ADVERTISEMENT

ദ്രാവിഡ ഗോത്ര സംസ്കാരത്തിന്റെ സകല പ്രാക്തന സംശുദ്ധ ശക്തിയും ആവാഹിച്ച അനുഷ്ഠാന കലയാണ് വടക്കൻ കേരളം മുതൽ കർണാടകത്തിലെ തുളുനാടുവരെ വ്യാപിച്ചു കിടക്കുന്ന തെയ്യം അഥവാ ഭൂതക്കോലം. വിഭവങ്ങളും അവയ്ക്കുള്ള  അതിരുകളും ഭൂവുടമകളും അധികാരവർഗ്ഗങ്ങളും വരുന്നതിനു മുമ്പ് പൂർവികരുടെ മൗലികവും ജൈവവുമായ ജീവിത സംസ്കാരത്തിന്റെ ശാശ്വതമായ ശക്തിമുദ്രകളാണ് അനുഷ്ഠാനങ്ങളും വിശ്വാസങ്ങളും. 

 

ദൃശ്യവും മൂർത്തവുമായ ജീവിതത്തിനും ജീവിത സാഹചര്യങ്ങൾക്കും അപ്പുറം അദൃശ്യവും അമൂർത്തവുമായ ശക്തിസാന്നിധ്യം ഉണ്ടെന്നും ആ ശക്തിയോടുള്ള കൃതജ്ഞതാബദ്ധമായ ബോധത്തോടു കൂടി ജീവിച്ചാൽ മാത്രമേ ജീവിതം സുഗമമാകൂ എന്നുമുള്ള ചിന്തയിൽ നിന്നാണ് മൂർത്തികൾ ഉണ്ടാകുന്നത്. അമൂർത്തമായതിനെ മൂർത്തമാക്കി പ്രതിഷ്‌ഠിച്ച് സ്വയം ഓർമപ്പെടുത്തുക എന്ന അനുഷ്ഠാനം. തനിക്കു ചുറ്റുമുള്ള പ്രകൃതിയും മണ്ണും ജീവജാലങ്ങളും മനുഷ്യരും തനിക്ക് കീഴ്പെട്ടിരിക്കുന്നു എന്ന ഗർവിന്റെ, അജ്ഞതയുടെ ഫണമുയർത്തലിനുളള രൂക്ഷമായ പ്രഹരമാണ് തെയ്യവും ഭൂതക്കോലവും. ഭൂതക്കോലം കെട്ടിയാടുന്ന നർത്തകൻ ആ അമൂർത്ത ശക്തിയെ അറിഞ്ഞോ അറിയാതെയോ തന്നിലേക്ക് ആവാഹിക്കുന്നു. അതിനുള്ള ശാരീരികവും മാനസികവും ആത്മീയവുമായ തയാറെടുപ്പാണ് അദ്ദേഹത്തിന്റെ ജീവിതം. 

 

കാന്താര എന്ന സിനിമ ഈ അനുഷ്ഠാന കലയുടെ ആത്മാവറിഞ്ഞ കലാവിഷ്കാരം ആണെന്ന് നിസ്സംശയം പറയാം. അതിനുളള അനേകം തെളിവുകൾ ആ സിനിമ കൃത്യവും ശക്തവുമായി നൽകുന്നു എന്നതാണ് അതിന്റെ വിജയം. തെയ്യം പോലെയുള്ള ഒരു അനുഷ്ഠാന കലയെ സിനിമയുടെ ഭാഷയിലേക്ക്, അതും തികച്ചും ജനകീയവും സരളവുമായ പരിസരത്തിലേക്ക് ബന്ധിപ്പിക്കുക എന്നത് ഒരു ചെറിയ വെല്ലുവിളി അല്ല. മുഖ്യധാരാ സിനിമയുടെ കച്ചവട ഫോർമുലകൾ പ്രകടമായി ഉപയോഗിക്കുന്നുണ്ട് കാന്താര. പക്ഷേ ആ ഫോർമുലകളിലേക്ക് ഭൂതക്കോലവും പഞ്ചുരുളിയും ദൈവിക സങ്കൽപങ്ങളും വിദഗ്ധമായി സംശ്ലേഷണം ചെയ്യാൻ കഴിയുന്നു എന്നതാണ് ഈ സിനിമയ്ക്ക് ഇത്രയും ജനപ്രീതി നൽകുന്നത്. 

the-story-of-panchuruli-in-kantara-movie-explained

 

ഭൂതക്കോലം നർത്തകനായ ഗുരുവ എന്ന സാത്വികനായ വ്യക്തിയോട് ദേവേന്ദ്രൻ എന്ന ഭൂപ്രഭു വിലപേശുന്ന രംഗത്താണ് കാന്താരയിലെ മുഖ്യ വഴിത്തിരിവ്. ആ രംഗത്താണ് കഥയിലെ യഥാർഥ വില്ലനെ ഒരു ഞെട്ടലോടെ നമ്മൾ തിരിച്ചറിയുന്നത്. യഥാർഥ ഭൂവുടമ സ്രഷ്ടാവായ ദൈവമാണെന്നും താൻ ഒരു താൽക്കാലിക സൂക്ഷിപ്പുകാരനാണെന്നും തിരിച്ചറിയാത്ത അത്യാഗ്രഹികൾക്ക് നർത്തകനെ മാത്രമേ കാണാൻ കഴിയൂ, കല്ലിനെ മാത്രം. നർത്തകനിലേയും കല്ലിലെയും ശക്തിചൈതന്യത്തെ തിരിച്ചറിയാനുള്ള സൂക്ഷ്മബുദ്ധി നഷ്ടപ്പെട്ട അദ്ദേഹം ഗുരുവയോട് വിലപേശുമ്പോൾ ഗുരുവ നൽകുന്ന മറുപടിയിൽ കാന്താരയുടെ ആത്മാവുണ്ട്, ‘‘ഭൂതക്കോലമായാൽ  സംസാരിക്കുന്നത് ഞാൻ അല്ലല്ലോ.’’

 

സിനിമയുടെ കോരിത്തരിപ്പിക്കുന്ന ആദ്യത്തെ ഒരു രംഗത്തിൽ പഞ്ചുരുളി തന്നെ പരിഹസിക്കുന്ന രാജകുടുംബത്തിലെ അവകാശികളിലൊരാൾക്കു നൽകുന്ന മറുപടിയിലും ഇതു തന്നെ സ്പഷ്ടമായി പറയുന്നു, ‘‘നർത്തകൻ മാത്രമാണെങ്കിൽ നിനക്ക് എന്നെ സ്വന്തമാക്കാം, ദൈവമാണെങ്കിൽ...’’ ആ വാക്യം പൂർത്തിയാക്കാതെ ഘോരവനത്തിലേക്ക് അപ്രത്യക്ഷമാകുന്ന നിമിഷം ആ അദൃശ്യശക്തിയിലേക്കുള്ള വഴി ജ്ഞാനവും ബോധവും ആണെന്ന് ആവർത്തിച്ച്, സൂക്ഷ്മമായി പറയുന്നു. 

 

കോലനർത്തകന്റെ മകൻ ശിവ തിന്നും കുടിച്ചും ജീവിതത്തെ ആഘോഷമാക്കി ജീവിക്കുമ്പോൾ പല സമയങ്ങളിലായി പഞ്ചുരുളി വരാഹരൂപത്തിൽ അയാൾക്കു സൂചനകൾ നൽകുന്നുണ്ട്. അത് തിരിച്ചറിയാനുള്ള ബോധം അയാൾക്കില്ലാത്തതിനാൽ അയാൾ ഭയന്നോടുന്നു. എത്രയോ രാത്രികളിൽ അയാളുടെ സ്വപ്നങ്ങളിൽ പഞ്ചുരുളി ഉണർവിലേക്കുള്ള ചിലങ്കൊലി സൂചനകൾ നൽകിക്കൊണ്ടേയിരിക്കുന്നു. സത്യവും മിഥ്യയും തിരിച്ചറിയാനുള്ള ബോധമില്ലായ്മയാണ് അജ്ഞാനം, അതു തന്നെയാണ് മായയും. വിസ്ഫോടകമായ അലർച്ചയിലൂടെയും ജ്വലിക്കുന്ന തീനാളങ്ങളുമായും പഞ്ചുരുളി അയാളെ ജ്ഞാനത്തിലേക്ക് നിരന്തരം ക്ഷണിക്കുന്നു. അതൊന്നും തിരിച്ചറിയാൻ ശിവയ്ക്ക് കഴിയുന്നില്ല. അജ്ഞതയുടെ കാരാഗൃഹത്തിൽനിന്നു ശിവ മോചിതനാകുന്നില്ല. 

 

ഗുരുവയെ നിഷ്കരുണം കൊന്നത് താൻ രക്ഷാധികാരിയായി കണ്ടു ബഹുമാനിച്ചിരുന്ന ദേവേന്ദ്രയാണെന്ന് കൊല്ലക്കുടിയിൽ വച്ചു തിരിച്ചറിയുന്നതോടെ ശിവയിലെ മിഥ്യാബോധത്തിന് തിരശീല വീഴുന്നു. എരിയുന്ന പന്തത്തിന്റെ വെളിച്ചം അയാൾക്ക് ദിശാബോധം നൽകുന്നു. മൂലാധാരസ്ഥിതമായ ശക്തി ഉണർന്ന് ശിവനിൽ ലയിക്കുന്നു. പിന്നീടങ്ങോട്ട് ശിവ പഞ്ചുരുളിയുടെ അഭംഗുരമായ ഊർജ്ജപ്രവാഹത്തിന്റെ മാർഗങ്ങളിലൊന്നായി പരിണമിക്കുന്നു. പഞ്ചുരുളിയുടെ ആരണ്യഭേദകമായ അലർച്ചയുടെ ഉത്ഭവം നാഭിയിൽ നിന്നാണ്, അവലോകിതേശ്വരന്റെ ഷഡാക്ഷരീ മന്ത്രോച്ചാരണം പോലെ.

 

കുലദേവതയെ തിരിച്ചറിയാത്ത ശിവയുടെ ജീവിതം ഗുരുത്വകേന്ദ്രം നഷ്ടപ്പെട്ട പമ്പരം പോലെ അലയുന്നു. കുല ദേവതയുടെ അനുഗ്രഹം ലഭിച്ച അപൂർവം ചിലർക്ക് ആ സ്രോതസ്സിലേക്കുള്ള ക്ഷണം സൂചനകളിലൂടെ നിരന്തരം ലഭിക്കുന്നു, പക്ഷെ, അജ്ഞാനത്തിൽ അലയുന്ന ആത്മാക്കൾക്ക് അത് തിരിച്ചറിയാൻ കഴിയാതെ വരുന്നു. വേദനകളും പീഢകളും നഷ്ടങ്ങളും ദുഃഖങ്ങളും ഓർമപ്പെടുത്തലിനുള്ള ഉപാധികളായി മാറുന്നു. ശിവയുടെ ജീവിതത്തിലെ ഓരോ വിഷമസന്ധിയും ആ ദേവതയെ ഓർക്കാൻ അയാൾക്കുള്ള ശാസനകളാണ്. ഒടുവിൽ അയാൾ അത് തിരിച്ചറിയുന്നു. അജ്ഞാനത്തിന്റെ ഇരുണ്ട വന്യവിസ്തൃതിയിൽ ജ്ഞാനത്തിന്റെ വെളിച്ചമായി പഞ്ചുരുളി തെളിഞ്ഞു നിൽക്കുന്നു, വഴി തെളിക്കുന്നു. 

 

കാന്താര ഓരോ മനുഷ്യന്റെയും അടിസ്ഥാനപരവും അനിവാര്യവുമായ സ്രോതയാത്രയുടെ ഓർമപ്പെടുത്തലാണ്. അത് പ്രകൃതിയിലേക്കും പ്രപഞ്ചത്തിലെ സകല ചരാചരങ്ങളിലെ ചൈതന്യത്തെ തിരിച്ചറിയുന്നതിലേക്കും മനുഷ്യൻ ഈ പരിസ്ഥിതിയുടെയും ആവാസവ്യവസ്ഥയുടെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിലെ ഒരു കണ്ണി മാത്രമാണെന്നുള്ള ബോധത്തിലേക്കും സഹവർത്തിത്വത്തിലേക്കും നടത്തേണ്ട ജ്ഞാനത്തിന്റെ, കരുണയുടെ തീർഥയാത്രയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com