ADVERTISEMENT

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറയുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ നാളെ തിയറ്ററുകളിലെത്തും. ചിത്രീകരണത്തിനു മുൻപു തന്നെ ഏറെ വിവാദം സൃഷ്ടിച്ച ചിത്രം സംവിധാനം ചെയ്യുന്നത് രാമസിംഹനാണ്. 81 തിയറ്ററുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. എ സർട്ടിഫിക്കറ്റാണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. മമധര്‍മ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് ജനങ്ങളില്‍നിന്നു പണം സംഭാവനയായി സ്വീകരിച്ചാണ് ചിത്രം നിര്‍മിച്ചത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി തലൈവാസല്‍ വിജയ് ആണ് വേഷമിടുന്നത്. ജോയ് മാത്യു, ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

1921 ലെ മലബാർ‌ കലാപത്തിൽ കൊല്ലപ്പെട്ടവർക്കുള്ള സമൂഹബലിയാണ് ചിത്രമെന്ന് സംവിധായകൻ രാമസിംഹൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ‘‘1921ലെ ആത്മാക്കൾക്ക് 2021 ൽ ബലിയിട്ട് തുടങ്ങിയതാണ് മമധർമ. ഇന്ന് ഞാനവർക്ക് അർപ്പിക്കുന്നത് ഒരു സമൂഹ ബലിയാണ്, ലോകത്തിന്റെ എല്ലാ കോണിൽനിന്നും അവർക്കു ലഭിച്ച ഒരുരുള ചോറ് –അതാണ് ‘1921 പുഴമുതൽ പുഴവരെ’. ആ അർപ്പണത്തിൽ നിങ്ങളും പങ്കാളികളാവുക. ഇത് പൂർവികർക്കു നൽകാനുള്ള മഹത്തായ ബലിയാണ്. ഓർക്കണം. ഓർമിപ്പിക്കണം ചങ്കു വെട്ടി, വെട്ടിച്ചിറ.. ഇതൊക്കെ ചരിത്രത്തിന്റെ ശേഷിപ്പുകളാണ്. തുവ്വൂരിൽ നാഗാളിക്കാവിൽ, പുഴ മുതൽ പുഴ വരെയിൽ ബലിയാടായവരേ, നിങ്ങൾക്കുള്ള ഒരു തർപ്പണമാണ്... നിലവിളിച്ചവർക്കുള്ള തർപ്പണം.. മമധർമ്മ... ഇനി ഞാനൊന്നുറങ്ങട്ടെ.’’–കുറിപ്പിൽ പറയുന്നു.

സിനിമയുടെ ചിത്രീകരണം 2021 ഫെബ്രുവരി 20ന് വയനാട്ടിലാണ് ആരംഭിച്ചത്. സെൻസറിങ് സമയത്ത് കേരളത്തിൽ സിനിമയുടെ പ്രദർശനം നിഷേധിച്ചിരുന്നു. കേരളത്തിലെ സെൻസർ ബോർഡ് ചിത്രം കണ്ടതിനു ശേഷം അവസാന തീരുമാനത്തിനായി മുംബൈയിലെ ഹയർ കമ്മിറ്റിക്ക് വിട്ടു. ചില സീനുകൾ കട്ട് ചെയ്ത് എ സർട്ടിഫിക്കറ്റ് നൽകി ചിത്രം പ്രദർശിപ്പിക്കാനുള്ള അനുമതിഹയർ കമ്മിറ്റി നൽകുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com