ADVERTISEMENT

ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ഭാര്യ ആലിയ സിദ്ദിഖി. തന്നേയും മക്കളേയും നവാസുദ്ദീന്‍ സിദ്ദിഖി വീട്ടില്‍ നിന്നും ഇറക്കിവിട്ടു എന്നാണ് അവര്‍ ആരോപിക്കുന്നത്. കഴിഞ്ഞദിവസം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് താരത്തിനെതിരെ ആലിയ തുറന്നടിച്ചത്. നിരപരാധികളായ സ്വന്തം മക്കളെപ്പോലും വെറുതെവിടാത്തയാളാണ് നവാസുദ്ദീന്‍ സിദ്ദിഖിയെന്ന് അവര്‍ പറഞ്ഞു.

 

‘‘ഞാൻ നവാസുദ്ദീന്റെ വീട്ടിൽ നിന്നും വന്നതേയുള്ളൂ. എന്റെ മകൾ കരയുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കുന്നുവോ? ഞങ്ങളെ ഇവിടെ നിന്നും ഇറക്കിവിട്ടു. മക്കളെയും കൊണ്ട് എങ്ങോട്ടുപോകണമെന്നറിയില്ല. എന്റെ കയ്യിൽ ആകെ 81 രൂപ മാത്രമേയുള്ളൂ. ഇപ്പോൾ കയ്യിൽ പണവും, പോകാൻ വീടുമില്ല. അയാൾക്ക് എങ്ങനെ ഇത്തരത്തിൽ പെരുമാറാൻ സാധിക്കുന്നുവെന്നറിയില്ല. നിങ്ങൾ എന്റെ മക്കളോട് ചെയ്‌തതിന് ഞാൻ ഒരിക്കലും നിങ്ങളോട് ക്ഷമിക്കില്ല. ഈ രാത്രി നേരം എന്റെ മക്കൾ നേരിടുന്ന ദുരനുഭം എന്തെന്ന് നിങ്ങൾ കാണൂ. എന്റെ കുഞ്ഞുങ്ങളെയും കൊണ്ട് ഞാൻ എങ്ങോട്ടു പോകണം.

 

പുറത്തുപോയി വീട്ടിലേക്ക് തിരിച്ചുവന്നപ്പോള്‍ തന്നെയും മക്കളേയും വീടിനുള്ളില്‍ പ്രവേശിക്കുന്നത് തടയാനായി കുറേ കാവല്‍ക്കാരെ നിയോഗിച്ചിരിക്കുന്നതാണ് കണ്ടത്. ഞങ്ങളെ നവാസുദ്ദീന്‍ ക്രൂരമായി വഴിയിലുപേക്ഷിച്ചു. സ്വന്തം പിതാവ് തന്നോട് ഇത് ചെയ്യുമെന്ന് മകള്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അവള്‍ നടുറോഡില്‍ നിന്ന് കരയുകയായിരുന്നു. ഞങ്ങളുടെ നിസ്സഹായാവസ്ഥയറിഞ്ഞ ഒരു ബന്ധു അവരുടെ ഒറ്റമുറി വീട്ടില്‍ കൊണ്ടുപോവുകയായിരുന്നു.’’–ആലിയ പറയുന്നു.

 

2010ലാണ് ആലിയയെ നവാസുദ്ദീന്‍ സിദ്ദിഖി വിവാഹം കഴിക്കുന്നത്. ആലിയ - നവാസുദ്ദീന്‍ ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. 2020ല്‍ നവാസുദീന്‍ സിദ്ദീഖിയില്‍ നിന്നും ആലിയ വിവാഹ മോചനം തേടിയിരുന്നു. നവാസുദ്ദീന്‍ സിദ്ദിഖിക്കിക്കും നാല് കുടുംബാംഗങ്ങള്‍ക്കുമെതിരെ ആലിയ ഗാര്‍ഹിക പീഡന പരാതിയും നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് വിവാഹ മോചന ഹര്‍ജിയില്‍ നിന്നും ആലിയ പിന്മാറുകയായിരുന്നു. 2021ല്‍ കോവിഡ് ബാധിച്ചപ്പോള്‍ നവാസുദ്ദീന്‍ സിദ്ദിഖി ആലിയയെ പരിചരിക്കാനെത്തിയിരുന്നു. അന്നത്തെ പെരുമാറ്റത്തിലാണ് തന്റെ മനസു മാറിയതെന്നാണ് ആലിയ പിന്നീട് പറഞ്ഞത്. കഴിഞ്ഞ കുറച്ചുനാളുകളായി ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുകൂട്ടരും വാര്‍ത്തകളില്‍ നിറയുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com