പ്രണവ് അഭിനയിക്കുന്നു, ടേക്ക് എടുത്ത് മോഹൻലാൽ; ‘ബറോസ്’ വൈറൽ വിഡിയോ
Mail This Article
മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റമായ ബറോസില്‍ പ്രണവ് മോഹന്‍ലാലിനും പങ്കാളിത്തമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. മുൻപ് സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള പ്രണവ് ബറോസിലും ഇതേ ഡയറക്‌ഷൻ ടീമിനൊപ്പമാണോ എന്നായിരുന്നു ആരാധകരുടെ സംശയം. ഇപ്പോഴിതാ ബറോസ് ലൊക്കേഷനിലേതെന്ന് കരുതപ്പെടുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ക്യാമറയ്ക്ക് മുന്നില്‍ പ്രണവിന് നിര്‍ദേശങ്ങള്‍ നല്‍കുന്ന മോഹന്‍ലാലിനെ വിഡിയോയിൽ കാണാം.
പടിക്കെട്ടുകള്‍ ഇറങ്ങിവരുന്ന പ്രണവിനോട് ആ സീനിനെക്കുറിച്ച് വിശദീകരിക്കുകയാണ് മോഹന്‍ലാല്‍. ടി.കെ. രാജീവ് കുമാറും സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസനയെയും അരികിൽ കാണാം. വിഡിയോയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നേരത്തെ ബറോസ് സിനിമയുടെ പാക്കപ്പ് വിവരം അറിയിച്ച് മോഹൻലാൽ പങ്കുവച്ച ഫോട്ടോയിലും പ്രണവ് ഉൾപ്പെട്ടിരുന്നു.
ത്രിഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചാണ് മോഹൻലാൽ ചിത്രം ഒരുക്കുന്നത്. മൈ ഡിയർ കുട്ടിച്ചാത്തനിലും മറ്റും പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക് ഈ ചിത്രത്തിലും ഉപയോഗിക്കുന്നുണ്ട്. കുട്ടിച്ചാത്തനിലെ ‘ആലിപ്പഴം പെറുക്കാൻ’ എന്ന ഗാനത്തിലാണ് ഈ വിദ്യ മലയാളത്തിൽ ആദ്യം പരീക്ഷിച്ചത്.
‘‘ഒരു ത്രീഡി ചിത്രമാണ് ബറോസ്. ഇന്റർനാഷനൽ പ്ലാറ്റ്ഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിനു വേണ്ടിയുള്ള നിങ്ങളുടെ പ്രാർഥന ഞങ്ങൾക്ക് വേണം. വ്യത്യസ്തമായ സിനിമയായിരിക്കും ബറോസ്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായാണ് ഈ ചിത്രം ഞാൻ ഇറക്കുന്നത്.’’–മോഹൻലാൽ ചിത്രത്തെക്കുറിച്ച് പറഞ്ഞിതങ്ങനെ.
ചിത്രത്തിൽ അദ്ദേഹത്തിന് രണ്ടു ഗെറ്റപ്പുകളുണ്ട്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറു വര്‍ഷമായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാർഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌ഷൻ ഡിസൈനർ സന്തോഷ് രാമൻ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.