ടെലിവിഷന്‍ ചരിത്രത്തില്‍ ചിരിയുടെ പുത്തന്‍ രൂപഭാവങ്ങള്‍ അവതരിപ്പിച്ച് മലയാളിയുടെ മനം കവര്‍ന്ന 'ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി' അഞ്ഞൂറിന്‍റെ വജ്രശോഭയില്‍. 500ന്‍റെ വിജയത്തിളക്കത്തില്‍ മലയാള സിനിമയിലെ ബഹുമുഖ പ്രതിഭ ശ്രീനിവാസനും നടന്‍ ജഗദീഷുമാണ് മുഖ്യാതിഥികളായെത്തുന്നത്. മാര്‍ച്ച് 23, 24 തിയതികളില്‍ മഴവില്‍ മനോരമയില്‍ രാത്രി 9:30ന് പരിപാടി സംപ്രേഷണം ചെയ്യും. പുതിയ ഉന്‍മേഷത്തോടെയെത്തിയ ശ്രീനിവാസനെ പരിപാടിയില്‍ കാണാം. ശ്രീനിവാസന്‍ എത്തുന്ന പരിപാടിയുടെ പ്രമോ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ജഗദീഷിന്റെ കോമഡി നമ്പറുകൾക്ക് രസകരായ കൗണ്ടർ അടിച്ച് വേദിയെ രസിപ്പിക്കുന്ന ശ്രീനിവാസനെയാണ് പ്രേക്ഷകർക്കു കാണാനാകുക. അസുഖത്തിന്റെ ക്ഷീണങ്ങളൊക്കെ മാറി ചുറുചുറുക്കോടെയുള്ള പഴയ ശ്രീനിവാസനെയാണ് ഇവിടെ കാണാനാകുന്നതെന്ന് പ്രേക്ഷകരും അഭിപ്രായപ്പെടുന്നു.
എത്രമാത്രം വിധികര്‍ത്താക്കളെ ചിരിപ്പിക്കുന്നു എന്നതനുസരിച്ചാണ് ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരിയുടെ സമ്മാനത്തുക. ഒറ്റയ്ക്കും ജോഡിയായും സമ്മാനം കൈക്കലാക്കിയ ധാരാളം മത്സരാര്‍ഥികള്‍ ഇതിനോടകം പരിപാടിയുടെ ഭാഗമായിട്ടുണ്ട്. ബമ്പറുകള്‍ മാത്രം കൊണ്ടുപോയവരുമേറെ. ഇത്തരത്തില്‍ മത്സരാര്‍ഥികള്‍ക്ക് സമ്മാനമായി കൊടുത്തുതീര്‍ത്തത് 4 കോടിയോളം രൂപയാണ് എന്നതും മറ്റൊരു പരിപാടിക്കും അവകാശപ്പെടാനാകാത്ത സവിശേഷത.
ചിരിത്താരങ്ങള്‍ക്ക് ആവേശവും ഉത്സാഹവുമേകുന്ന മഞ്ജുപിള്ളയും നസീര്‍ സംക്രാന്തിയും സാബുമോനും ഒപ്പം സമൂഹമാധ്യമങ്ങളിലെ വൈറല്‍ സ്റ്റാര്‍ കാര്‍ത്തിക് സൂര്യയും ഈ ചിരിയരങ്ങിന്‍റെ വിജയത്തിന് കാരണമാണ്. പരിപാടിക്ക് അതിഥികളായി വരുന്ന സിനിമാ രംഗത്തെ ഹാസ്യതാരങ്ങളും ബമ്പര്‍ ചിരിക്ക് പുതിയ മുഖം സമ്മാനിച്ചു. 500ന്‍റെ മികവിലും ചിരിപ്പൂരം തുടരുകയാണ് മഴവില്‍ മനോരമയില്‍.