപ്പീറ്റ് ചെയ്യുന്നത് അദ്ദേഹത്തിന്റെ ഒരു പ്രത്യേക മാനറിസമായിട്ടാണ് എനിക്കു തോന്നിയത്. 

 

ഞാൻ പ്രതിഫലം പറയാതെ പഴയ പല്ലവി തന്നെ ആവർത്തിച്ചപ്പോൾ അദ്ദേഹം കണ്ണു ചിമ്മി കുസൃതി ചിരിയോടെ തന്റെ മനസ്സിൽ കണ്ട പ്രതിഫലം എന്നോടു പറഞ്ഞു. 

 

അന്നത്തെ കാലത്ത് അത്ര കുറവല്ലാത്ത ഒരു പ്രതിഫലമായിരുന്നത്. അതുകൊണ്ട് അദ്ദേഹം പറഞ്ഞ തുകയ്ക്ക് തിരുത്തലൊന്നും പറയാതെ ഞാൻ സമ്മതം മൂളുകയായിരുന്നു. അപ്പോൾത്തന്നെ എനിക്ക് അഡ്വാൻസും നൽകി ആള് തിടുക്കത്തിൽപോവുകയും ചെയ്തു. 

 

അദ്ദേഹം എപ്പോഴും അങ്ങനെയാണെന്നും തിരക്കും വേഗതയുമാണ് അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്. പിന്നെ തിരുവനന്തപുരത്ത് വലിയൊരു ടെക്സ്റ്റയിൽ ഷോപ്പും ഊട്ടിയിൽ ത്രീ സ്റ്റാർ ഹോട്ടലും നടത്തുന്നതുകൊണ്ട് എല്ലായിടത്തും സമയ ക്ലിപ്തത പാലിക്കാൻ വേണ്ടിയുള്ള തിടുക്കത്തിലാണ് ഈ സ്വഭാവ ശൈലി വന്നു ചേർന്നതത്രെ. 

 

തിരുവനന്തപുരത്തുനിന്നു ഞാൻ പോന്നതിനു ശേഷം രണ്ടാഴ്ച് കഴിഞ്ഞ് ജോഷിയുടെ പുതിയ സിനിമയുടെ ഡിസ്കഷന് വേണ്ടി ഞാൻ മദ്രാസിൽ ചെന്നപ്പോൾ ഞാൻ വിശ്വംഭരനെ വിളിച്ചു. 

 

‘‘നീ ഇപ്പോൾ വിളിച്ചത് നന്നായി. ഇവിടെ ഞാനും മ്യൂസിക് ഡയറക്ടർ ശ്യാമും മണി സാറും അദ്ദേഹത്തിന്റെ ഫ്ലാറ്റിലുണ്ട്. ഞാൻ ശ്യാമിന് പാട്ടിന്റെ സിറ്റുവേഷൻ പറഞ്ഞു കൊടുക്കുകയാണ്. നീ കൂടി ഒന്നിവിടം വരെ വന്നിരുന്നെങ്കിൽ നന്നായിരുന്നു.’’

 

ജോഷിയുമായുള്ള ഡിസ്കഷൻ കഴിഞ്ഞ് ഞാൻ ഉച്ചയോടെ മണിസാറിന്റെ ഫ്ലാറ്റിലെത്തി. പിന്നെ ഉച്ചയൂണും കഴിഞ്ഞ് സ്മഗ്‌ളറിന്റെ ലൊക്കേഷൻ കാണുന്നതിനെക്കുറിച്ചും കൊച്ചിയിലെ വെണ്ടുരുത്തി പാലത്തിന്റെ സാങ്ഷൻ വാങ്ങുന്നതിനെക്കുറിച്ചുമൊക്കെ ഞാൻ പറഞ്ഞു.  വെണ്ടുരുത്തി പാലം കിട്ടിയില്ലെങ്കിൽ പിന്നെ ഈ കഥ എടുക്കാൻ പറ്റില്ല. അത് കേട്ടപ്പോൾ മാണിസാറിന് ആകെ ടെൻഷനായി. അതിന്റെ ഗൗരവം മനസ്സിലാക്കിയിട്ടെന്നവണ്ണം അദ്ദേഹം പറഞ്ഞു. 

 

‘‘അയ്യോ അങ്ങനെയാണോ? എങ്കിൽ നിങ്ങൾ എറണാകുളത്തു ചെന്നാലുടൻ തന്നെ പോയി ലൊക്കേഷൻ കാണണം. വെണ്ടുരുത്തിപാലത്തിന്റെ സാങ്ഷൻ കിട്ടാൻ വേണ്ടി ആരെ പിടിക്കണമെന്നു അറിഞ്ഞു വച്ചാൽ നമ്മൾക്ക് അതനുസരിച്ച് ചെയ്യാം.’’

 

അദ്ദേഹത്തിന്റെ സ്പീഡ് പോലെ തന്നെയായിരുന്നു സിനിമാ നിർമ്മാണത്തിലുള്ള ഇൻവോൾവ്മെന്റും.

 

ഞാനും വിശ്വംഭരനും കൂടി എറണാകുളത്ത് പോയി എല്ലാ ലൊക്കേഷനും കണ്ടെങ്കിലും വെണ്ടുരുത്തി പാലം ഷൂട്ട് ചെയ്യാൻ ഒരിക്കലും സാങ്ഷൻ കിട്ടില്ലെന്നുള്ള അറിയിപ്പാണ് സർക്കാർ തലത്തിൽനിന്നു ഞങ്ങൾക്ക് ലഭിച്ചത്.

 

അങ്ങനെ സ്മഗ്ലർ വീണ്ടും മുടങ്ങി. നസീറിനേയും മധുവിനെയും വച്ച് ഒരു മൾട്ടിസ്റ്റാർ ചിത്രം ചെയ്യാൻ കഴിയാത്തതിന്റെ നിരാശ മണി സാറിന് ഉണ്ടായിരുന്നെങ്കിലും വീണ്ടും നമ്മൾ പരിശ്രമിച്ചാൽ എല്ലാം നടത്താനാകുമെന്നും, ഒരിക്കലും നടക്കാത്ത ഇഷ്ടങ്ങളെ മനസ്സിൽ വച്ചുകൊണ്ട് നടക്കരുതെന്നുമുള്ള പോസിറ്റീവ് വൈബ് ഉള്ള ഒരാളായിരുന്നു മണി സർ. സ്മഗ്ലർ നടക്കാത്തതിലുള്ള എന്റെ പ്രയാസം കണ്ട് നമുക്ക് അടുത്ത പടം ചെയ്യാമെന്ന് പറഞ്ഞ് അദ്ദേഹം എന്നെ ആശ്വസിപ്പിക്കുകയായിരുന്നു. അതിനു ശേഷം അഞ്ചെട്ടു വർഷങ്ങൾക്കു ശേഷമാണ് ഞാൻ മണിസാറിന്റെ സിനിമകൾ ചെയ്തത്. ചക്കരയുമ്മ സാജൻ ചെയ്ത ‘നാളെ ഞങ്ങളുടെ വിവാഹവും’ ഷാജി കൈലാസിന്റെ ‘സൗഹൃദവും’. രണ്ടും സാമ്പത്തികമായി വിജയിക്കുകയും ചെയ്തു. 

 

മണിസാർ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട്, 

 

‘‘സിനിമയും മറ്റ് ബിസിനസുമെല്ലാം ചെയ്യണമെങ്കിൽ ആത്മവിശ്വാസവും ഊർജവും മാത്രമുണ്ടായിട്ട് കാര്യമില്ല, പണം വേണം. പണമില്ലെങ്കിൽ ഒരു കച്ചവടവും നടക്കില്ല. ആർക്കെങ്കിലും നന്മ ചെയ്യണമെങ്കിലും പണമില്ലാതെ പറ്റില്ല. എല്ലാ ബന്ധങ്ങളുടെയും നിലനിൽപ് തന്നെ പണത്തിനു പുറത്താണ്. അതുകൊണ്ട് നമ്മൾ ആദ്യം കാണേണ്ടത് പണമാണ്. പണത്തിനെ നമ്മൾ ബഹുമാനിച്ചില്ലെങ്കിൽ അതിനു നമ്മളെ ഉപേക്ഷിച്ചുപോകാൻ യാതൊരു ദാക്ഷിണ്യവുമുണ്ടാകില്ല.’’

 

മണി സാർ പണ്ടു പറഞ്ഞ ഒരു മണി (പണം) പുരാണത്തെക്കുറിച്ച് ഒരു ദിവസം വിശ്വംഭരൻ എന്നോടു പറഞ്ഞൊരു വാചകമുണ്ട്. തമിഴിലെ പ്രശസ്ത ഗാനരചയിതാവായ കണ്ണദാസൻ ഏതോ ഒരു സിനിമയിൽ എഴുതിയ ഒരു ഗാനശകലം ഉദ്ധരിച്ചു കൊണ്ടുള്ള ഒരു പദമൊഴിയാണ്.

 

"കാശേ താൻ കടവുളപ്പാ, അത് കടവുളുക്കും തെരിയുമപ്പാ. കൈക്ക് കൈമാറിവരും പണമേ

അത് നീ തേടുമ്പോൾ വരുവതില്ലേ 

അത് പോകുമ്പോൾ ചൊല്ലുവതുമില്ലൈ 

അളവുക്കുമേൽ പണം വച്ചിരുന്താൽ

അവനും തിരുടനും ഒൺട്രാകും 

വരവ്‌ക്കു മേലെ ചെലവ് ചെയ്താൽ അവനും കുരുടനും ഒരുപോലെ". 

 

അതുകൊണ്ട് പണം വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട ഒരു നിത്യോപയോഗ വസ്തുവാണെന്നും അതിനെ വളരെ നന്നായി വിനിയോഗിച്ചില്ലെങ്കിൽ നമ്മൾ കരഞ്ഞു കേണപേക്ഷിച്ചാലും തിരിച്ചു വരാത്ത വല്ലാത്തൊരു വാശിക്കാരനാണ് പണമെന്നതുമൊക്കെ കണ്ണദാസൻ ആ പാട്ടിൽ പറയുന്നുണ്ട്. കണ്ണദാസന്റെ നീതിസാരമാണ് മണിസാറും ഫോളോ ചെയ്യുന്നതെന്നാണ് വിശ്വംഭരൻ എന്നോട് പറഞ്ഞത്.

 

ഇപ്പോൾ മണി സാർ സിനിമാ നിർമാണമൊക്കെ നിർത്തി വച്ച് വിശ്രമ ജീവിതത്തിലാണ്. കുറെ നാളുകൾക്ക് മുൻപ് അദ്ദേഹത്തിന്റെ പ്രിയപത്നി വേർപെട്ടു പോയ ദുഃഖത്തിലുള്ള ഏകാന്ത വാസത്തിലാണ് ഇപ്പോൾ അദ്ദേഹം.  

 

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com