ADVERTISEMENT

സുബി സുരേഷിനെ അവസാനമായി ഒന്ന് കാണാൻ സഹപ്രവർത്തകരും പ്രേക്ഷകരും വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിലേക്ക് ഒഴുകുകയാണ്. സങ്കടം അടക്കാൻ വയ്യാതെ പലരും വിങ്ങിപ്പൊട്ടുന്നു. പ്രിയ കൂട്ടുകാരിയോട് യാത്ര പറയാനെത്തിയ തെസ്നിഖാന്റെ കരച്ചിൽ മറ്റുള്ളവരിലും വേദന പടർത്തി. സിനിമാ–മിമിക്രി–സീരിയൽ മേഖലയിലെ താരങ്ങളെല്ലാവരും സുബി സുരേഷിന് ആദരാഞ്ജലികൾ നേരാൻ എത്തിയിട്ടുണ്ട്.

 

തൃപ്പൂണിത്തുറ സ്വദേശിയായ സുബി കുറച്ചുകാലമായി വരാപ്പുഴ തിരുമുപ്പത്താണു താമസം. പരേതനായ സുരേഷിന്റെയും അംബികയുടെയും മകളാണ്. അവിവാഹിതയാണ്. മൂന്നിനു ചേരാനല്ലൂർ ശ്മശാനത്തിലാണ് സംസ്കാരം.

 

കൗണ്ടറുകളുടെ റാണി

 

പ്രവീൺ വി.ഹരൻ 

 

സ്റ്റേജിൽ കോമഡി ആർട്ടിസ്റ്റിന് കയ്യടി കിട്ടുന്നത് ‘കൗണ്ടറി’ലാണെങ്കിൽ സുബി സുരേഷ് കൗണ്ടറുകളുടെ റാണിയാണ്. ഇതിൽ‍ സുബിയെ വെല്ലാൻ മിമിക്രിയിലെ ഹാസ്യരാജാക്കൻമാർ പോലും വിയർത്തു. കോമഡിയിലും മിമിക്രിയിലും സ്ത്രീകൾ സജീവമാകുന്നതിനു മുൻപേ സുബി താരമായിത്തുടങ്ങിയിരുന്നു. സ്റ്റേജ് ഷോകളിലും ടിവിയിലുമായിരുന്നു സജീവ സാന്നിധ്യം. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ചിരിയുടെ പിടിവിടാതെ ടെലിവിഷൻ ഷോകളിലേക്കു ചേർത്തുനിർത്തി. കോവിഡ് കാലത്ത് സ്റ്റേജ് ഷോകൾ നിലച്ചപ്പോൾ യുട്യൂബ് ചാനലിലൂടെയും പ്രസന്ന സാന്നിധ്യമായി.

 

അസുഖത്തെക്കുറിച്ച് യുട്യൂബ് വിഡിയോയിൽ പറയുമ്പോഴും സുബി പതിവു ശൈലി കൈവിട്ടില്ല : ‘ഞാനൊന്നു വർക്‌ഷോപ്പിൽ കയറിയിരിക്കുകയായിരുന്നു. സമയത്തിന് ആഹാരവും മരുന്നുകളും കഴിക്കുന്ന ശീലം ഇല്ലാത്തതുകൊണ്ട് എല്ലാംകൂടി ഒരുമിച്ചുവന്നു. ശരീരവേദന, നെഞ്ചുവേദന, ഗ്യാസ്ട്രിക് പ്രശ്നം. ഒരു കരിക്കിൻവെള്ളം കുടിച്ചാൽപോലും ഛർദിക്കും. 2 ദിവസം ആഹാരം കഴിക്കാതിരുന്നാൽ ശരീരം താങ്ങില്ലല്ലൊ. വല്ലാതെ തളർന്നുപോയി. ഇസിജി എടുത്തുനോക്കിയപ്പോൾ അതിൽ കുഴപ്പമില്ല. കുറച്ചു പൊട്ടാസ്യം കുറവുണ്ടായിരുന്നു.

 

അത് നേരത്തേ എന്നെ ചികിത്സിച്ച ഡോക്ടറും പറഞ്ഞു. അതൊക്കെ കഴിഞ്ഞിട്ടും ഞാൻ മരുന്നൊന്നും കറക്ടായി കഴിച്ചില്ല. ഷൂട്ടും യാത്രയുമായി നടന്നു. ഷൂട്ടൊക്കെ കഴിഞ്ഞു വീട്ടിൽവന്നു കിടന്നാൽ വൈകിട്ട് നാലിനും അഞ്ചിനുമൊക്കെയാണ് എഴുന്നേൽക്കുക. ദിവസം ഒരുനേരമൊക്കെയാണ് ആഹാരം. അങ്ങനെയാണ് 10 ദിവസം ആശുപത്രിയിൽ കിടക്കേണ്ടിവന്നത്. അടുക്കും ചിട്ടയുമില്ലാതെ ഒന്നും ശ്രദ്ധിക്കാത്തവർ ഉണ്ടെങ്കിൽ അൽപം ശ്രദ്ധിച്ചാൽ വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ മുന്നോട്ടുപോകാൻ പറ്റും’– നർമത്തിൽ പൊതിഞ്ഞ വാക്കുകൾ വീണ്ടും കാണുമ്പോൾ വേദനിക്കാത്തവരില്ല.

 

തൃപ്പൂണിത്തുറ പുതിയകാവിലായിരുന്നു സുബിയുടെ വീട്. അച്ഛൻ സുരേഷ് അപകടത്തെ തുടർന്ന് ദീർഘകാലം ആശുപത്രിയിലായതോടെ സുബിയുടെ ബാല്യം പ്രയാസപൂർണമായിരുന്നു. സ്റ്റിച്ചിങ് കമ്പനിയിൽ ജോലി ചെയ്താണ് അമ്മ മക്കളെ വളർത്തിയത്. 18–ാം വയസ്സിൽ കുടുംബസമേതം കൊച്ചിക്കു ചേക്കേറിയ സുബി ഡാൻസും മിമിക്രിയുമായി കുടുംബഭാരം ഏറ്റെടുത്തു. 2000 ലാണ് ‘സിനിമാല’ പരിപാടിയിലേക്ക് സുബിയെ വിളിക്കുന്നത്. കോമഡിയിൽ നല്ല ടൈമിങ്, ഡാൻസും അറിയാം. അങ്ങനെ 2002 മുതൽ 13 വർഷം സിനിമാലയിൽ നിറഞ്ഞുനിന്നു. മിമിക്രി താരങ്ങളുടെ തട്ടകമായ കൊച്ചിയിൽ സുബി എല്ലാ ട്രൂപ്പിനൊപ്പവും സ്റ്റേജിലെത്തി; വിദേശയാത്രകളിലെ അവിഭാജ്യ ഘടകമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com