സ്വയം ഇല്ലാതായിപോയ അവസ്ഥയാണ് ഇന്നസന്റിന്റെ മരണവാർത്ത കേട്ടപ്പോൾ ഉണ്ടായതെന്ന് നടൻ സായ്‌കുമാർ. സായ്കുമാർ ആദ്യമായി അഭിനയിച്ച ‘റാംജി റാവു സ്പീക്കിങ്’ എന്ന ചിത്രത്തിലെ മത്തായി എന്ന കഥാപാത്രം ഇന്നസന്റിന്റെ എക്കാലത്തെയും ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. ഒന്നുമറിയാതെ ക്യാമറയ്ക്കു മുന്നിൽ നിന്ന തനിക്ക് മാർഗനിർദേശം നൽകിയ അദ്ദേഹം ജീവിതത്തിലുടനീളം വഴികാട്ടിയായിരുന്നെന്നും ഇനി അദ്ദേഹം ഇല്ല എന്ന തിരിച്ചറിവ് ഒരു ശൂന്യതയാണ് സൃഷ്ടിക്കുന്നതെന്നും സായ്കുമാർ പറഞ്ഞു. ഇന്നസന്റിന്റെ വേർപാടിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു സായികുമാർ.
‘‘ഞാൻ ഇല്ലാതെ പോയതുപോലെയാണ് എനിക്ക് തോന്നുന്നത്. എന്റെ ആദ്യസിനിമയായ ‘റാംജി റാവു സ്പീക്കിങ്ങി’ൽ അഭിനയിക്കുമ്പോൾ എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നറിയാതെ നിന്ന എനിക്ക് മാർഗ നിർദേശം നൽകി കൂടെ നിന്ന ആളാണ് ഇന്നസന്റ് ചേട്ടൻ. അദ്ദേഹവുമായുള്ള ബന്ധം വാക്കുകളിൽ കൂടി പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. ഏതു സമയത്തും എന്ത് വിഷയം വിളിച്ചു ചോദിച്ചാലും അതിനു മറുപടി ഉണ്ടാകും. അദ്ദേഹത്തെപ്പോലെ ഒരാൾ വല്ലപ്പോഴും മാത്രം ഉണ്ടാകുന്ന അപൂർവ ജന്മമാണ്. എന്റെ എല്ലാമായിരുന്നു അദ്ദേഹം. കരിയറിലോ ജീവിതത്തിലോ എന്ത് സംഭവിച്ചാലും അദ്ദേഹത്തെ വിളിച്ചു ചോദിച്ചാൽ "നീ ഇങ്ങനെ പോയാൽ മതി" എന്ന് വ്യക്തമായ മറുപടി ഉണ്ടാകും അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടു കഴിഞ്ഞാൽ നമ്മൾ അത് അനുസരിച്ചുപോകും.
'അമ്മ' സംഘടനയിൽ ഇത്രയും വർഷം പ്രസിഡന്റായിരുന്ന അദ്ദേഹം വേണ്ടുന്നിടത്ത് വേണ്ടുന്നത് മാത്രം സംസാരിക്കുന്ന നല്ലൊരു മനുഷ്യനായിരുന്നു. കപടതയോ അസൂയയോ ഇല്ലാത്ത തെറ്റ് ചൂണ്ടികാട്ടാനുള്ള ആർജവമുള്ള അദ്ദേഹം ഇനിയില്ല എന്നറിയുമ്പോൾ നമ്മുടെ മുന്നിൽ ഒരു ശൂന്യതയാണ്. ആലീസ് ചേച്ചിയും മക്കളും ഇത് എങ്ങനെ ഉൾക്കൊള്ളും എന്നതാണ് എന്റെ ഏറ്റവും വലിയ സങ്കടം. ജനിച്ചു കഴിഞ്ഞാൽ മരണത്തിലേക്കുള്ള യാത്രയ്ക്കിടെയുള്ള ചെറിയ ജീവിതത്തിലാണ് നമ്മൾ ഇങ്ങനെ കഷ്ടപ്പെടുന്നത്. മരണം സത്യമാണ് അത് അംഗീകരിച്ചേ മതിയാകൂ, സിനിമ എന്ന മാധ്യമമുള്ളതുകൊണ്ടു ഏതു സമയത്തും അദ്ദേഹത്തെ കാണാം അദ്ദേഹം പറയുന്ന തമാശ കേട്ട് ചിരിക്കാൻ പറ്റും എന്നൊരു സമാധാനമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് മനശ്ശാന്തി ഉണ്ടാകട്ടെ അതുപോലെ അദ്ദേഹത്തിന്റെ ആത്മാവ് കർത്താവിന്റെ വലതുഭാഗത്ത് തന്നെ ഇരിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു.’’– സായ്കുമാർ പറയുന്നു.