കുട്ടികളുടെ കാര്യത്തിലാണ് ആശങ്ക, ഒരു മാസം കൊച്ചിയിൽ സ്കൂളുകൾ തുറക്കരുത്: ഷാംദത്ത്

shamdut
SHARE

കുട്ടികളുമായി കുറച്ചു ദിവസം കൊച്ചിയിൽനിന്നു മാറിത്താമസിക്കുന്നതാണ് അവരുടെ ആരോഗ്യത്തിനു നല്ലതെന്നു സംവിധായകനും ഛായാഗ്രാഹകനുമായ ഷാംദത്ത് സൈനുദീൻ. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാൻ കഴിഞ്ഞെങ്കിലും ഏക്കറു കണക്കിനുള്ള മാലിന്യക്കൂമ്പാരത്തിൽനിന്ന് വമിക്കുന്ന വിഷപ്പുക ഉടനെയൊന്നും ശമിക്കാൻ പോകുന്നില്ല. പുക കണ്ണുകൊണ്ടു കാണാൻ കഴിഞ്ഞില്ലെങ്കിൽ കൂടി കൊച്ചി മുഴുവൻ പ്ലാസ്റ്റിക് കത്തിയതിൽ നിന്നുണ്ടായ മാലിന്യം വ്യാപിച്ചിരിക്കുകയാണ്.  ഈ അവസരത്തിൽ കുട്ടികൾക്ക് ഒരു മാസം സ്കൂൾ അവധി നൽകേണ്ടതാണ്. അധികൃതർ അവധി നൽകിയില്ലെങ്കിലും, ഒരു മാസം സ്കൂൾ നഷ്ടപ്പെടുത്തി എന്നു കരുതി കുട്ടികൾക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല, മറിച്ച് അവരുടെ ജീവിതം 20 വർഷമെങ്കിലും കൂട്ടിക്കിട്ടുകയേ ഉള്ളു എന്നും സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഷാംദത്ത് പറയുന്നു.

‘‘കുറച്ചു ദിവസങ്ങളായി കൊച്ചിയിൽ മുഴുവൻ പുകയാണ്. കൊച്ചിയിൽ പ്ലാസ്റ്റിക് കത്തി എരിഞ്ഞുകൊണ്ടിരിക്കുകയാണ്. വാട്സാപ്പിലും മറ്റും കൂട്ടുകാർ ഇടുന്ന മെസേജുകൾ കണ്ടു. കുട്ടികളെ സ്കൂളിൽ വിടാതെ എങ്ങനെയിരിക്കും, എന്ത് ചെയ്യും എന്നുള്ള സംശയങ്ങൾ ആളുകൾ പങ്കുവയ്ക്കുന്നത് കണ്ടു, എനിക്ക് തോന്നിയ ചില കാര്യങ്ങൾ പറയാനാണ് ഈ വിഡിയോ പങ്കുവയ്ക്കുന്നത്. നമ്മുടെ കുട്ടികളുടെ ആരോഗ്യം വളരെ പ്രധാനമാണ്. നമ്മൾ എന്തൊക്കെ പഠിപ്പിച്ചാലും ആരോഗ്യമില്ലാത്ത കുട്ടിക്ക് ജീവിതത്തിൽ ഒന്നും ചെയ്യാൻ കഴിയില്ല. വിദ്യാഭ്യാസമുണ്ട് എന്ന് പറയുന്ന ആളുകൾ വായുമലിനീകരണം പരിശോധിച്ച് നടപടി എടുക്കും എന്നുപറയുമ്പോൾ കോമൺസെൻസ് വച്ച് ആലോചിച്ചാൽ നമുക്ക് മനസ്സിലാകും. ഏക്കർ കണക്കിന് സ്ഥലത്ത് പ്ലാസ്റ്റിക് മാത്രം കൂമ്പാരമായി കത്തിക്കൊണ്ടിരിക്കുകയാണ്. അത് പെട്ടെന്ന് ഒരു ദിവസം നിൽക്കുകയൊന്നുമില്ല. 

നമ്മുടെ കൺമുന്നിൽ പുക കാണാൻ പറ്റിയില്ലെങ്കിൽ പോലും പ്ലാസ്റ്റിക് കത്തുന്ന പുക കൊണ്ട് നമ്മുടെ നാട് മലിനമായിരിക്കുകയാണ് എന്ന് നമുക്കെല്ലാം അറിയാം. നമുക്ക് വീടിനുള്ളിൽ വാതിലടച്ച് ഇരിക്കാൻ പറ്റുമെങ്കിലും നമ്മുടെ ആരോഗ്യപ്രവർത്തകരും ഫയർ ഫോഴ്‌സും ആ പുകയ്ക്കകത്ത് കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പല ആളുകളും തലകറങ്ങി വീഴുന്നുണ്ട്, അസുഖ ബാധിതരാകുന്നുണ്ട്. ഇങ്ങനെയൊരു സമയത്ത് ജില്ലാ കലക്ടർ സ്കൂളിന് ഒരു മാസത്തെ അവധി കൊടുക്കുകയാണ് വേണ്ടത്, കാരണം ഇതുകൊണ്ടു ഭാവിയിൽ എന്താണ് ഉണ്ടാകാൻ പോകുന്നത് എന്ന് നമുക്ക് തന്നെ ആലോചിച്ചാൽ മനസ്സിലാകും. പല ഡോക്ടർമാരും ഇതിന്റെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് എഴുതുന്നുണ്ട്. സ്കൂൾ അധികൃതരും ഒരുമാസം സ്കൂൾ തുറക്കില്ല എന്ന് തീരുമാനിക്കുകയാണ് വേണ്ടത്. അങ്ങനെയുള്ള തീരുമാനവുമായി അവർ വരുമെന്ന് ഞാൻ കരുതുന്നു.  അവർ തീരുമാനം എടുത്തില്ലെങ്കിൽ മാതാപിതാക്കൾ കുട്ടികളെയും വൃദ്ധ ജനങ്ങളെയും കൊണ്ട് കൊച്ചിയിൽനിന്ന് മാറി നിൽക്കുകയാണ് വേണ്ടത്.  

കുട്ടികളുടെ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ് അവരുടെ പഠനം തകരാറിലാകില്ലേ എന്നാണ് എല്ലാവരുടെയും ആശങ്ക. കുട്ടികൾ ഒരു വർഷം പഠിച്ചില്ലെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ആ ഒരു വർഷം നഷ്ടപ്പെടുന്നതുകൊണ്ടു ചിലപ്പോൾ കുട്ടികൾക്ക് 20 വർഷം കൂടുതൽ ജീവിക്കാൻ കഴിയും. ഇത്രയും വലിയ മലിനീകരണം കാരണം ഇപ്പോൾത്തന്നെ ചില കുട്ടികൾക്ക് ശ്വാസംമുട്ടലും കണ്ണ് ചൊറിച്ചിലും മറ്റ് ആരോഗ്യ പ്രശനങ്ങളും തുടങ്ങിക്കഴിഞ്ഞു. ഈ വിദ്യാഭ്യാസത്തിനു യാതൊരു വിലയും ഇല്ലാതെ പോകും.  നമ്മുടെ ആരോഗ്യമാണ് പ്രധാനം അത് കണക്കിലെടുത്ത് തീരുമാനം എടുക്കുക. സമയം വെറുതെ കളയാതിരിക്കുക.  ഈ മഹാവിപത്തിനെതിരെ അധ്വാനിക്കുന്ന ആളുകൾക്ക് ആശംസകൾ അർപ്പിക്കാനേ നമുക്ക് കഴിയൂ. അവരുടെ ബുദ്ധിമുട്ട് നമ്മൾ മനസിലാക്കുക. നമ്മളെങ്കിലും സേഫ് ആയിരിക്കുക. എല്ലാവരും അവരവരുടെ ആരോഗ്യം സംരക്ഷിക്കുക. കൊച്ചിയിലെ കൂട്ടുകാരോടാണ് സംസാരിക്കുന്നത്. എല്ലാവരോടും ഫോണിൽ സംസാരിക്കാൻ പറ്റാത്തത് കൊണ്ട് ഞാനെന്റെ അഭിപ്രായം എഫ്ബിയിൽ പങ്കുവയ്ക്കുന്നു.’’– ഷാംദത്ത് സൈനുദീൻ പറഞ്ഞു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS