സൂര്യയെ നായകനാക്കി സുധ കൊങ്കര ഒരുക്കിയ തമിഴ് ചിത്രം 'സൂരറൈ പോട്രി'ന്‍റെ ബോളിവുഡ് റീമേക്ക് റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 1ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. അക്ഷയ് കുമാർ നായകനായി എത്തുന്ന ചിത്രം സുധ കൊങ്കര തന്നെയാണ് ബോളിവുഡിലും സംവിധാനം ചെയ്യുന്നത്. അപർണ ബാലമുരളി അവതരിപ്പിച്ച ബൊമ്മിയായി രാധിക മധൻ എത്തുന്നു. സൂര്യയുടെ നിർമാണക്കമ്പനിയായ 2 ഡി എന്റർടെയ്ൻമെന്റ്സും വിക്രം മൽഹോത്ര എന്റർടെയ്ൻമെന്റും ചേർന്നാണ് നിർമാണം.
ചുരുങ്ങിയ ചിലവിൽ സാധാരണക്കാർക്കു കൂടി യാത്രചെയ്യാൻ കഴിയുന്ന എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു സൂരരൈ പോട്ര്. 68ാമത് ദേശീയ ഫിലിം അവാർഡിൽ അഞ്ച് പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്.
അതേസമയം, അക്ഷയ് കുമാർ നായകനായി എത്തിയ 'സെൽഫി' എന്ന ചിത്രം ബോക്സ്ഓഫിസിൽ വൻ പരാജയമാണ് നേരിട്ടത്. പൃഥ്വിരാജ് നായകനായി എത്തിയ 'ഡ്രൈവിങ് ലൈസൻസി'ന്റെ ഹിന്ദി റീമേക്ക് ആയിരുന്നു 'സെൽഫി'. നാല് തെന്നിന്ത്യന്‍ ചിത്രങ്ങളുടെ റീമേക്കുകളിലാണ് 2020ന് ശേഷം അക്ഷയ് കുമാര്‍ അഭിനയിച്ചത്.