മലയാള സിനിമയുടെ ചിരിപ്രസാദം ഇന്നസന്റ് അന്ത്യയാത്രയ്‌ക്കൊരുങ്ങുമ്പോൾ അവസാനമായി കയ്യിൽ കുരിശ് പിടിപ്പിച്ചുകൊടുക്കാൻ ദൈവം കൃപചൊരിഞ്ഞുവെന്ന് നിർമാതാവ് ഔസേപ്പച്ചൻ. റാംജി റാവു സ്പീക്കിങ് എന്ന ചിത്രം നിർമിച്ചത് ഔസേപ്പച്ചനും കൂടിചേർന്നായിരിക്കുന്നു. ഔസേപ്പച്ചൻ എഴുതിയ "ഞാനും നിങ്ങളറിഞ്ഞവരും" എന്ന പുസ്തകത്തിന് അവതാരിക എഴുതിയതും ഇന്നസന്റ് ആയിരുന്നു എന്ന് ഔസേപ്പച്ചൻ പറയുന്നു. ഒരു നിയോഗം പോലെയാണ് അദേഹത്തിന് കുരിശ് നൽകി യാത്രയാക്കാനുള്ള അവസരമുണ്ടായതെന്ന് ഔസേപ്പച്ചൻ മനോരമ ഓൺലൈനിനോട് പറഞ്ഞു.
‘‘ഞാനും ഫാസിലുമൊക്കെ ചേർന്ന് എടുത്ത റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിൽ മാന്നാർ മത്തായി ആയി ഇന്നസന്റ് ചേട്ടൻ അവിസ്മരണീയമായ അഭിനയമാണ് കാഴ്ചവച്ചത്. അന്നുമുതൽ തുടങ്ങിയ ആത്മബന്ധമാണ് അദേഹവുമായിട്ടുള്ളത്. "ഞാനും നിങ്ങളറിഞ്ഞവരും" എന്ന ഞാൻ എഴുതിയ ആദ്യ പുസ്തകത്തിന് അവതാരിക എഴുതിയത് ഇന്നസന്റ് ചേട്ടനാണ്. ഞാൻ ആവശ്യപ്പെട്ട കാര്യം വളരെ സ്നേഹത്തോടെ അദ്ദേഹം ഏറ്റെടുത്തു. മൂന്നു പേജുള്ള അതിമനോഹരമായ ഒരു ഓർമക്കുറിപ്പ് ആയിരുന്നു അത്. അതിൽ അദ്ദേഹം അഭിനയിക്കുമ്പോഴുള്ള ചില കാര്യങ്ങളൊക്കെ ഓർത്ത് എഴുതിയിട്ടുണ്ട്. അന്ന് അദ്ദേഹത്തിന് പതിനയ്യായിരം രൂപയാണ് പ്രതിഫലം.
എന്റെ പ്രൊഡക്‌ഷൻ എക്സികുട്ടീവ് ആയിരുന്ന സൗബിന്റെ ബാപ്പ ബാബു ഷാഹിർ ആണ് ആ തുക അദ്ദേഹത്തിന് നൽകിയത്. അന്ന് പതിനയ്യായിരം പറഞ്ഞുറപ്പിച്ചിട്ട് 20000 രൂപ ഞങ്ങൾ കൊടുത്തു എന്നും ജീവിതത്തിൽ ഇന്നുവരെ അങ്ങനെ ഒരു സംഭവം ആരും ചെയ്‌തിട്ടില്ലെന്നും അദ്ദേഹം എഴുതി. ഇക്കാര്യം വളരെ വ്യക്തമായി ഓർത്തുവച്ച് അദ്ദേഹം അവതാരികയിൽ എഴുതിയത് എനിക്ക് ഭയങ്കര അതിശയമായി. ഒരു വർഷം മുൻപ് ഞാൻ എഴുതിയ പുസ്തകമാണ് അത് അന്ന് അദ്ദേഹത്തെ കാണാൻ വീട്ടിൽ ചെല്ലുമ്പോഴേ അദ്ദേഹം വളരെ ക്ഷീണിതനായിരുന്നു.
അദ്ദേഹത്തിന് ഗുരുതരമാണെന്ന് അറിഞ്ഞ നിമിഷം മുതൽ ആശുപത്രിയിൽ ഞാൻ ഉണ്ടായിരുന്നു. മരണം സംഭവിച്ചതിനു ശേഷം രാത്രി ഏറെ വൈകി ആണ് വീട്ടിൽ പോയത്. ഇന്ന് അതിരാവിലെ വീണ്ടും ഞാൻ ആശുപത്രിയിൽ എത്തി. അപ്പോൾ അദ്ദേഹത്തിന് അവസാനമായി മേക്കപ്പ് ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ കയ്യിൽ പിടിപ്പിച്ചു കൊടുക്കാനുള്ള കുരിശ് ആരോ അവിടെ എത്തിച്ചിരുന്നു അത് ചെയ്തുകൊടുക്കാനുള്ള ഭാഗ്യം ദൈവം എനിക്കാണ് തന്നത്. നടന്മാരായ ബാബുരാജ്, സിദ്ദീഖ്, ബാദുഷ തുടങ്ങിയവരും അവിടെ ഉണ്ടായിരുന്നു. മേക്കപ്പ് പൂർത്തിയാക്കി സുന്ദരനായി ചമയങ്ങളും നാട്യങ്ങളുമില്ലാത്ത ലോകത്തേക്ക് അദ്ദേഹം യാത്രയായി’’.–ഔസേപ്പച്ചൻ പറഞ്ഞു.