ADVERTISEMENT

മുദ്രാവാക്യങ്ങൾ വെറും വാക്യങ്ങളല്ല. അവ കാലമുദ്രകളാണ്. ഒരു കാലഘട്ടത്തിന്റെ പ്രത്യേകതകളെ പ്രസരിപ്പിക്കുന്ന അടയാളവാക്യങ്ങൾ. നല്ലതും നേരും മാത്രമല്ല അവയിൽ തിളങ്ങുക. കെട്ടതും കള്ളവും അതിൽ തെളിയും. കുറച്ചുകാലം മുമ്പ് കെ.ആർ.ഗൗരിയമ്മ കടന്നുപോയപ്പോൾ അവരെ വാഴ്ത്തിയ പലരും തങ്ങളുടെ പൂർവികർ പരസ്യമായിട്ടേറ്റു പാടിയ ചില മുദ്രാവാക്യങ്ങൾ പാടേ മറന്നു പോയിരുന്നു. അഥവാ മറന്ന പോലെ നടിച്ചിരുന്നു. തലച്ചോറിലെ സ്മൃതികോശങ്ങളിൽ തന്മാത്ര സിനിമയിലെ തൊന്തരവു പിടിച്ച സൂക്കേടിന്റെ പൂപ്പലൊന്നും പടരാത്ത ചിലർ മറവിയുടെ പരണത്തു നിന്ന് അതൊക്കെ പെറുക്കിയെടുത്തു പുറത്തിട്ടു.

‘‘...........പെണ്ണേ ഗൗരിപ്പെണ്ണേ
മക്കടെ വേദനയറിയില്ലേ?
ഗൗരീ നീയൊരു പെണ്ണല്ലേ
പുല്ല് പറിക്കാൻ പൊയ്ക്കൂടേ?
നാടുഭരിക്കാനറിയില്ലെങ്കില്‍
വാടീ ഗൗരീ കയറുപിരിക്കാന്‍.
നാടുഭരിക്കാനറിയില്ലെങ്കില്‍
ചകിരി പിരിക്കൂ ഗൗരി.........
ഗൗരി........യെ വേളി കഴിച്ചൊരു
റൗഡിത്തോമാ സൂക്ഷിച്ചോ.
വാടീ ഗൗരീ ചായ കുടി
ചാരിയിരുന്നൊരു ബീഡി വലി.
എമ്മനും ഗൗരിയുമൊന്നാണേ
തോമാ അവരുടെ വാലാണേ.
അരിവാളെന്തിന് തോമാച്ചാ
ഗൗരി........യെ ചൊറിയാനോ?
ഗൗരി.......യുടെ കടി മാറ്റാൻ കാച്ചിയതാണീ മുക്കൂട്ട്.
ഗൗരി......യെ മടിയിലിരുത്തി
നാട് ഭരിക്കും നമ്പൂരീ
ചെങ്കൊടി ഞങ്ങള്‍ താഴ്‌ത്തിക്കെട്ടും.
മന്നം ചാക്കോ ശങ്കര്‍ പട്ടം
മമ്മതുകോയ സിന്ദാബാദ്’’

സ്ത്രീവിരുദ്ധതയും ദലിത് വിരുദ്ധതയും പുരോഗമനവിരുദ്ധതയും മനുഷ്യവിരുദ്ധതയും ഒന്നിച്ചരഞ്ഞുചേർന്ന ഇത്തരം മുദ്രാവാക്യങ്ങൾ നിർലജ്ജം മുഴങ്ങിയത് പ്രബുദ്ധകേരളത്തിലെ തെരുവുകളിൽത്തന്നെയായിരുന്നു.
‘‘തമ്പ്രാനെന്ന് വിളിപ്പിക്കും
പാളേൽ കഞ്ഞി കുടിപ്പിക്കും
ചാക്കോ നാടു ഭരിക്കട്ടെ
ചാത്തൻ പൂട്ടാൻ പോകട്ടെ’’
എന്ന മുദ്രാവാക്യം മുഴങ്ങിയ അതേ തെരുവുകളിൽ.

ജനിച്ച ജാതിയും കുലവുമൊക്കെയാണ് മനുഷ്യന്റെ മൂല്യം നിർണയിക്കുന്നതെന്ന അബദ്ധബോധം പുലർത്തുന്ന പലരും തെരുവുകളിൽ പരസ്യമായിട്ടിപ്പോൾ ഇത്തരത്തിൽ മുദ്രാവാക്യം വിളിക്കാറില്ലെന്നേയുള്ളൂ. വെള്ളപൂശിയ മനസ്സിന്റെ ശവക്കല്ലറകളിൽനിന്ന് ഉയർത്തെഴുന്നേൽക്കാൻ പരുവത്തിൽ ആ പ്രേതചിന്തകൾ തയാറെടുപ്പുകൾ നടത്തുന്നത് പെട്ടെന്ന് പുറമേക്കാരും അറിയില്ലെന്നുമാത്രം.

പക്ഷേ തെരുവുകൾക്ക് ഒരു കഥ മാത്രമല്ല പറയാനുള്ളത്. വയലാറിന്റെ വരികൾ കേട്ടിട്ടില്ലേ.

‘‘കയറു പിരിക്കും തൊഴിലാളിക്കൊരു
കഥയുണ്ടുജ്ജ്വല സമരകഥ.
അതു പറയുമ്പോൾ നമ്മുടെ നാടിനു-
മഭിമാനിക്കാൻ വകയില്ലേ?’’

ഉണ്ട്. തീർച്ചയായുമുണ്ട്. മനുഷ്യരുടെ മുഷ്ടികൾ ആവേശത്തോടെയും അരിശത്തോടെയും ഉയർന്നു പൊങ്ങിയപ്പോൾ ചരിത്രത്തിന്റെ ഗതി മാറിയ കഥകളെത്രയോ പറയാനുണ്ട് നമ്മുടെ തെരുവുകൾക്ക്. ചുള്ളിക്കാടിനെ ചൊല്ലാതിരിക്കുന്നതെങ്ങനെ.

‘‘ചരിത്രങ്ങളെല്ലാം പടയ്ക്കുന്ന കൈകൾ
പെരുംകാലചക്രം തിരിക്കുന്ന കൈകൾ
ഇരുട്ടത്ത് പന്തം പിടിക്കുന്ന കൈകൾ
പ്രഭാതങ്ങൾതൻ പേറെടുക്കുന്ന കൈകൾ
മനുഷ്യന്റെ കൈകൾ
മരിക്കാത്ത കൈകൾ.’’

അനേകരുടെ കരങ്ങൾ ഒത്തുചേർന്നപ്പോൾ, ആയിരം കണ്ഠങ്ങളിൽനിന്ന് ആകാശത്തോളം ഉയരത്തിൽ മുദ്രാവാക്യങ്ങൾ മുഴങ്ങിയപ്പോൾ, തെരുവുകളിൽ മാത്രമല്ല തുറമുഖങ്ങളിലും ചരിത്രം സൃഷ്ടിക്കപ്പെട്ടിരുന്നു. ഒഡേസ എന്ന തുറമുഖനഗരവും പ്രിൻസ് പൊട്ടെംകിൻ താവ്റിച്ചെസ്കി എന്ന പടക്കപ്പലും ഓർമയുടെ തിരശീലയിൽ കാളം മുഴക്കിയെത്തുന്നു. ഏതു ചലച്ചിത്രപ്രേമിക്കാണ് ബാറ്റിൽഷിപ്പ് പൊട്ടെംകിൻ മറക്കാനാവുക.

അടുത്തിടെ ഒരു സിനിമയുടെ ടീസറിൽ കേട്ട പഴയ മുദ്രാവാക്യമാണ് ഈ പറച്ചിലിനൊക്കെ തുടക്കമിട്ടത്. തുറമുഖം എന്ന സിനിമയുടെ പ്രചരണത്തിനുവേണ്ടി തയാറാക്കിയ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിൽ അത് മുഴങ്ങുന്നതിങ്ങനെ:

‘‘കാട്ടാളന്മാർ നാടു ഭരിച്ചു
നാട്ടിൽ തീ മഴ പെയ്തപ്പോൾ
പട്ടാളത്തെ പുല്ലായ് കരുതിയ
മട്ടാഞ്ചേരി മറക്കാമോ?’’

കൃത്യമായി പറഞ്ഞാൽ അതൊരു മുദ്രാവാക്യമായിരുന്നില്ല. പി.ജെ.ആന്റണി എഴുതിയൊരു ഗാനമായിരുന്നു. അതെ. ആ പി.ജെ.ആന്റണി തന്നെ. നാടകക്കാരനും സിനിമാക്കാരനുമായിരുന്ന അതേ പി.ജെ.ആന്റണി. നിർമാല്യത്തിൽ വെളിച്ചപ്പാടായി തുള്ളിയുറഞ്ഞു ദക്ഷിണേന്ത്യയിലേക്ക് ആദ്യമായി ഭരത് അവാർഡ് കൊണ്ടുവന്ന അഭിനേതാവ് മാത്രമായിരുന്നില്ല അയാൾ. തട്ടിലും തിരയിലും മാത്രം നടിക്കുകയും നാട്ടിലെ നേരുകേടുകൾക്കെതിരെ നീതിയുടെ തീനാവായി ജ്വലിക്കുകയും ചെയ്തിരുന്നു ആ മനുഷ്യൻ.

മട്ടാഞ്ചേരി എന്ന വിപ്ലവഗാനം ആന്റണി എഴുതിയതെന്നാണെന്നോ വെടിവയ്പ്പിനിടയായ, 1953 - ലെ സമരത്തിന്റെ ഏതു ഘട്ടത്തിലാണത് ഉപയോഗിക്കപ്പെട്ടതെന്നോ ആധികാരികമായി പറയാൻ എളുപ്പമല്ല. 1954 ൽ പ്രഭാതം പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച ‘കേരളം ഉണരുന്നു’ എന്ന സമാഹാരത്തിൽ ആ ഗാനം അച്ചടിച്ചിരുന്നു എന്നറിയാം. പക്ഷേ മൂന്നു ചെറുപ്പക്കാർ രക്തസാക്ഷികളാവുകയും കണക്കില്ലാത്തത്രയും ആൾക്കാർ പൊലീസ് പീഡനത്തിനിരയാവുകയും ചെയ്ത മട്ടാഞ്ചേരി സമരത്തിന്റെ ജ്വലിക്കുന്ന സ്മരണയായി ഇന്നുമാ പാട്ട് കനൽ കെട്ടുപോകാതെ നിലനിൽക്കുന്നു. ചിലരുടെയെങ്കിലും മനസ്സുകളിൽ മുദ്രാവാക്യങ്ങളെക്കാൾ വലിയ മുഴക്കത്തോടെ അത് ജീവിച്ചിരിക്കുന്നു.

thuramukham-movie-3

മട്ടാഞ്ചേരി സമരത്തെക്കുറിച്ച് അന്വേഷിച്ചിറങ്ങുമ്പോഴാണ് അതിനെക്കുറിച്ചു കാര്യമായ അറിവു പകരാൻ പര്യാപ്തമായ അധികം പുസ്തകങ്ങളൊന്നുമില്ലെന്ന സത്യം നാം തിരിച്ചറിയുക. കെ.എം.ചിദംബരനെഴുതിയ ‘തുറമുഖം’ എന്ന നാടകമാണ് ആ സമരകാലത്തെ മനസ്സിലാക്കാൻ ചരിത്രപുസ്തകങ്ങളെക്കാൾ നമ്മെ സഹായിക്കുന്നവയിൽ പ്രഥമഗണനീയമെന്നു പറയാം.

പുതിയ പതിപ്പുകൾ ലഭ്യമാണോ എന്നു സംശയമായ ‘തുറമുഖ’ത്തിന്റെ പഴയൊരു കോപ്പി ലഭിക്കുന്നത് കോട്ടയം പട്ടണത്തിനു നടുവിലുള്ളൊരു കടയിൽ നിന്നായിരുന്നു. പഴയ പുസ്തകങ്ങൾ തുച്ഛമായ വിലയ്ക്ക് വിറ്റിരുന്ന ബഷീറിക്കയുടെ പുസ്തകക്കടയിൽനിന്ന്. ഒന്നാം തരംഗത്തിൽത്തന്നെ കോവിഡ് ബഷീറിക്കയെ കൂട്ടിക്കൊണ്ടുപോയി. ദിവസങ്ങൾക്കു മുമ്പു കണ്ട മനുഷ്യരെ കാലത്തിര കണ്ണിമ ചിമ്മുന്ന വേഗത്തിൽ കവർന്നെടുത്തുകൊണ്ടുപോകുന്നത് എത്ര ക്രൂരമായാണ്. ബഷീറിക്കയുടെ, പൊടി നിറഞ്ഞ പുസ്തകക്കടയിൽനിന്നു തപ്പിയെടുത്ത തുറമുഖത്തിന്റെ ഒന്നാം പതിപ്പ് കടലിൽ മുങ്ങിപ്പരതിക്കിട്ടിയ മുത്തു പോലെ ഞാനെന്റെ ശേഖരത്തിൽ സൂക്ഷിക്കുന്നു.

വെടിയേറ്റു മരിച്ച കുഞ്ഞിന്റെ മൃതദേഹവുമായി ഒഡേസാ പടവുകളിലൂടെ നിറതോക്കുകളുടെ നേർക്കു നടന്നുനീങ്ങിയ, പൊട്ടെംകിൻ പടത്തിലെ അമ്മയെപ്പോലെ തുറമുഖത്തിലെ ഉമ്മയും ആ നാടക വായനയ്ക്കു ശേഷം നെഞ്ചിനെ നീറ്റുന്നൊരു തീരാനോവായി അവശേഷിക്കുന്നുണ്ട്.

‘‘പെണ്ണ് ഒരു ഐസുകട്ടയല്ല അലിഞ്ഞു തീരാൻ’’ എന്നു പറഞ്ഞ് ഒരുവശത്ത് ഊറ്റത്തോടെ പ്രാരബ്ധങ്ങളോടു പടവെട്ടുമ്പോൾത്തന്നെ ആ ഉമ്മയ്ക്ക് തന്റെ ചുറ്റുമുള്ളവരുടെ ജീവിതങ്ങളെ ദുരന്തങ്ങളുടെ ചിതലരിച്ചു തീർക്കുന്നതു നോക്കി നിസ്സഹായയായി നിൽക്കേണ്ടിയും വരുന്നു.

അവർ പറയുന്നു: ‘‘സമാതാനത്തോടെ ബയസ്സായതല്ലെനിക്ക്. ഇതുപോലെ, രോകങ്ങള്, മരണങ്ങള്, ജഹളകള്, പട്ടിണികള് - .... ഓരോന്നോരോന്നായനുബവിച്ച്...’’
മാക്സിം ഗോർക്കിയുടെ പിലഗേയ നിലോവ്നയെപ്പോലെ മറ്റൊരു മാനത്തിൽ കെ.എം.ചിദംബരൻ സൃഷ്ടിച്ച ഉമ്മ നിവർന്നുനിൽക്കുന്നു.

ഒരുപക്ഷേ കാദർ എന്ന കഥാപാത്രമാകണം ആ രൂക്ഷകാലത്തിന്റെ ചിത്രത്തെ തന്റെ ഉന്മാദമരഞ്ഞുചേർന്ന വാക്കുകളിലൂടെ കൂടുതൽ തീവ്രമായി വരഞ്ഞിടുന്നത്.

‘‘തുറമുഖം നിന്നെയും എന്നെയും മരണത്തിന്റെ മുലപ്പാലൂട്ടി വളർത്തുന്നു. അവളുടെ മാറിൽ, ചൂടിൽ, നമ്മട കബറാണ് കുഞ്ഞേ !’’

‘‘തുറമുഖത്തിന്റെ ഉമ്മമാരേ ! ബാപ്പമാരേ ! പാപത്തിന്റെ കറപുരണ്ട ഉഷ്ണവിത്തുകളായ ഞങ്ങളെ കാനയുടെ മണമുള്ള ഈ തുറമുഖത്തുനിന്നും യാത്രയാക്കൂ!’’

‘‘കണ്ണു തൊറന്ന് മരണത്തെ കാണ്. ഇവിടെ, അകത്തെ മുറിയിൽ, തെരുവിൽ, ആശുപത്രിയിൽ, എന്റെ ഞരമ്പിൽ, നിങ്ങടെ തലച്ചോറിൽ, തൊറമുഖത്തെവിടെയും...... ലോറിക്കടിയിൽ തവളകൾ ചതഞ്ഞരയുമ്പോലെ..... അറുതിയില്ലാത്ത മരണം... അറുതിയില്ലാത്ത മരണം !’’

കലക്ടീവ് ഫെയ്സ് വണ്ണിന്റെയും ഉരു ആർട്ട് ഹാർബറിന്റെയും സംഘാടനത്തിൽ കുറച്ചുകാലം മുൻപ് തുറമുഖം നാടകം അരങ്ങേറിയത് കാണാൻ കഴിഞ്ഞിരുന്നു. കെ.എം.ചിദംബരന്റെ മകനും കാലടി സംസ്കൃത സർവകലാശാലയിലെ നാടകാധ്യാപകനും തിരക്കഥാകൃത്തുമായ ഗോപൻ ചിദംബരമായിരുന്നു അതിന്റെ സംവിധായകൻ. തുറമുഖം സിനിമ സംവിധാനം ചെയ്യുന്നത് രാജീവ് രവിയാണ്. തിരക്കഥ തയാറാക്കിയിരിക്കുന്നത് ഗോപൻ ചിദംബരം തന്നെ. പലരും മറന്നുതുടങ്ങിയ മട്ടാഞ്ചേരി വെടിവയ്പ്പിന്റെ പശ്ചാത്തലത്തിലുള്ള കഥ ചലച്ചിത്രമാകുമ്പോൾ ചരിത്രം അതിൽ അവതരിപ്പിക്കപ്പെടുന്നതെങ്ങനെയെന്നു കാണാൻ കാത്തിരിക്കുന്നത് കൗതുകമുള്ള കാര്യംതന്നെ.

nivin-thuramukham
തുറമുഖം സിനിമയിൽ നിവിൻ പോളി

സംഭവങ്ങളുടെ യാഥാർഥ്യങ്ങളിൽ മറവിയുടെ മാറാല പിടിക്കുമ്പോൾ അതു പൊടിതട്ടി വൃത്തിയാക്കുന്നതിൽ ഫിക്‌ഷൻ വഹിക്കുന്ന ചരിത്രധർമത്തിനു വലിയ പ്രസക്തിയുണ്ട്. പക്ഷേ അതുകൊണ്ട് ചരിത്രസംഭവങ്ങളെ ശാസ്ത്രീയമായി രേഖപ്പെടുത്തുകയും അപഗ്രഥിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത ഇല്ലാതാകുന്നില്ലല്ലോ. ആ വഴിക്കുണ്ടായ ചെറിയൊരു ചലനമായിരുന്നു പത്രപ്രവർത്തകനായ അബ്ദുല്ല മട്ടാഞ്ചേരി രചിച്ച് പ്രണത ബുക്സ് അടുത്തിടെ പുറത്തിറക്കിയ ‘അടയാളം’ എന്ന പുസ്തകം. സമൂഹത്തിന്റെ ക്രൂരമായ മറവിയിലേക്കു പടിതള്ളപ്പെട്ട സെയ്തിന്റെയും സെയ്താലിയുടെയും ആന്റണിയുടെയും ഓർമകൾ വീണ്ടെടുക്കാൻ അബ്ദുല്ല മട്ടാഞ്ചേരി നടത്തിയ ശ്രമങ്ങളെ കണ്ടില്ലെന്നു നടിക്കുന്നത് ക്രൂരതയാകും.

ഉണ്ണുന്നിടത്തുനിന്ന് എഴുന്നേറ്റ് സമരമുഖത്തേക്കു വന്ന് വിരലുകളിൽ കൂട്ടാൻ പുരണ്ട ചോറുമണികളോടെ തല തകർന്നു വീണു മരിച്ച സെയ്ത്.
നെഞ്ചുവിരിച്ചുള്ള പോരാട്ടത്തിൽ നെഞ്ചിൻകൂട് തുളച്ചുകയറിയ വെടിയുണ്ടയുമായി പോസ്റ്റ്ഓഫിസ് വരാന്തയ്ക്കരികിൽ മരിച്ചുവീണ സെയ്താലി. പൊലീസിന്റെ കൊടൂര മർദ്ദനത്തിനൊടുവിൽ മൂത്രത്തിനു പകരം ചോര പുറത്തുവന്നു വീട്ടുകോലായിൽ തളർന്നുവീണുമരിച്ച ആന്റണി.

ഇവരൊന്നുമിന്ന് അധികമാരുടെയും ഓർമകളിലില്ല. അവരൊന്നും മരിച്ചത് അവർക്കു വേണ്ടി മാത്രമായിരുന്നില്ല. പനി പിടിച്ചു വിറച്ചാലും പെരുമഴയിൽ കുതിർന്നാലും പുലരും മുൻപ് കപ്പലിലെ പണിക്കുള്ള ചാപ്പ എറിയുമ്പോൾ അത് പിടിച്ചുപറ്റാൻ തണ്ടേലന്മാരുടെ വീട്ടുപടിക്കൽ തെരുവുനായ്ക്കളെപ്പോലെ പൊരുതേണ്ടിവന്നിരുന്ന പാവം മനുഷ്യരുടെ പട്ടിണിപ്പൊറുതികേടിന്റെ കഥയൊന്നും പറഞ്ഞാലിന്നാരും വിശ്വസിക്കണമെന്നുമില്ല.

thuramukham-character

ഇന്നു നുണയുന്ന സൗഭാഗ്യങ്ങളൊന്നും ആരും തളികയിൽ കൊണ്ടുവന്നു നിരത്തിയതല്ലെന്ന സത്യം പുതിയ തലമുറയെ പറഞ്ഞുപഠിപ്പിക്കേണ്ടവരൊക്കെ അവരവരുടെ പാടു നോക്കി പോയിക്കഴിഞ്ഞിരിക്കുന്നു. പക്ഷേ അധികാരമാളി വാഴുന്നവരുടെ മുഖത്തുകുത്താൻ പാട്ടു കൊണ്ട് ചൂട്ടു കെട്ടുന്നവർ ഏതുകാലത്തുമുണ്ടാകും.
കഥയിലും കവിതയിലും വരയിലും തിരയിലും പേച്ചിലും പ്രവൃത്തിയിലുമൊക്കെ ഓർമകളുടെ തീപ്പന്തം ഇടയ്ക്കെങ്കിലും ജ്വലിക്കും.അതിന്റെ വെളിച്ചത്തിൽ മറവികളുടെ ഇരുട്ടുകൾ മരിക്കും.

‘‘The struggle of man against power is the struggle of memory against forgetting.’’

മിലൻ കുന്ദേരയുടെ വചനം മരിക്കാതിരിക്കട്ടെ. മട്ടാഞ്ചേരി മാത്രമല്ല, ത്യാഗത്തിന്റെ മഹാഗാഥകളൊന്നും മനുഷ്യർ മറക്കാതിരിക്കട്ടെ.

ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ച് തുറമുഖം എന്ന സിനിമ മാർച്ച് പത്താം തീയതി തിയറ്ററുകളിലെത്തുകയാണ്. തുറമുഖം കാണാൻ ഒരു സിനിമാപ്രേമി എന്ന നിലയിൽ മാത്രമല്ല ഒരു എളിയ ചരിത്രവിദ്യാർഥി എന്ന നിലയിലും കൗതുകത്തോടെ കാത്തിരിക്കുന്നു. ഏതെങ്കിലും തരത്തിലുള്ള പ്രതീക്ഷയുടെ പുണ്യഭാരങ്ങൾ ഏതു പ്രേക്ഷകർക്കാണ് ഇല്ലാത്തത്.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com