ADVERTISEMENT

സിനിമയുടെ ദൈർഘ്യക്കൂടുതൽ മൂലം എഡിറ്റ് ചെയ്യപ്പെട്ടു പോയ കഥാപാത്രത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടി ദിവ്യ ഉഷ ഗോപിനാഥ്. രാജീവ് രവി ചിത്രം തുറമുഖത്തിലാണ് ദിവ്യ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചില സീനുകൾ നീക്കം ചെയ്യപ്പെട്ടത്. സിനിമയിൽ ഒരു മലപ്പുറംകാരിയുടെ വേഷമാണ് ദിവ്യ ചെയ്തത്. റിലീസ് ചെയ്ത സിനിമയുടെ പകർപ്പിൽ ആ കഥാപാത്രത്തിന്റെ വളരെ കുറച്ചു രംഗങ്ങളെ ഉൾപ്പെടുത്തിയിരുന്നുള്ളൂ. എന്തുകൊണ്ടാണ് വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സീനിൽ അഭിനയിക്കാൻ പോയതെന്ന പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഉത്തരമാണ് ദിവ്യയുടെ ഈ വാക്കുകൾ. എഡിറ്റ് ചെയ്യപ്പെട്ടു പോയ രംഗത്തിന്റെ ചിത്രങ്ങളും ദിവ്യ സമൂഹമാധ്യമത്തിൽ പങ്കു വച്ചിട്ടുണ്ട്. 

 

ദിവ്യയുടെ കുറിപ്പ് വായിക്കാം:

divya04

 

divya-2

‘‘ഒരഭിനേതാവിന്  സിനിമയ്ക്കു  മുൻപും പിൻപും ചെയ്ത കഥാപാത്രത്തിൽ നിന്ന് പഠിക്കാൻ ഉണ്ടെന്നാണ് എന്റെ മനസ്സിലാക്കൽ. സിനിമ റിലീസ് ആയതിനുശേഷം പ്രേക്ഷകരുടെ വീക്ഷണങ്ങളിൽ നിന്നും, അഭിപ്രായങ്ങളിൽ നിന്നും ഒരു അഭിനേതാവിന് ചെയ്ത കഥാപാത്രത്തെ കുറിച്ചുള്ള പ്രേക്ഷക വീക്ഷണം മുൻനിർത്തിയുള്ള ഒരു പഠനം സാധ്യമാകും.   ചില സാങ്കേതിക പ്രശ്നങ്ങൾ കൊണ്ട് തുറമുഖം എന്ന സിനിമയിൽ പ്രേക്ഷകർ ശ്രദ്ധിക്കുന്ന വിധം എന്റെ സീനുകൾ വന്നിട്ടില്ലെങ്കിലും. തുറമുഖം എന്ന സിനിമയുടെ പ്രോസസ്സിലൂടെ കടന്നുപോയ ഒരു അഭിനേത്രിക്ക് പഠിക്കാൻ ഒരുപാടുണ്ടായിരുന്നു. ഒരു അഭിനേതാവിന്റെ ജീവിതത്തിൽ ഒരുപാടുനാൾ എടുത്ത് മനസ്സിലാക്കാൻ പറ്റുന്ന പല അനുഭവവും തുറമുഖം ഒരു പെർഫോമർ എന്ന നിലക്ക് എനിക്ക് കിട്ടിയ ഒരു ഭാഗ്യമാണ്, അത്രയും വലിയ ക്യാൻവാസിൽ, ഓരോ ആക്ടർസിനും പ്രാധാന്യമുള്ള കഥാരംഗങ്ങളും, കഥാപാത്ര സൃഷ്ടിയുമാണ്  തുറമുഖത്തിലേത്.

divya-4

 

സ്റ്റേജിൽ നിന്ന് പെർഫോമൻസ് ചെയ്യുന്ന ഒരു അഭിനേതാവിന് സിനിമ എന്ന മാധ്യമത്തിലേക്ക് വരുമ്പോൾ.  അതായത് ഓഡിയൻസിന് വേണ്ടി പെർഫോം ചെയ്യുന്ന ആക്ടർ  ക്യാമറയ്ക്ക് വേണ്ടിയും, സംവിധായകൻ പറയുന്ന കട്ടിനും ആക്‌ഷനും ഇടയ്ക് പെർഫോം ചെയ്യുമ്പോൾ ആ മീഡിയത്തെ മനസ്സിലാക്കി ചെയ്യുമ്പോൾ ഉണ്ടാകുന്ന വ്യത്യാസം പഠിച്ച് വരുന്ന ഒരു  ഘട്ടത്തിലാണ് തുറമുഖം എന്ന സിനിമയിൽ മലപ്പുറംകാരി എന്ന, ഞാൻ ഇന്നേക്ക് ചെയ്തതിൽ വച്ച് എനിക്ക് ഒത്തിരി ശക്തമായി തോന്നിയ ഒരു കഥാപാത്രം  എന്നിലേക്ക് വരുന്നത്. ആ ക്യാരക്ടറിലൂടെയും, ഒരോ സീനുകളിലൂടെയും ഇൻവോൾവ് ചെയ്തും, ഇവോൾവ് ചെയ്തും  പോകുമ്പോൾ ആ കഥാപാത്രത്തോട്  ഒരുപാട് അടുപ്പം തോന്നിയിരുന്നു. സാധാരണ രീതിയിൽ നാടകം ചെയ്യുന്ന ഒരു ഒരു ഫീല്‍, സിനിമയുടെ കഥാപാത്രങ്ങൾ ചെയ്തു വരുമ്പോൾ എനിക്ക് ലഭിക്കാറില്ല, cut to action process ന്റെ ശീല കുറവുകൊണ്ടാകാം. പക്ഷേ മലപ്പുറംകാരിയിൽ ഞാൻ ആ ആസ്വാദനം കണ്ടെത്തുന്നുണ്ടായിരുന്നു. ക്യാമറയ്ക്കു വേണ്ടി പെർഫോം ചെയ്തതിനു ശേഷം, സിങ്ക് സൗണ്ട് , സൗണ്ട് ഡിപ്പാർട്ട്മെൻറ് വേണ്ടി വീണ്ടും ശബ്ദത്തിൽ ഞാൻ കഥാപാത്രത്തിന്റെ റിക്രിയേറ്റ് ചെയ്തിരുന്നു..അതെല്ലാം അഭിനേത്രി എന്ന നിലയിൽ  വലിയ പഠനമാണ്.  

 

സിനിമ ഇറങ്ങി ഇത്രയും ദിവസം കടന്നപ്പോൾ ഒരുപാട് പേർ മെസ്സേജ് അയച്ചു. എന്താണ് ഇത്രയും ചെറിയൊരു ക്യാരക്ടർ, വെറുതെ അങ്ങോട്ട് ഇങ്ങോട്ടും നടക്കുന്ന സീനുകൾ മാത്രം ചെയ്യതത് എന്ന്. മലപ്പുറംകാരി അതിനും അപ്പുറമായിരുന്നു എനിക്ക്. ഈ സിനിമയുടെ പ്രോസസാണ് എനിക്ക് അതിന് തരാനുള്ള മറുപടി. ഒരുപാട് പേർ ആഗ്രഹിക്കുന്ന  ഒരു സ്പേസിൽ, രാജീവേട്ടന്റെ ഫ്രെയിമിൽ,  പത്തിരുന്നുറോളം ആളുകളുള്ള സെറ്റിൽ, ഗോപൻ മാഷ് എഴുതി തയാറാക്കിയ മലപ്പുറംകാരിയെ ഞാൻ ഒരുപാട് ആസ്വദിച്ചു പെർഫോം ചെയ്ത്. സിനിമ ഇറങ്ങുമ്പോൾ എല്ലാവരും അത് കാണാൻ ഞാൻ കൊതിച്ചു, പക്ഷേ സിനിമയിലെ ദൈര്‍ഘ്യ പ്രശ്നങ്ങൾ കൊണ്ട് അതിൽ കുറച്ച് ഭാഗങ്ങൾ നിങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചില്ല.

 

തുറമുഖത്തിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സീൻ ഇതോടൊപ്പം ഞാൻ ചേർക്കുന്നു. ഫൊട്ടോഗ്രഫിയും ഒരു വിഷ്വൽ മാധ്യമമാണല്ലോ. തീർച്ചയായിട്ടും കഥാപാത്രത്തെ  കുറിച്ച് നിങ്ങൾ അഭിപ്രായം പറയുന്നത്  കേൾക്കാൻ പറ്റാത്തതിന്റെ എല്ലാ നിരാശയുമുണ്ട് എനിക്ക്. പക്ഷേ ചെറുതാണെങ്കിലും, വലുതാണെങ്കിലും തുറമുഖം എന്ന ചരിത്ര സിനിമയുടെ  ഭാഗമായതിൽ എനിക്കൊരുപാട് സന്തോഷം,അഭിമാനവും ഉണ്ട്. തുറമുഖം ഒരു ചരിത്രമാണ്, ഒരു നാടിന്റെ കഥ, ആ നാട്ടിലെ ആളുകളുടെ ജീവന്റെ കഥ. ഓരോ പ്രേക്ഷകർക്കും തിയേറ്ററിൽ കാണാൻ കഴിയുക അഭിനേതാക്കൾ അല്ല ജീവിതമാണ്.  ജീവിതം എപ്പോഴും സ്ലോ പേസിലായിരിക്കും. അതങ്ങനെ തന്നെ  ആസ്വദിക്കണം. തുറമുഖത്തെ എല്ലാവരെയും സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നു.  മലപ്പുറംകാരിയുടെ മനസ്സിന്റെ താളം തെറ്റിത്തുടങ്ങിയ ആ നിമിഷങ്ങൾ ഫോട്ടോയിലൂടെ പകർത്തിയ ജോജി ഏട്ടന് ഒരുപാട് സ്നേഹം.

 

സ്നേഹത്തോടെ

 

ദിവ്യാ ഉഷ ഗോപിനാഥ്’’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com