ADVERTISEMENT

രണ്ടു വർഷമായി തനിക്കെതിരെ ട്രോളുകൾ സൃഷ്ടിച്ചവരും ആക്രമണം നടത്തിയവരും ‘1921: പുഴ മുതൽ പുഴ വരെ’ എന്ന സിനിമയിലൂടെ പുറത്തുവരുന്ന സത്യത്തെ ഭയപ്പെടുന്നവരാണെന്ന് സംവിധായകൻ രാമസിംഹൻ (അലി അക്ബർ) പറഞ്ഞു. അത്തരത്തിൽ ഭയപ്പെടുന്നവരാണ് സംസ്ഥാനത്തിന്റെ പലയിടത്തും തന്റെ സിനിമയുടെ പോസ്റ്ററുകൾ വലിച്ചുകീറുന്നതെന്നും അലി അക്ബർ പറഞ്ഞു.

 

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ബിബിസി ഡോക്യുമെന്ററി നാടുനീളെ കാണിക്കുന്നുണ്ട്. എന്നാൽ തന്റെ സിനിമയ്ക്കെതിരെ വ്യാപകമായ ആക്രമണം നടത്തുകയും ചെയ്തു. കോർപറേഷനിൽ പണമടച്ച് അനുവാദം വാങ്ങിയാണ് സിനിമയുടെ പോസ്റ്ററുകൾ ഒട്ടിച്ചത്. എന്നാൽ ഇതിനുതൊട്ടുപിറകെ ഒരുകൂട്ടരെത്തി പോസ്റ്ററുകൾ വലിച്ചുകീറി കളയുകയാണ് ചെയ്യുന്നത്. സത്യം പുറത്തുവരുമെന്ന ഭയമാണ് ട്രോളുകൾക്കും ആക്രമണങ്ങൾക്കും പിന്നിൽ. തനിക്കെതിരെ ക്രൂരമായ ട്രോളുകൾ വരുന്നതുകണ്ട് അനുകമ്പ തോന്നി സിപിഎമ്മുകാർ പോലും സിനിമാനിർമാണത്തിനു പണം നൽകിയിട്ടുണ്ട്. 

 

‘1921: പുഴ മുതൽ പുഴ വരെ’ എന്ന സിനിമ മുടക്കാൻ പലരും പരമാവധി ശ്രമിച്ചുവെന്ന് അലി അക്ബർ പറഞ്ഞു. ആദ്യം ചിത്രീകരണം മുടക്കാൻ ശ്രമിച്ചു. ലൊക്കേഷനിൽ ഉദ്യോഗസ്ഥരെ അയച്ച് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ചിത്രം പൂർത്തിയായതോടെ സെൻസർ ചെയ്ത് സർടിഫിക്കറ്റ് നൽകാൻ സെൻസർബോർഡ് തയാറായില്ല. ഇതോടെയാണ് കോടതിയെ സമീപിച്ചത്. കോടതിയുടെ അനുകൂല വിധിയുണ്ടായിട്ടുപോലും സർട്ടിഫിക്കറ്റ് നൽകാതെ തടഞ്ഞുവച്ചു. ഒരു വഴിയുമില്ലാതായതോടെ പ്രധാനമന്ത്രിക്കു പരാതി അയച്ചു. നാലുദിവസത്തിനകം പ്രധാനമന്ത്രിയുടെ ഓഫിസ് ഇടപെടുകയും സർടിഫിക്കറ്റ് നൽകുകയുമായിരുന്നുവെന്നും സംവിധായകൻ പറഞ്ഞു.

 

1921ൽ  കൊന്നവർക്ക് സ്മാരകം പണിയുകയും കൊല്ലപ്പെട്ടവരെ തഴയുകയുമാണ് സർക്കാർ ചെയ്യുന്നത്. പൃഥ്വിരാജ് നായകനായി വാരിയംകുന്നൻ എന്ന പേരിൽ സിനിമയെടുക്കുമെന്ന് പ്രഖ്യാപിച്ചപ്പോഴാണ് വാരിയംകുന്നനെ വിമർശിച്ച് സിനിമയെടുക്കാൻ താൻ മുന്നിട്ടിറങ്ങിയത്. 80 കോടി രൂപ ബജറ്റുമായി പൃഥ്വിരാജിന്റെ സിനിമയടക്കം നാലു സിനിമകളാണ് അന്നു പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ‌ ജനങ്ങൾ നൽകിയ പണമുപയോഗിച്ച് നിർമിച്ച തന്റെ സിനിമ മാത്രമാണ് പൂർത്തിയായി തീയറ്ററുകളിലേക്കെത്തുന്നത്. ചരിത്രം പഠിക്കാതെയാണ് പൃഥ്വിരാജ് സിനിമയിലേക്ക് ചാടിയിറങ്ങിയത്. സത്യം മനസിലാക്കിയപ്പോഴാണ് അദ്ദേഹം പിൻതിരിഞ്ഞതെന്നും സംവിധായകൻ അലി അക്ബർ പറഞ്ഞു.  ചരിത്രകാരൻ കെ. മാധവൻനായർ മലബാർ കലാപത്തെക്കുറിച്ചുപറഞ്ഞതുമാത്രമേ തന്റെ സിനിമയിലും പറയുന്നുള്ളൂ. താൻ ചരിത്രത്തെ പച്ചക്കണ്ണടയും ചുവപ്പുകണ്ണടയുമിട്ടല്ല കാണുന്നത്.

 

രണ്ടരക്കോടിയോളം രൂപ ബജറ്റിലാണ് സിനിമ പൂർത്തിയാക്കിയത്. രണ്ട് കോടി രൂപ പൊതുജനങ്ങളിൽ നിന്നും പിരിച്ചുകിട്ടി. ജനങ്ങൾ പണം തന്നത് ബാങ്ക് അക്കൗണ്ട് വഴിയാണ്. ഇതിനു ജിഎസ്ടി അടച്ചിട്ടുണ്ട്. അക്കൗണ്ട് ഓഡിറ്റ് ചെയ്തിട്ടുണ്ട്. ആർക്കും പരിശോധിക്കാവുന്നതാണ്. ദിവസേന രണ്ടരലക്ഷത്തോളം രൂപ ചെലവിൽ അൻപതു ദിവസത്തോളം ചിത്രീകരണം നടത്തി. പോസ്റ്റ് പ്രൊഡക്ഷനടക്കമുള്ള ജോലികൾ പൂർത്തിയാക്കി. മലയാളം, ഹിന്ദി പതിപ്പുകളാണ് ഈ തുക കൊണ്ട് റിലീസിനൊരുങ്ങുന്നത്. എന്നിട്ടും ജനങ്ങൾ നൽകിയ പണം താൻ അടിച്ചുമാറ്റിയെന്നാണ് പലരും സമൂഹമാധ്യമങ്ങളിലിരുന്ന് ആരോപിക്കുകയും കരയുകയും ചെയ്യുന്നത്. ആരോപണമുന്നയിച്ച ആരും തനിക്ക് പണം തന്നിട്ടില്ലെന്നും അലി അക്ബർ പറഞ്ഞു.

 

തന്നെ ട്രോളിയവർക്കും ആക്രമിച്ചവർക്കുമുള്ള മറുപടിയായാണ് സിനിമ സംസ്ഥാനത്തെ 86 തീയറ്ററുകളിൽ റിലീസിനെത്തുന്നത്. സിനിമയ്ക്ക് പണം നൽകിയത് സാധാരണ ജനങ്ങളാണ്. പടത്തിനു ലാഭമുണ്ടായാൽ ഇവരോരോ‍രുത്തർക്കും മുടക്കുമുതൽ തിരികെ നൽകുകയെന്നത് അപ്രായോഗികമാണ്. അതുകൊണ്ട് ഈ തുക സാമൂഹികസേവനത്തിലൂടെ സമൂഹത്തിനു നൽകാനാണ് തീരുമാനമെന്നും അലി അക്ബർ പറഞ്ഞു. 

 

ചിത്രത്തിന്റെ നിർമാണത്തിനായി രൂപീകരിച്ച ‘മമധർമ’ എന്ന കമ്പനി ട്രസ്റ്റായി റജിസ്റ്റർ ചെയ്യും.  ചിത്രത്തിനു തീയറ്ററുകളിൽനിന്നു ലഭിക്കുന്ന തുക ഈ ട്രസ്റ്റിലൂടെ വിവിധ സാമൂഹികസേവന പദ്ധതിക്കായി ചെലവഴിക്കും. സേവാഭാരതിയുമായി ചേർന്ന് വീടില്ലാത്ത അഞ്ചുപേർക്ക് വീടു നിർമിച്ചു നൽകാനും രോഗികൾക്ക് ചികിത്സാ ചെലവു നൽകാനും ലക്ഷ്യമിടുന്നുണ്ടെന്നും അലി അക്ബർ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com