ADVERTISEMENT

ഒരാളെക്കുറിച്ചു പറയുമ്പോൾ അയാളെ എപ്പോഴാണ് ആദ്യം കണ്ടതെന്ന് ഓർക്കും. എന്നാൽ ഇന്നസന്റിനെ എപ്പോഴാണു കണ്ടതെന്ന് ഓർമയില്ല. ചേട്ടൻ എന്നാണു വിളിച്ചിരുന്നത്. നമ്മുടെ ചേട്ടനെ എപ്പോഴാണ് കണ്ടതെന്ന് ഓർക്കാറില്ലല്ലോ. 

 

മിക്ക ദിവസവും വിളിക്കും. അതെല്ലാം അവസാനിക്കുന്നതു ചിരിയിലാണ്. മിക്കപ്പോഴും ഞാൻ നിൽക്കുന്ന സ്ഥലത്ത് ഉറക്കെ ചിരിക്കാനാകാത്ത അവസ്ഥ വരുമ്പോൾ ഫോൺ വയ്ക്കാൻ പറയും.

ഞങ്ങൾ പറയാറുണ്ട് ഒരു അപകടത്തിൽ ചേട്ടന്റെ തലച്ചോറിലെ കുറെ ദ്രാവകം നഷ്ടമായി. അതുകൂടി ഉണ്ടായിരുന്നുവെങ്കിൽ എന്തായിരുന്നു അവസ്ഥയെന്ന്. എന്റെ കുടുംബത്തിലെ ഓരോ കാര്യത്തിലും ഇന്നസന്റുണ്ടായിരുന്നു. വേദനകളുടെ കാലത്ത് അദ്ദേഹം ചേർത്തു പിടിച്ചു നിർത്തി. എന്നെ ഒരാളും അതുപോലെ ചേർത്തു നിർത്തിയിട്ടില്ല. ഒരു ഫോൺ വിളികൊണ്ടുപോലും സമാധാനിപ്പിക്കാൻ അദ്ദേഹത്തിനാകും.‘പറഞ്ഞതു കേൾക്ക്’ എന്നാണു പറയാറ്. അതിനപ്പുറത്തേക്കു ഞാനൊരിക്കലും പോയിട്ടില്ല. സംഘടനയിലായാലും വ്യക്തിജീവിതത്തിലായാലും ആ വാക്കിനപ്പുറം എനിക്കു വാക്കുണ്ടായിരുന്നില്ല. 

 

ചേട്ടൻ ഓരോ സെറ്റും ഒരു വീടാക്കി മാറ്റി. ചേട്ടന്റെ വേഷം കഴിഞ്ഞിട്ടുപോലും എത്രയോ തവണ ഞാൻ പിടിച്ചു നിർത്തിയിട്ടുണ്ട്. അത്രയ്ക്കും എനിക്ക് ചേട്ടനെ വേണമായിരുന്നു. അബോധാവസ്ഥയിലേക്കു പോകുന്നതിനു തൊട്ടു മുൻപുള്ള ദിവസവും സംസാരിച്ചു. ശബ്ദം വളരെ ക്ഷീണിച്ചിരുന്നു. ഒന്നും പറയാനാകാത്ത അവസ്ഥ. ചുറ്റുപാടും ആരെല്ലാമോ ഉണ്ടായിരുന്നു. അപ്പോഴും എന്തോ തമാശയാണു പറഞ്ഞു തുടങ്ങിയത്. എനിക്കതു പൂർണമായും കേൾക്കാനായെന്നു തോന്നുന്നില്ല. 

 

തല ഉയർത്തിനിന്നാണു ചേട്ടൻ യാത്രയായിരിക്കുന്നത്. സിനിമയിൽ, രാഷ്ട്രീയത്തിൽ, വ്യക്തി ജീവിതത്തിൽ... അദ്ദേഹം മോഹിച്ചതെല്ലാം നേടി. ഇത്രയും മോഹിച്ചതു നേടിയ ആരുണ്ടാകാനാണ്?. പ്രൗഡഗംഭീരമായ ജീവിതവും യാത്രയുമായിരുന്നു ചേട്ടന്റേത്.ഇന്നസന്റ് എന്ന പേര് ചേട്ടനല്ലാതെ മറ്റാർക്കും ചേരില്ലെന്നു തോന്നിയിട്ടുണ്ട്. എന്തു പറഞ്ഞും പറ്റിക്കാമായിരുന്നു. ശബ്ദം മാറ്റി വിളിച്ചും അല്ലാതെയുമെല്ലാം എത്രയോ തവണ പറ്റിച്ചിട്ടുണ്ട്. എന്നെയും കഥകളിലൂടെ പറ്റിച്ചിട്ടുണ്ട്.

 

എന്താ പറയേണ്ടത് എന്റെ ഇന്നസന്റ് ... ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിന്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല. പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എന്റെ ഇന്നസന്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണും..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com