വെങ്കട് പ്രഭുവും നാഗ ചൈതന്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘കസ്റ്റഡി’ ടീസർ എത്തി. കൃതി ഷെട്ടിയാണ് നായിക. ഒരു ആക്‌ഷൻ ഹീറോ എന്ന നിലയിലേക്ക് ചൈതന്യയുടെ സ്‌ക്രീൻ ഇമേജ് മാറുമെന്ന് ഉറപ്പുതരുന്ന ടീസറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. റൊമാന്റിക് കഥാപാത്രങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന നാഗ ചൈതന്യയുടെ വലിയൊരു തിരിച്ചുവരവ് കൂടിയായിരിക്കും ഈ ചിത്രം. അരവിന്ദ് സ്വാമിയാണ് വില്ലനായി എത്തുന്നത്.
ചിമ്പു നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം മാനാടിനു ശേഷം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണിത്. തമിഴ്-തെലുങ്ക് എന്നീ ഭാക്ഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ രചനയും വെങ്കട് തന്നെയാണ് നിർവഹിച്ചിരിക്കുന്നത്. തമിഴിൽ ചൈതന്യ ആദ്യമായി ഒരു മുഴുനീള വേഷം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിൽ കീർത്തി സുരേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇളയരാജയും യുവൻ ശങ്കർരാജയും ഒരുമിച്ച് സംഗീതം നിർവഹിക്കുന്ന ആദ്യ ചിത്രം കൂടിയാണ് കസ്റ്റഡി. ശ്രീനിവാസ സിൽവർ സ്‌ക്രീനിന്റെ ബാനറിൽ ശ്രീനിവാസ ചിറ്റൂരിയാണ് ഈ ചിത്രം നിർമിക്കുന്നത്. എസ്.ആർ. കതിർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് വെങ്കട്ട് രാജൻ നിർവഹിക്കുന്നു. മെയ് 12നാണ് ചിത്രത്തിന്റെ റിലീസ്.