ADVERTISEMENT

‘ബൂമറാങ്’ സിനിമയുടെ പ്രമോഷന് പങ്കെടുക്കാതിരുന്ന നടി സംയുക്തയെ വിമർശിച്ച നടൻ ഷൈൻ ടോമിനെതിരെ ഹരീഷ് പേരടി. ജോലി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നിയമപരമായോ തൊഴില്‍ സംഘടനകളുമായി ചര്‍ച്ച ചെയ്‌തോ പരിഹരിക്കണമെന്നും പൊതുസമൂഹത്തിനു മുന്നില്‍ അവഹേളിച്ച് നികൃഷ്ടമായ ആണ്‍ കോമാളിത്തം പ്രദര്‍ശിപ്പിക്കുകയല്ല ചെയ്യേണ്ടിയിരുന്നതെന്നും ഹരീഷ് പേരടി പറഞ്ഞു.

‘‘ജോലി സംബന്ധമായ കരാറുകള്‍ തെറ്റിച്ചിട്ടുണ്ടെങ്കില്‍ അതിനെ നിയമപരമായോ തൊഴില്‍ സംഘടനകളുമായി ചര്‍ച്ചചെയ്‌തോ ആണ് പരിഹരിക്കേണ്ടത്. അല്ലാതെ സ്വന്തം ജാതിവാല്‍ മുറിച്ചു കളഞ്ഞ് ധീരമായ നിലപാടെടുത്ത, സമൂഹത്തിന് മാതൃകയായ ഒരു അഭിനേത്രിയെ, ഒരു പെണ്‍കുട്ടിയെ പൊതുസമൂഹത്തിനു മുന്നില്‍ അവഹേളിച്ച് നികൃഷ്ടമായ ആണ്‍ കോമാളിത്തം പ്രദര്‍ശിപ്പിച്ചിട്ടല്ല. സംയുക്ത യുക്തിബോധമുള്ള പെണ്ണാവുമ്പോള്‍ ഷൈന്‍, ഷൈനിങ്ങില്ലാത്ത വെറും ടോം ചാക്കോയെന്ന കേവലം ആണ്‍ മാത്രമാകുന്നു. ഷൈന്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ..?’’–ഹരീഷ് പേരടി പറഞ്ഞു.

‘ബൂമറാങ്’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന മാധ്യമസമ്മേളനത്തിലാണ് സംയുക്തയ്ക്കെതിരെ ഷൈൻ രംഗത്തുവന്നത്. ‘‘ഒരു ജോലി ഏറ്റെടുത്താൽ അത് പൂർണമാക്കാനുള്ള കടമ നമുക്കുണ്ട്. എന്തുകൊണ്ട് ഈ സിനിമയുടെ പ്രമോഷന് അവർ വന്നില്ല?’’–ഷൈൻ ടോം ചോദിച്ചു. പേരിനൊപ്പം ജാതിപ്പേര് ഉപയോഗിക്കില്ലെന്നു പറഞ്ഞ സംയുക്തയുടെ പ്രസ്താവനയെ അധികരിച്ചായിരുന്നു ഷൈൻ ടോം ചാക്കോയുടെ പ്രതികരണം.

‘‘ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയതുകൊണ്ടൊന്നും നന്നാകില്ല. എന്ത് മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്‌ലിം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കാതെ എന്ത് കാര്യം. മനുഷ്യനെ തിരിച്ചറിയണം. പേരൊക്കെ ഭൂമിയിൽ വന്നതിനുശേഷം കിട്ടുന്നതല്ലേ. ചെറിയ സിനിമകൾക്കൊന്നും അവർ വരില്ല. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ. കമ്മിറ്റ്മെന്റ് ഇല്ലായ്മയല്ല. ചെയ്ത ജോലി മോശമായി പോയി എന്ന ചിന്തകൊണ്ടാകും അവർ വരാത്തത്. ’–ഷൈൻ ടോം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com