ADVERTISEMENT

‘തുറമുഖം’ സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാകാൻ കാരണം നിര്‍മാതാവിന്റെ ഭാഗത്തുനിന്നും സംഭവിച്ച വീഴ്ചകളാണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു. നിർമാതാവിനുണ്ടായ വലിയ സാമ്പത്തിക ബാധ്യതയാണ് ചിത്രത്തിനു വിനയായതെന്നും ചിത്രത്തിൽ പ്രവർത്തിച്ചവരോട് അദ്ദേഹം നീതിപുലർത്തിയില്ലെന്നുമുള്ള വിമർശനങ്ങളും ഉണ്ടായി. ഇപ്പോഴിതാ ‘തുറമുഖ’വുമായി ബന്ധപ്പെട്ട് താന്‍ നേരിട്ട പ്രയാസങ്ങളെക്കുറിച്ച് പറയുകയാണ് നിർമാതാവ് സുകുമാര്‍ തെക്കേപ്പാട്ട്.

സുകുമാര്‍ തെക്കേപ്പാട്ടിന്റെ വാക്കുകൾ:

തുറമുഖം സിനിമ നിങ്ങൾക്കറിയാവുന്നതുപോലെ ഇന്ന് നിങ്ങൾക്ക് മുൻപിലെത്തുകയാണ്. പറഞ്ഞറിയിക്കാനാകാത്ത സന്തോഷമുണ്ട്. എല്ലാവരും തിയറ്ററിൽത്തന്നെ പോയി സിനിമ കാണുമെന്ന് പ്രത്യാശിക്കുന്നു. രാജീവേട്ടൻ മികച്ചതായി ചെയ്ത ഒരു ചലച്ചിത്ര കാവ്യമാണ് ‘തുറമുഖം’ എന്നാണ് എന്റെ പക്ഷം. അതുപോലെ സങ്കടങ്ങളുടെയും പരിഹാസങ്ങളുടെയും ഒറ്റപ്പെടലിന്റെയും അങ്ങേയറ്റം വേദന കഴിഞ്ഞ നാലു വർഷം സഹിക്കേണ്ടി വന്ന എന്റെ സിനിമാ ജീവിതമാണ് ഇതോടെ അവസാനിക്കുന്നത്. പല പ്രാവശ്യം സിനിമ റിലീസിന് തയാറെടുത്തെങ്കിലും നടപടിയായില്ല, കാരണം ഇതിൽ സ്ഥാപിത താൽപര്യക്കാരായ ചിലർ ഉണ്ടായിരുന്നു എന്നും അവർ അതിന് അപ്പോഴെല്ലാം ബോധപൂർവം തടസ്സം നിന്നെന്നും തന്നെ പറയേണ്ടിവരും. ഞാൻ ആർജിച്ച ജീവിതത്തിന്റെ മാന്യത കൊണ്ട് ഇപ്പോൾ ആരുടെയും പേരെടുത്ത്‌ പറയുന്നില്ല.

ഓരോ ഘട്ടത്തിലും ട്രെയിലറിന്റെയും ഫെയ്സ്ബുക് പോസ്റ്റുകളുടെയും താഴെ, തനിക്കു സിനിമ നിർമിക്കാനും അതും വിതരണം ചെയ്യാനും പറ്റില്ലെങ്കിൽ ഈ പണി നിർത്തി പോടാ എന്ന് പല തരം ഭാഷകളിൽ പറഞ്ഞവരുണ്ട്. എല്ലാരോടും എനിക്ക് നന്ദി മാത്രമേയുള്ളൂ. എന്റെ ജീവിതം അടിമുടി സിനിമയാണ്. സിനിമ സ്വപ്നം കണ്ടുറങ്ങുകയും എഴുന്നേൽക്കുകയും ചെയ്ത ഒരു ജീവിതമുണ്ട്. മദ്രാസിൽ കിടന്നുറങ്ങാൻ ഇടമില്ലാത്ത കാലത്തു സിനിമാമോഹങ്ങളുമായി നടന്നൊരു കാലം. എണ്ണയടിക്കാൻ പോലും പൈസയില്ലാതെ പഴയൊരു സ്‌പ്ലെൻഡർ ബൈക്കുമായി സിനിമയുടെ എക്സിക്യൂട്ടീവ് ആയി നടന്നൊരു കാലമുണ്ട്. അങ്ങനെ തുടങ്ങിയതാണിത്. സിനിമയിൽ ഞാൻ പരമാവധി ആളുകളെ സഹായിക്കാൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂ. പലപ്പോഴും ഒന്നും നേടിയിട്ടുമില്ല. അതേസമയം ധാരാളം പഴികൾ മാത്രം കിട്ടിയിട്ടുമുണ്ട്. തുറമുഖം പോലൊരു സിനിമ ചെയ്യാൻ മാത്രം എനിക്ക് ത്രാണിയില്ലായിരിക്കാം, ചിലപ്പോൾ പലർക്കും കൊടുക്കാനുള്ള പൈസ കൊടുക്കാൻ ആകാത്ത സാഹചര്യത്തിൽ ചില ചെറിയ കള്ളങ്ങൾ പറഞ്ഞിട്ടുണ്ടാകാം, പലരുടെയും പക്കൽ നിന്ന് കടം വാങ്ങിയിട്ടുണ്ടാകാം. എല്ലാം സമ്മതിക്കുന്നു. ഇതെല്ലാം സിനിമ എന്ന മേഖലയോടുള്ള പ്രണയം കൊണ്ടാണ്.

വേദനയുടെ വല്ലാത്ത തീച്ചൂളയിൽ നിന്ന് കാലും കയ്യും വെന്തുരുകുമ്പോഴും, മനസ്സ് വല്ലാതെ വ്രണപ്പെട്ടപ്പോഴും കൂടെ നിന്ന, ചേർത്തുപിടിച്ച അനേകം പേരുണ്ട്. പേരെടുത്ത്‌ പറയുന്നില്ല. അവരോട് നന്ദി പറയാൻ ഭാഷകളില്ല, അവരോട് വല്ലാതെ കടപ്പെട്ടിരിക്കുന്നു. കടപ്പാടുണ്ട് പ്രേക്ഷകരായ നിങ്ങളോടും. സിനിമയിൽത്തന്നെ ഉണ്ടാകും മരണം വരെയും. കാരണം ഏറെ പ്രണയിച്ചുപോയി സിനിമയെ. എല്ലാവരും സിനിമ കാണുമെന്ന പ്രതീക്ഷയോടെ.

തുറമുഖത്തിന് വേണ്ടി, രാജീവേട്ടന് വേണ്ടി

സുകുമാർ തെക്കേപ്പാട്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com