ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ടിവി ഷോകളിലൊന്നായി ആരാധകർ വാഴ്ത്തിപ്പാടിയ ‘ഡാർക്ക്’. നെറ്റ്‌ഫ്ലിക്സിൽ ജർമൻ ഭാഷയിൽ അവതരിപ്പിച്ച ആദ്യത്തെ ഒറിജിനൽ സീരീസ്. ജർമൻ ചലച്ചിത്ര പ്രവർത്തകരായ യാൻഷെ ഫ്രീസെയും ബാരൺ ബോ ഒഡാറും ചേർന്നെഴുതിയ സീരീസ്, ഭാഷയുടെ അതിർവരമ്പുകളെല്ലാം മായ്ച്ചു കളഞ്ഞ് മലയാളത്തിൽ ഉൾപ്പെടെ ഒട്ടേറെ ആരാധകരെയാണ് സൃഷ്ടിച്ചത്. 2017ൽ ആരംഭിച്ച് 2020 വരെയുള്ള മൂന്നു സീസണുകൾക്കു വേണ്ടി മലയാളം സബ്ടൈറ്റിലുകൾ വരെ ആരാധകർ ഒരുക്കി. ഡാർക്കിന് ഇനിയുമൊരു സീസൺ കൂടിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയായിരുന്നു മൂന്നാം സീസണിൽത്തന്നെ അത് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. പക്ഷേ യാൻഷെയും ബാരണും ആരാധകരെ നിരാശപ്പെടുത്തിയില്ല. 2018 നവംബറിൽ ആ പ്രഖ്യാപനമെത്തി– നെറ്റ്‌ഫ്ലിക്സിനൊപ്പം ചേർന്ന് പുതിയ വെബ് സീരീസ് തയാറാക്കുകയാണ്. പിന്നെ നീണ്ട കാത്തിരിപ്പായിരുന്നു. 2020 ജൂലൈ ആയപ്പോൾ അടുത്ത അപ്ഡേറ്റ്. പുതിയ സീരീസിന്റെ ആദ്യത്തെ എപ്പിസോഡിന്റെ തിരക്കഥ ബാരൺ പൂർത്തിയാക്കിയിരിക്കുന്നു. ‘ദ് ഷിപ്’ എന്ന ആദ്യ എപ്പിസോഡിന്റെ പ്രഖ്യാപനം തന്നെ ആരാധകരുടെ ഹൃദയത്തിൽ തിരയിളക്കം സൃഷ്ടിക്കാൻ പോന്നതായിരുന്നു. ‘1899’ എന്ന വെബ് സീരീസിന് അവിടെ തുടക്കമാകുകയായിരുന്നു. 2022 നവംബറിലായിരുന്നു റിലീസ്. ഡാർക്കിന്റെ സ്രഷ്ടാക്കൾ ഒരുക്കിയ വെബ് സീരീസ് ആയതിനാൽത്തന്നെ ലോകം നെറ്റ്‌ഫ്ലിക്സിലേക്ക് ഇടിച്ചു കയറി. റിലീസ് ചെയ്തതിനു പിന്നാലെ 58 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പേർ കണ്ട സീരീസായും 1899 മാറി. രണ്ടാം ഭാഗത്തിന്റെ സൂചനകൾ കൃത്യമായി നൽകിയായിരുന്നു സീരീസ് അവസാനിച്ചത്. പക്ഷേ എല്ലാ പ്രതീക്ഷകളെയും തല്ലിക്കെടുത്തി 2023 ജനുവരിയിൽ നെറ്റ്‌ഫ്ലിക്സ് പ്രഖ്യാപിച്ചു– ‘ഇല്ല, ഞങ്ങൾ 1899ന്റെ പുതിയ സീസണുകൾ ഒരുക്കുന്നില്ല.’’. അക്കാര്യം യാൻഷെയും ബാരണും ഇൻസ്റ്റഗ്രാമിലൂടെ സ്ഥിരീകരിക്കുകയും ചെയ്തു–‘‘ഡാർക്ക് പോലെത്തന്നെ 1899ന്റെയും രണ്ടും മൂന്നും സീസണുകൾ ഒരുക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു. പക്ഷേ ചിലപ്പോഴൊന്നും കാര്യങ്ങൾ നമ്മൾ കരുതിയതു പോലെയാകില്ല’’ എന്നായിരുന്നു ഇരുവരുടെയും വാക്കുകൾ. 1899 നല്ലതാണെന്നും മോശമാണെന്നുമുള്ള റിവ്യൂകള്‍ അതിനോടകം വന്നിരുന്നു. പക്ഷേ അത് നിർത്താൻ തക്ക മോശമാണെന്ന് വിമർശകർ പോലും പറയുന്നില്ല. പിന്നെന്തിനാണ് നെറ്റ്ഫ്ലിക്സ് ഇത്തരമൊരു കടുത്ത തീരുമാനമെടുത്തത്? അത്രയേറെ നഷ്ടമാണോ ഈ സീരീസ് നെറ്റ്‌ഫ്ലിക്സിനുണ്ടാക്കിയത്? എന്താണ് യഥാർഥത്തിൽ 1899നു സംഭവിച്ചത്? നെറ്റ്ഫ്ലിക്സുമായുള്ള ബന്ധം യാൻഷെയും ബാരണും അവസാനിപ്പിക്കുകയാണോ?
HIGHLIGHTS
- കോടികൾ മുടക്കി ഒരുക്കിയ 1899 എന്ന സയൻസ് ഫിക്‌ഷൻ ത്രില്ലർ വെബ് സീരീസ് എന്തുകൊണ്ടാണ് നെറ്റ്‌ഫ്ലിക്സ് ‘പാതിവഴിയിൽ’ നിർത്തിയത്?
- കഥയിലും കാഴ്ചയിലും നിർമാണത്തിലും വിഷ്വൽ എഫക്ട്സിലും 1899 വ്യത്യസ്തമായതെങ്ങനെ?
- ‘ഡാർക്കി’ന്റെ സംവിധായകർ നെറ്റ്ഫ്ലിക്സുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണോ?