ADVERTISEMENT

‘സന്തോഷം’ സിനിമയെ പ്രശംസിച്ച് സംവിധായകൻ ജീത്തു ജോസഫ്. പേര് പോലെ തന്നെ മനസിന് സന്തോഷം പകരുന്ന  ഒരു മികച്ച സിനിമാനുഭവമാണ് 'സന്തോഷം' സമ്മാനിച്ചതെന്ന് ജീത്തു ജോസഫ് പറയുന്നു. ‘‘ഏറെ പ്രിയപ്പെട്ട അജിത് വി. തോമസ് സംവിധാനം  നിർവഹിച്ച  'സന്തോഷം' കണ്ടു. പേര് പോലെ തന്നെ മനസിന് സന്തോഷം  പകരുന്ന ഒരു മികച്ച സിനിമാനുഭവമാണ് 'സന്തോഷം' സമ്മാനിച്ചത്.ഒരു അനിയത്തിയും ചേച്ചിയും തമ്മിലുള്ള  സഹോദരസ്നേഹവും മാതാപിതാക്കളും മക്കളും തമ്മിലുള്ള ആത്മബന്ധവും സിനിമ വരച്ചു കാട്ടുന്നു. കുടുംബ സിനിമകൾ എനിക്ക് എന്നും പ്രിയപ്പെട്ടതാണ്, അക്കാരണം കൊണ്ട് തന്നെയാണ് പണ്ട് മമ്മി ആൻഡ് മി എന്ന സിനിമയിലേക്ക് എന്നെ കൊണ്ടെത്തിച്ചതും.‘സന്തോഷം’ തീർച്ചയായും നിങ്ങളെയും സന്തോഷിപ്പിക്കും. കുടുംബമായി തന്നെ ചിത്രം കണ്ടു നോക്കുക.’’–ജീത്തു പറയുന്നു.

 

അമിത് ചക്കാലക്കൽ, അനു സിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്ത ഫാമിലി എന്റർടെയ്നർ ആണ് ‘സന്തോഷം’.ഏറെ നാളുകൾക്കു ശേഷം നല്ലൊരു കുടുംബചിത്രം തിയറ്ററിൽ കണ്ട് ആസ്വദിക്കാൻ സാധിച്ചുവെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.  അറിയപ്പെടുന്ന വലിയ താരനിരയില്ലെങ്കിൽ കൂടി ഈ ചിത്രം ആളുകൾ ഏറ്റെടുക്കുന്നു എന്നതാണ് സിനിമയുടെ ഏറ്റവും വലിയ വിജയം. കുടുംബനാഥനായുളള ഷാജോണിന്റെ പ്രകടനവും ബേബി ലക്ഷ്മിയുടെ അഭിനയവും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്.

 

ആദ്യ, അക്ഷര എന്നീ സഹോദരിമാരുടെ സ്നേഹത്തിൽ ചാലിച്ച കഥയാണ് ചിത്രം പറയുന്നത്. മല്ലിക സുകുമാരൻ, കലാഭവൻ ഷാജോൺ, ആശ അരവിന്ദ്, ബേബി ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കലാഭവന്‍ ഷാജോണിന്റെ മകളായി അനു സിത്താര എത്തുന്നു. വല്യമ്മയുടെ വേഷമാണ് മല്ലിക സുകുമാരന്. കോമഡി, റൊമാൻസ്, ഫാമിലി ഡ്രാമ എന്നീ ഇമോഷൻസ് എല്ലാം ചേർന്നൊരു എന്റർടെയ്നറാണ് സന്തോഷം.

 

അർജുൻ സത്യൻ തിരക്കഥ എഴുതുന്ന ചിത്രം പേരുപോലെ തന്നെ ഫീല്‍ഗുഡ് സിനിമയാണ്.‌ ജീത്തു ജോസഫ്, സുജിത് വാസുദേവ് എന്നിവർക്കൊപ്പം സംവിധാനസഹായിയായി പ്രവർത്തിച്ച അജിത്തിന്റെ ആദ്യ സംവിധാനസംരംഭമാണിത്. മെമ്മറീസ്, ദൃശ്യം, പാപനാശം തുടങ്ങിയ സിനിമകളുടെ അസോസിയേറ്റ് ഡയറക്ടർ ആയിരുന്നു അദ്ദേഹം. മീസ്-എൻ-സീൻ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഇഷ പട്ടാലി, അജിത് തോമസ് എന്നിവർ ചേർന്നാണ് നിർമാണം. സിനിമയുടെ ഗാനങ്ങൾ ഇതിനോടകം ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിച്ചു കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com