മത്തായിച്ചനെ അവസാനമായി കാണാൻ ബാലകൃഷ്ണനെത്തി; വേദനയോടെ സായികുമാർ
Mail This Article
മത്തായിച്ചനെ അവസാനമായി ഒരുനോക്ക് കാണാൻ ബാലകൃഷ്ണൻ എത്തിയത് ബിന്ദു പണിക്കരുടെ കൈ പിടിച്ച്. സായികുമാർ ആദ്യമായി അഭിനയിച്ച റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലെ മാന്നാർ മത്തായി ഇന്നസെന്റിന്റെ അഭിനയ ജീവിതത്തിൽ നാഴികക്കല്ലായ കഥാപാത്രമാണ്. ഇന്നസന്റും സായി കുമാറും മാന്നാർ മത്തായിയും ബാലകൃഷ്ണനുമായപ്പോൾ പാര വയ്ക്കാനും പണി കൊടുക്കാനും ഗോപാലകൃഷ്ണനായി മുകേഷുമെത്തി. മൂവരും ചേർന്ന് നിറചിരിയുടെ ഒരു സംസ്കാരത്തിനു തന്നെയാണ് വെള്ളിത്തിരയിൽ തുടക്കം കുറിച്ചത്. റാംജി റാവുവിനെ പിന്തുടർന്ന് മാന്നാർ മത്തായി എന്ന പേരിൽ തന്നെ എത്തിയ രണ്ടാംഭാഗവും മലയാളികളെ പൊട്ടിച്ചിരിപ്പിച്ചു. അവിടുന്നിങ്ങോട്ട് സായികുമാർ എന്ന നടന്റെ ജീവിതത്തിൽ അവിഭാജ്യ ഘടകം തന്നെയാകുകയായിരുന്നു ഇന്നസന്റ്.
ഏറെ പ്രിയങ്കരനായ ഇന്നസെന്റിന്റെ മരണവാർത്തയറിഞ്ഞ് ഇന്നലെത്തന്നെ സായി കുമാർ കൊച്ചി ലേക്‌ഷോർ ആശുപത്രിയിലെത്തിയിരുന്നു. സ്വയം ഇല്ലാതായിപോയ അവസ്ഥയാണ് ഇന്നസന്റിന്റെ മരണവാർത്ത കേട്ടപ്പോൾ തോന്നിയതെന്നും ഒന്നുമറിയാതെ ക്യാമറയ്ക്കു മുന്നിൽ നിന്ന തനിക്ക് മാർഗനിർദേശം നൽകിയ അദ്ദേഹം ജീവിതത്തിലുടനീളം തന്റെ വഴികാട്ടിയായിരുന്നെന്നും സായികുമാർ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു.
കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ അദ്ദേഹത്തെ അവസാനമായി കാണാൻ സായികുമാർ എത്തിയത് ജീവിതസഖിയായ ബിന്ദുപണിക്കാരോടൊപ്പമാണ്. ജ്യേഷ്ഠതുല്യനായ പ്രിയസുഹൃത്തിന്റെ വിയോഗമറിഞ്ഞ തളർച്ച കൊണ്ടോ എന്തോ സായികുമാറിന്റെ ചുവടുകൾ ഇടറുന്നുണ്ടായിരുന്നു. ദുഃഖം ഘനീഭവിച്ച മുഖത്തോടെ ബിന്ദുവിന്റെ തോളിൽ കൈ താങ്ങി മത്തായിച്ചനു മുന്നിൽ പ്രിയപ്പെട്ട ബാലകൃഷ്‌ണൻ നിന്നു.