ADVERTISEMENT

കള്ള നോട്ട് നല്‍കി യുവാവ് പറ്റിച്ച സംഭവത്തില്‍ 93കാരിയായ ദേവയാനിയമ്മയ്ക്ക് സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ്. കോട്ടയം മുണ്ടക്കയം സ്വദേശി ലോട്ടറി വില്‍പനക്കാരിയായ ദേവയാനിയമ്മ കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് യുവാവിന്റെ തട്ടിപ്പിനിരയായത്.വാര്‍ത്ത പ്രചരിച്ചതോടെ ദേവയാനിയമ്മയ്ക്ക് സഹായമായി നിരവധിപേര്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തന്നെക്കൊണ്ടാകുന്നതുപോലെ അവര്‍ക്ക് ചെറിയ രീതിയില്‍ സഹായമെത്തിക്കാന്‍ കഴിഞ്ഞു എന്ന് കുറിച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ്, ദേവയായമ്മയ്ക്കൊപ്പമുള്ള വിഡിയോ പങ്കുവച്ചത്.

 

‘‘ഞാന്‍ കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ മുണ്ടക്കയം സന്ദര്‍ശിച്ചു. അവിടെ 93 വയസ്സായ ലോട്ടറി വില്‍പന നടത്തി ജീവിക്കുന്ന ഒരു അമ്മയെ നേരില്‍ പോയി കണ്ടു. അവരെ കള്ള നോട്ട് നല്‍കി ചിലര്‍ വഞ്ചിച്ച വാര്‍ത്ത അറിഞ്ഞാണ് പോയത്. കാര്യങ്ങള്‍ നേരില്‍ മനസിലാക്കുവാനും, ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാനും സാധിച്ചു.’’– വിഡിയോ പങ്കുവച്ചുകൊണ്ട് സന്തോഷ് കുറിച്ചു.

 

നിരവധി പേരുടെ സ്‌നേഹസഹായം എത്തിയതോടെ ദേവയാനിയമ്മ ലോട്ടറി കച്ചവടം വീണ്ടും ആരംഭിച്ചിട്ടുണ്ട്. വ്യാജ നോട്ട് നല്‍കി പറ്റിച്ച് നാലായിരം രൂപയുടെ ലോട്ടറിയാണ് യുവാവ് തട്ടിയെടുത്തത്. വിവിധ സ്ഥലങ്ങളിൽ ലോട്ടറി വിറ്റ് ജീവിക്കുന്ന ഇവർ എരുമേലിയിൽ നിന്നു കാഞ്ഞിരപ്പള്ളി ഭാഗത്തേക്കു നടന്നു വരുന്നതിനിടെയാണ് പറ്റിക്കപ്പെട്ടത്.

 

കാറിൽ എത്തിയ യുവാവു ലോട്ടറി ആവശ്യപ്പെട്ടു. മുഴുവൻ ലോട്ടറിയും എടുക്കാമെന്നു പറഞ്ഞ് 100 ടിക്കറ്റുകൾ വാങ്ങി 40 രൂപ വീതം 4000 രൂപ നൽകി. 2000 രൂപയുടെ 2 നോട്ടുകളാണു നൽകിയത്. തുടർന്നു മുണ്ടക്കയത്തിനു വരുന്നതിനായി ഇവർ ഓട്ടോയിൽ കയറി നോട്ട് കൊടുത്തപ്പോൾ പേപ്പറിൽ പ്രിന്റ് എടുത്ത കള്ള നോട്ടുകളാണെന്നു മനസ്സിലായത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com